അഗ്നി
(By Rema Prasanna Pisharody)
(2013ലെ കൈരളി കവിതാ പുരസ്കാരം ലഭിച്ച കവിത)
(ഋഗ്വേദത്തിലെ ആദ്യത്തെ വാക്കാണു അഗ്നി.
“അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം । ഹോതാരം രത്നധാതമമം”.
പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും അഗ്രണിയായ
നായകനും കാരണഭൂതനും മഹാദാനിയും രത്നഖചിതനുമായ അഗ്നി ഞാൻ സ്തുതി ചെയ്യുന്നു.)
അഗ്നിയുടെ
വിവിധരൂപഭാവങ്ങളിലുണരുന്ന കവിത.
അറിവിന്റെ ഋഗ്വേദവാക്യങ്ങളിൽ നിന്നുമെഴുതിത്തുടങ്ങുന്നൊരഗ്നി
അരണിയിലുണർന്നാദിമന്ത്രമായ് പൂർവാഹ്ന നിറദീപമാകുന്നൊരഗ്നി.
കൃതയോഗികൾ വേദഭാഗങ്ങളേകുന്ന ഹവനഭാവത്തിലെ അഗ്നി
നിടിലത്തിലാകെ തണുക്കും വിഭൂതിയിൽ ശിവനുറക്കും കണ്ണിലഗ്നി
അരികിലൊരു ത്രേതായുഗത്തിന്റെ ഹോമാഗ്നിയതിലൊഴുകി നീങ്ങുന്നൊരഗ്നി
ജ്വലനകുണ്ഡത്തിലായ് ജാഹ്നവിയ്ക്കെഴുതുവാൻ
കവിതയായ് മാറിയോരഗ്നി
മനസ്സിലെ വിശ്വരൂപത്തിന്റെ വിരലിലായ്തിരിയുന്ന ചക്രത്തിലഗ്നി
ഒരു ദ്വാപരത്തിന്റെയോടക്കുഴൽനാദമതിലലിഞ്ഞുറയുന്നൊരഗ്നി
അരികിലെ ഖാണ്ഡവവനങ്ങൾ നുകർന്നതിൽ അയനം നടത്തുന്നൊരഗ്നി
ഒടുവിൽ കുരുക്ഷത്രഭൂവിന്റെ തേരിലായ്ഖാണ്ഡീവമാകുന്നൊരഗ്നി
കലിസംഖ്യയെണ്ണി കറുപ്പാർന്ന ശോകത്തിനരികിൽ പ്രകാശമായഗ്നി
ഒരനാളകന്നുതീരും ജീവഭാവത്തിനിതളിൽചലിക്കുന്നൊരഗ്നി
ഒരനാളകന്നുതീരും ജീവഭാവത്തിനിതളിൽചലിക്കുന്നൊരഗ്നി
കറുകകൾക്കുള്ളിലെ ബാഷ്പം നുകർന്നേറിയരികിൽ ജ്വലിക്കുന്നൊരഗ്നി
വിരലിൽ തണുക്കുന്ന മൺചിരാതിൽ നൃത്തമാടുന്നൊരഗ്നി
കനലെരിഞ്ഞാളിചിതത്തീയിൽ മദ്ധ്യാഹ്നമുലയുന്നൊരഗ്നി
അപരാഹ്നഭാവത്തിലൊരു മുനമ്പിൽതട്ടിയുടയുന്നൊരഗ്നി
നിറുകയിൽ തീതൂവിയസ്തമയം മാഞ്ഞ വഴിയിൽ തണുക്കുന്നൊരഗ്നി
അരികിൽ ത്രിസന്ധ്യാവിളക്കിൽനിന്നൂറുന്നൊരറിവിന്റെ വേദമാമഗ്നി
മിഴിയിൽ വിളക്കേറ്റിയാർഷസങ്കല്പത്തിനരികിൽ പ്രകാശമായഗ്നി
മഴപെയ്തു തോർന്നോരു യുദ്ധഭൂവിൽ ശാന്തിഹോമങ്ങൾ ചെയ്യുന്നൊരഗ്നി
അരികിൽ പ്രപഞ്ചമാം ദീപസ്തംഭത്തിലായ് തിരിവച്ചു നീങ്ങുന്നൊരഗ്നി
മിഴിയിലായതിരാത്രമെല്ലാം കഴിഞ്ഞനാൾ അഗ്നിഹോത്രം ചെയ്തൊരഗ്നി.
വിസ്മയത്തുടിപ്പുകൾ
(2014ലെ കൈരളി കവിതാ പുരസ്കാരം ലഭിച്ച കവിത)
(വിശ്വപ്രപഞ്ചത്തിലെ ജീവജ്യോതിസ്സുള്ള ഒരേ ഒരു ഗ്രഹം ഭൂമിയാണ്. മറ്റ് ഗ്രഹങ്ങളിൽ ജീവസപ്ന്ദം
തേടി ശാസ്ത്രം പ്രയത്നിക്കുമ്പോഴും ഭൂമിയുടെ മനോഹാരിത ഒരു വിസ്മയമായ് അനുഭവപ്പെടുന്നു.
ഭൂപ്രഞ്ചത്തിലൂടെ വിസ്മയഭാവുമായ് നീങ്ങും സങ്കല്പങ്ങൾക്കൊടുവിൽ വിശ്വപ്രപഞ്ചമോ, കവിതയോ ഏറ്റവും വലിയ വിസ്മയമെന്ന
ഒരവസ്ഥാവിശേഷം അനുഭവപ്പെടുന്ന കാവ്യഭാവമാണ് ഈ കവിതയിൽ നിറയുന്നത്.)
അരികിൽ സ്പന്ദിക്കുന്ന ഭൂമി! നീ വിശ്വത്തിൽ
നിന്നുണർന്നൊരാദ്യത്ഭുതം, പ്രഭാതങ്ങളിൽ
മിഴിക്കോണിലായ് വിടർന്നേറിയിലച്ചീന്തിലെ
പൂക്കാലത്തിന്റെ
സുഗന്ധമായ്,
പ്രപഞ്ചലയത്തിന്റെ ശംഖനാദത്തിൽ
നിന്നുമുണർന്നു വരുന്നൊരു
മന്ത്രവിസ്മയസ്വരം.
ഒഴുകും
സമുദ്രമേയതിഗൂഢമാം
രത്നഖചിതഖനികളിൽ നീയൊരത്ഭുതം
മൊഴിയെഴുതി നിറച്ചേറിയരികിൽ
സ്വപ്നങ്ങളിലുണരും
മനോഹരഭാവമേ!
ഭൂകർണ്ണത്തിനിതളിൽ കടൽത്തീരമാകുന്ന ലോകത്തിന്റെ അനന്തഭാവങ്ങളിലെത്രയാണുർവുകൾ…
സ്മൃതിയിൽ തുളുമ്പുന്ന തീർഥപാത്രങ്ങൾക്കുള്ളിൽ
മഴത്തുള്ളികളിറ്റുവീഴുന്ന പൂർവാഹ്നത്തിൽ
ഋതുക്കൾ നടന്നുനീങ്ങീടുന്ന ഭൂമണ്ഡപത്തുരുത്തിൽ
സങ്കീർത്തനമെഴുതും ദിഗന്തവും,
അതിരുതിരിച്ചാദിമന്ത്രങ്ങൾ പോലെ തീരമൊഴുക്കും
ശംഖിന്നുള്ളിലൊതുങ്ങും മൺ ചിറ്റുപോൽ
എത്ര രാജ്യങ്ങൾ, പലേ ദേശഗാനങ്ങൾ,
ഹൃത്തിലത്ഭുതം വളർത്തുന്നോരക്ഷരങ്ങളും
പിന്നെയത്രയും പതാകകൾ, ഭൂപടചിത്രങ്ങളും,
തത്വശാസ്ത്രങ്ങൾ ഭാഗിച്ചൊഴുകും മതങ്ങളും
ദിക്കുകൾ തിരിക്കുന്ന പ്രാർഥനാലയങ്ങളും,
എത്രയോ സങ്കല്പങ്ങൾ, ശിലാരൂപങ്ങൾ
നിത്യസത്യങ്ങൾ പോലെ മിന്നും ലോകവിസ്മയങ്ങളും
ദീപുകൾ, മഹാദ്വീപസഞ്ചയം, തീർഥസ്നാന-
ഭാവത്തിലൊഴുകുന്ന മഹായാനങ്ങൾ
പലേ കാലവും കടന്നോരു പ്രപഞ്ചം സ്പന്ദിക്കുന്ന
ജീവന്റെയാരൂഢത്തിലൊഴുകും പീയുഷവും..
മന്തമായ് സ്പന്ദിക്കുന്ന പ്രകൃതിസ്പർശം മുന്നിൽ
യന്ത്രമോഹത്തിൽ
ചുറ്റിയെത്ര പേടകങ്ങളും
വ്യോമനൗകകൾ, മുകിലേറിയാകാശത്തിന്റെ
ഗാനങ്ങളതിൽ തട്ടിയടരും സ്വരങ്ങളും
വളർന്നേറുന്ന ഗ്രഹചിത്രങ്ങൾ, ചന്ദ്രായനമൊരു
കാലത്തിന്നഗ്നിയുലഞ്ഞ
നടുക്കങ്ങൾ,
തിരിയും മംഗൾയാനമതിന്റെയിതളിലായ്
പ്രപഞ്ചലയത്തിന്റെയനന്യസ്പർശങ്ങളോ?
അറിവിനുഷസ്സുകൾ പൂജചെയ്യുമ്പോൾ
രുദ്രമിഴിയിൽ രുദ്രാക്ഷങ്ങൾ കണ്ണുനീർ തൂവീടുമ്പോൾ
അഭിഷേകപാത്രത്തിനൊരു കോണിലായേറും
പ്രശാന്തിമന്ത്രങ്ങളുമൊരു വിസ്മയം
ശാന്തിവനങ്ങൾ പോലെ
വാനപ്രസ്ഥസർഗങ്ങൾ
മഹായാത്രയിൽ കാണാമെത്ര
ഭാരതകാവ്യങ്ങളും.
മനസ്സിലെഴുതുന്ന കലാലയങ്ങൾ തക്ഷശിലയും
നളന്ദയുമാർഷ
വിസ്മയം, തീർഥഗമനം
ചെയ്യും
സന്ധ്യാവിളക്കിൽ നിന്നും വിശ്വസാക്ഷ്യങ്ങൾ
കണ്ടീടുന്ന ദിനാന്ത്യക്കുറിപ്പുപോൽ
സഹസ്രസങ്കല്പമായ് ബൃഹദേശ്വരം
വജ്രത്തിളക്കം സൂക്ഷിക്കുന്ന
മുനമ്പിൻ ത്രിസന്ധ്യയും
നിറയും മന്ത്രങ്ങൾ തൻ കനലിൽ, ഹോമാഗ്നിയിൽ
ഉണരും മൃത്യുഞ്ജയമന്ത്രവുമൊരത്ഭുതം
സ്മൃതിയിൽ ദീപാന്വിതമാർഷസങ്കല്പം
സ്നേഹസമത്വഭാവങ്ങൾ തൻ പുരാണചിത്രങ്ങളും..
സ്വതന്ത്രഭൂവിൻ മണൽത്തരികൾ സ്മരിക്കുന്ന
ഒരു സംസ്കൃതിയുടെ സിന്ധുതീരങ്ങൾ, മൊഴിയുലഞ്ഞ
തീവ്രസ്വരശൈലശൃംഗങ്ങൾ പിന്നെയെഴുതാനിരുന്നൊരു
വിധിരേഖകൾ, മിഴിയ്ക്കഴകായുണരുന്ന ഹരിതപ്രപഞ്ചവും
ഏകതന്ത്രികൾകൾക്കുള്ളിലൊഴുകും
സംഗീതവു-
മാർദ്രഭാവത്തിന്നതിരാകുന്ന ഗ്രാമങ്ങളും
മനസ്സിലെഴുതുന്ന വിസ്മയഭാവത്തിന്റെയിതളിൽ
പ്രളയാന്ത്യയുഗങ്ങൾ തേടീടുമ്പോൾ
മൊഴിയിലെഴുതുവാനാവാതെ വളർന്നേറുമരയാൽ,
വിരൽതുമ്പിലുടക്കും പ്രപഞ്ചവുമതിന്റെയുള്ളിൽ
സ്പ്ന്ദനാർദ്രമാം ഹൃദ്പദ്മവും;
ജപസന്ധ്യകൾ, ദീപാന്വതമീ ധരിത്രിതൻ
ഭ്രമണലയം തന്നെയതിവിസ്മയമതിൻ
പ്രകാശമുദ്രാങ്കിതമേറ്റുന്നു
താരാപഥം..
എഴുതാനിനിയേതൊരത്ഭുതഭാവം
ലോകസ്മൃതിയിൽ
തുളുമ്പുന്നതമൃതോ
കാവ്യങ്ങളോ?
അതിരുകൾ
(കേരളസമാജം 2014 ദൂരവാണിനഗർ പുരസ്കാരം ലഭിച്ച കവിത)
(ഒരോ യുദ്ധവും സാധാരണജനജീവിതത്തിലുണ്ടാക്കും വിഭ്രമാത്മകമാം
വിഹ്വലതയാണ് ഈ കവിത)
മതിലുകൾ,
അതിരുകൾ,
വ്യോമയാനത്തിന്റെ
ചിറകറുത്തേറുന്നൊരതിതീവ്രരോഷങ്ങൾ
മനസ്സിനെയുലയ്ക്കുന്ന
ദീർഘചതുരങ്ങളിൽ
ചലനമറ്റെത്രയാണുന്മത്തദൈന്യങ്ങൾ
ഹൃദയം
വിതുമ്പുന്നു
വിഹ്വലം,
ഭൂമിതൻ
ജപമുത്തുകൾ
പൊട്ടിയടരുന്നു
ചുറ്റിലും
വഴികളിൽ
സ്മാരകങ്ങൾ,
മഹായുദ്ധങ്ങളതി-
നുള്ളിലുറയുന്ന
കണ്ണുനീർത്തുള്ളികൾ
മനസ്സിലെ
ചന്ദനസുഗന്ധത്തിനരികിലായ്
എരിയുന്ന
കനലുകൾ,
ആഗ്നേയധൂളികൾ
ചിത
കത്തിയെരിയുന്ന രണഭൂമിയിൽ
നിന്നുമൊഴുകുന്നുവോ?
മഴ മിഴിരണ്ടിലും
മനസ്സിലെ
ദർപ്പണം ഗന്ധകപ്പുകതീണ്ടിയുരുകുന്നു,
മായുന്നു
സ്നേഹസ്വരങ്ങളും
മതിലുകൾ,
പിന്നെ മതങ്ങൾ, ദേവാലയം
അതിലെത്ര
ദൈവങ്ങൾ, തിരിവുകൾ, മുറിവുകൾ
എവിടെയും
മുൾവേലികൾ, സൈന്യസേനകൾ
ഒളിയിടങ്ങൾ
തീർക്കുമധികമാം തീവ്രവും
മനുഷ്യന്റെ
മനസ്സിലേയ്ക്കധികാരഭാവത്തി-
ലൊഴുകുന്നു
നിർദ്വയത്വം, നിഷാദങ്ങളും
മലയിറങ്ങി
മന്ദമൊഴുകുന്ന കാറ്റിന്റെ
മൃദുമർമ്മരത്തിൽ
നടുക്കുമോ, ഭീതിയോ?
കറുകൾ
ഹോമപാത്രങ്ങളെ തേടുന്നു,
മെഴുതിരികൾ
മുറിവുകൾ കണ്ടു നടുങ്ങുന്നു,
എഴുതിയും,
മായ്ച്ചും ഉലഞ്ഞ വിശ്വാസങ്ങൾ
രുധിരപാനീയം
നുകർന്നുനീങ്ങീടുന്നു.
എവിടെ
പ്രശാന്തിയിൽ, വിശ്വപ്രപഞ്ചത്തി-
ലൊഴുകിയോരാദിമസ്നേഹസങ്കല്പങ്ങൾ?
അമൃതെവിടെ?യരികിലെ
ശാന്തിമന്ത്രങ്ങളേ
പുനർജനിക്കൂ, തീർഥശുദ്ധിയേകൂ.
കനകരേഖാലക്ഷ്മി
(By Rema Prasanna Pisharody)
(BMWA PRICE WINNING STORY)
ഗോവയിലെ സാലിഗാവോയിൽ അന്ന് ഹെറിറ്റേജ് ഫെസ്റ്റിവൽ ആയിരുന്നു.
മദർ ഓഫ് ഗോഡ് എന്നർഥം വരുന്ന ‘Mae De Deus’
ദേവാലയത്തിനെതിർവശത്തെ വിശാലമായ മൈതാനത്തായിരുന്നു സാംസ്കാരിക ഉത്സവം. ഉത്സവാഘോഷത്തിന്റെ തിരക്കിനും ആരവത്തിനുമിടയിലൂടെ
നിത്യ നടന്നു. രാജാക്കന്മാരുടെയും സേനാനായകന്മാരുടെയും വേഷങ്ങളിഞ്ഞവർ അകത്തേയ്ക്ക്
കയറുന്ന കമാനങ്ങളാൽ അലംകൃതമായ വാതിലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. വലുതുവശത്തെ സ്റ്റോളിൽ
ആദ്യം നിത്യ കണ്ടത് പഴയകാല കാർ ശേഖരങ്ങളായിരുന്നു.
1928ലെ മോറിസ് ഓക്സ്ഫോർഡ്, 1939ലെ മെഴ്സിഡസ് ബെൻസ്, പിന്നെയൊരു ഷെവർലെറ്റ് കരേറിയ.
ലോർന എന്നൊരു ഗായിക പാടുന്നതിനനുസരിച്ച് ആളുകൾ ശബ്ദഘോഷം മുഴക്കുന്നുണ്ടായിരുന്നു. നിത്യയുടെ
മനസ്സിൽ ഗോവൻ കടൽത്തീരങ്ങളിലെ സായാഹ്നത്തിന്റെ തണുപ്പായിരുന്നു. ജനുവരി ഗോവയിലെ ചൂടുകാലത്തെ
മെല്ലെയൊന്നാറ്റിത്തണുപ്പിച്ചിരിക്കുന്നു.
നിത്യയ്ക്ക് പോവേണ്ട ഹൊരനാട് കുറെയകലെ. ഗോവയിൽ നിന്നും
തിരികെ കാർവാറിലൂടെ ഇടയിൽ തിരിഞ്ഞുപോകുന്ന ഗോകർണ്ണത്തേയ്ക്കുള്ള വഴി കടന്ന് മുരുഡേശ്വറിനരികിലൂടെ,
കുമ്പാശിയും കൊല്ലൂർ മൂകാംബികയും, ആകുംബയിലെ കുത്തെനെയുള്ള ഹെയർപിൻ വളവുകൾ ഒഴിവാക്കാൻ
ദൂരം കൂടുതലുള്ള വഴിയിലൂടെ ശൃംഗേരിയും കടന്നൊരു യാത്ര. ആ വഴി കുണ്ടും കുഴിയും പൊടിയുമായ് നീണ്ടുപോയി.
മാംഗ്ലൂർ-ധർമ്മസ്ഥല ദേശീയപാതയിലൂടെ വന്നിരുന്നെങ്കിൽ ഹൊരനാടിലേയ്ക്കുള്ള വഴി ഇത്ര പ്രയാസകരമാകുമായിരുന്നില്ല
എന്ന് നിത്യ മനസ്സിൽ പറഞ്ഞു. ശൃംഗേരിയിലൂടെ ഹൊരനാട്ടിലേയ്ക്കുള്ള വഴിയിൽ വനപ്രദേശങ്ങളുണ്ടായിരുന്നു.
ഹൊരനാട്ടിൽ നിത്യയ്ക്ക് കാണേണ്ടതായി ഒരാളുണ്ട് - കനകരേഖാലക്ഷ്മി.
സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന 'ദയാമയി' എന്ന
ഒരു സംഘടനയ്ക്ക് നിയമോപദേശം നൽകുന്ന അപർണ്ണ
അയ്യരേകിയ കുറിപ്പുകൾ നിത്യയുടെ കൈയിലുണ്ട്.
ഹൊരനാടിന്റെ മനോഹാരിത നിത്യയെ അതിശയിപ്പിച്ചു. ഹരിതാഭമായ
ഒരു പ്രപഞ്ചം. കാണുന്ന ദിക്കിലെല്ലാം ഭദ്രാ നദിയൊഴുകുന്നു. പശ്ചിമഘട്ടത്തിലെ ഗംഗാമൂലത്തിൽ
നിന്നൊഴുകി ഭദ്രാനദിയും ചിക്മഗ്ലൂരിലും, ശിവമോഗയിലുമായൊഴുകുന്ന തുംഗയും ചേർന്ന് തുംഗഭദ്രയാവുന്ന കൂഡലി എന്ന സ്ഥലം
നിത്യ ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ
ഗംഗാമൂലത്തിൽ നിന്നുത്ഭവിക്കുന്ന മൂന്ന് നദികളാണ് തുംഗയും ഭദ്രയും, നേത്രാവതിയും. ധർമ്മസ്ഥലയിലൂടെയാണ് നേത്രാവതി ഒഴുകുന്നത്.
ഹൊരനാടിലെ മലനാടൻ നിരകളിൽ കാപ്പി, തേയിലത്തോട്ടങ്ങൾ.
എത്ര മനോഹരം ഈ സ്ഥലം. കയറ്റങ്ങളും, ഇറക്കങ്ങളും അനേകമുള്ള പാതയെത്തിച്ചേരുന്ന അന്നപൂർണ്ണേശ്വരിയുടെ
ദേവാലയം, കലശത്തിനാകൃതിയുള്ള കളസ എന്ന സ്ഥലം, അവിടെയുള്ള കളസേശ്വർ എന്നറിയപ്പെടുന്ന
ശിവന്റെ ദേവാലയം. നിത്യയുടെ മനസ്സിലേയ്ക്കും
ഹൃദയത്തിലേയ്ക്കും കലർപ്പില്ലാത്ത ജീവവായുവിന്റെ പ്രവാഹമൊഴുകി.
അപർണ്ണയുടെ ഡയറിക്കുറിപ്പുകൾക്ക് 15 വർഷത്തെ പഴക്കമുണ്ട്. കനകരേഖാലക്ഷ്മി ഹൊരനാട്ടിലുണ്ടായേക്കാം, ജീവിച്ചിരിക്കുന്നുവോ,
എന്നൊരു സംശയം പോലും അപർണ്ണ പറഞ്ഞിരിക്കുന്നു.
തിരുച്ചിറപ്പള്ളി, ശ്രീരംഗം, മധുര എന്നിവിടങ്ങളിൽ നിന്നും കനകരേഖാലക്ഷ്മിയെ
നിത്യ അറിഞ്ഞുതുടങ്ങി.
പഴയകാലത്തെ പ്രശസ്ത നർത്തകിമാരെപ്പറ്റി ഒരു പുസ്തകം എഴുതാനെന്ന് പലരോടും പറയേണ്ടിവന്നു നിത്യയ്ക്ക്. കനകയുടെ നൃത്ത ടീച്ചർ,
പഴയ അയൽക്കാർ, സൈയ്ന്റ് മേരീസ് കോൺവെന്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം പല വിവരങ്ങളും
നിത്യയ്ക്ക് ലഭിച്ചു.
ഹൊരനാട്ടിൽ കനകയെ കാണാനായെങ്കിൽ… നിത്യ ആശിച്ചു.
വഴിയിലെ ഇരുനൂറിലധികം പഴക്കമുള്ള ഹള്ളിമനയിൽ കനകയെ
കുറിച്ചന്വേഷിച്ചു. കന്നഡയിൽ ഹള്ളി എന്നാൽ ഗ്രാമം
എന്നർഥം. ഹള്ളിമനയിലെ മലനാട് സ്പൈസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾക്കും കനകയെ അറിയില്ലായിരുന്നു.
കളസയ്ക്കരികിലൊരു
സ്കൂൾ ഉണ്ട്, കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുന്ന രാധിക എന്നൊരു അദ്ധ്യാപിക അവിടെയുണ്ട് അവരോടു ചോദിച്ചാൽ അറിയാൻ കഴിഞ്ഞേക്കും.
കനകയെ
അവിടെയന്വേഷിച്ചോളൂ.
മലനാട് സ്പൈസിലെ ഒരു പെൺകുട്ടി പറഞ്ഞു.
സ്കൂൾ വഴിയിലേയ്ക്ക് കാർ തിരികെ വിടുമ്പോൾ കൂടെ സഹായിക്കാൻ
വന്നിരുന്ന കല്യാണി കാറിലിരുന്ന് ഉറങ്ങുന്നത് നിത്യ കണ്ടു. പാവം, കുറെയേറെ കഷ്ടപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഉറക്കം പോലുമില്ല. അടുക്കിയൊതുക്കി ജോലി തീർത്തുവരുമ്പോഴേക്കും
ഒരു മണികഴിയും. രാത്രിയുറക്കം കുറവ്. വഴി ചോദിക്കാനായി നിത്യ വഴിയരികിലെ സുഗന്ധദ്രവ്യങ്ങൾ,
തേയില, കാപ്പി എന്നിവ വിൽക്കുന്ന ഒരു കടയിലേയ്ക്ക് കയറി. സ്കൂൾ ഒരു കിലോമീറ്റർ ദൂരയെന്നവിടെയിരുന്നിരുന്ന
സ്ത്രീ പറഞ്ഞു. നിത്യയ്ക്ക് വിശക്കുന്നുണ്ടായിരുന്നു.
ഭക്ഷണം എവിടെ ലഭിക്കുമെന്ന് ചോദിച്ചപ്പോൾ അല്പദൂരം മുന്നോട്ട് പോയാൽ ഒരു കടയോട് ചേർന്ന്
ആവശ്യക്കാർക്കായ് ലഘുഭക്ഷണമുണ്ടാക്കുന്ന ഒരു സ്ഥലമുണ്ട് എന്ന് കടയുടമസ്ഥ പറഞ്ഞു. ഇരുപതടി
മുന്നോട്ട് പോയപ്പോൾ ‘ഹർഷാ സ്പൈസ്’ എന്നൊരു ബോർഡ് നിത്യ കണ്ടു. അവിടെ കാർ നിർത്തി ഭക്ഷണം
കിട്ടുമോ എന്നന്വേഷിച്ചു.
ഹർഷാ സ്പൈസിലിരുന്നതും ഒരു സ്ത്രീയായിരുന്നു. മലനാടിലെ
പല കടകളും വീടിനോട് ചേർന്നായിരുന്നു. വീടിന്റെ മുൻഭാഗം കടയാക്കി മാറ്റി അവിടെ പലതരം
സുഗന്ധവ്യഞ്ജനങ്ങൾ വില്പനക്കായ് അടുക്കി വച്ചിരുന്നു. നിത്യ രണ്ട് ദോശയ്ക്ക് ഓർഡർ ചെയ്തു.
പാചകക്കാരനോട് ദോശയ്ക്കുള്ള ഓർഡർ കൊടുത്ത് നിത്യയോട് ഇരിക്കാൻ പറഞ്ഞു കടയുടമസ്ഥ.
വെറുതെയിരിക്കാനാവാതെ നിത്യ ചോദിച്ചു
എന്താ പേര്?
വിദ്യ..
അവർപറഞ്ഞു
ഈ സുഗന്ധവ്യഞ്ജനങ്ങളൊക്കെ
എവിടെ നിന്നുവരുന്നു?.
കുറെയൊക്ക ഞങ്ങളുടെ
എസ്റ്റേറ്റിൽ നിന്ന്.
വളരെ നല്ലത്,
വിദ്യയുടെ വീട്?
ജനിച്ചതും വളർന്നതുമെല്ലാം
ഇവിടെ തന്നെ.
അന്നപൂർണ്ണേശ്വരിയെ
കാണാൻ വന്നതാവുമല്ലേ?
സ്ഥിരീകരണം ആവശ്യമില്ലാത്തതു പോലെ വിദ്യ ചോദിച്ചു
നിത്യയ്ക്കൊന്നു മനസ്സിലായി. വിദ്യ ഇവിടെ ജനിച്ചു വളർന്നയാൾ.
കനകരേഖാലക്ഷ്മിയെ അറിയാൻ വിദ്യ സഹായിച്ചേക്കും.
സംസാരം തുടരാനായ് നിത്യ വെറുതെ പറഞ്ഞു.
അന്നപൂർണ്ണേശ്വരി,
മൂകാംബിക, ശൃംഗേരി ഇവിടെയെല്ലാകൂടി ഒരു യാത്ര. പക്ഷെ പ്രധാനമായും ഞാൻ വേറൊരാളെ അന്വേഷിച്ചാണു
വന്നിരിക്കുന്നത്.
വിദ്യക്കെന്നെ
ഒന്നു സഹായിക്കാനാവുമോ.
തീർച്ചയായും.
ഇവിടെയുള്ള
സ്കൂളിൽ നൃത്തം പഠിപ്പിക്കുന്ന രാധികയെ ഒന്നു കാണണം…
രാധികയെ കാണാനായിട്ടാണോ
ഇത്ര ദൂരം വന്നത്.
അല്ല, എനിക്ക്
കാണേണ്ടത് വേറൊരാളെ…
ഒരു കനകരേഖാലക്ഷ്മിയെ…
വിദ്യക്ക് ഇവിടെ
പണ്ട് താമസിച്ചിരുന്ന കനകരേഖാലക്ഷ്മിയെപ്പറ്റി എന്തെങ്കിലും അറിയുമോ?
വിദ്യയുടെ മുഖത്തേയ്ക്ക് നിത്യ നോക്കി.
അവിടെ പ്രത്യേകിച്ചൊന്നും നിത്യയ്ക്ക് കാണാനായില്ല.
കനകരേഖാലക്ഷ്മി……..ആരാണവർ?.
ഒരു നർത്തകിയായിരുന്നു…
നിത്യ തുടർന്നു പറഞ്ഞു..
പഴയകാലത്തെ
പ്രശസ്ത നർത്തകികളെകുറിച്ച് ഒരു പുസ്തകം എഴുതുന്നു ഞാൻ.
അതിലെയൊരു അദ്ധ്യായത്തിൽ കനകരേഖാലക്ഷ്മിയെ ചേർക്കണമെന്നുണ്ട്..
ഒരല്പം വിസ്മയം വിദ്യയിലുണർന്നു.
അത്രയ്ക്ക്
വലിയ നർത്തകിയായിരുന്നുവോ കനക? വിദ്യ ചോദിച്ചു...
അപർണ്ണ അയ്യർ ആൽബത്തിൽ നിന്നെടുത്തു കാട്ടിയ കനകയുടെ
ഒരു ചിത്രം നിത്യ മനസ്സിലോർമ്മിച്ചു. തിരുച്ചിറപ്പള്ളിയിലെ 3800 ദശലക്ഷവർഷങ്ങൾ പഴക്കമുണ്ടെന്ന്
പറയപ്പെടുന്ന പാറക്കോട്ടെയെ ചുറ്റിയൊഴുകും കാവേരിനദിയുടെ പശ്ചാത്തലത്തിൽ കനകയുടെ നൃത്തവേഷത്തിലുള്ള
ഒരു ചിത്രം. കനകയുടെ ആ ചിത്രവും, ചിദംബരത്തിലെ
ഒരു ചിത്രവും മനസ്സിലേറ്റി നിത്യ പറഞ്ഞു
വലിയ നർത്തകി
ആകേണ്ടിയിരുന്നവർ..
പല പ്രശസ്തനർത്തകിമാരുടെയും
പിൻഗാമി ആകേണ്ടിയിരുന്നവർ എന്നൊക്കെ കനകയെപ്പറ്റി എഴുതിയ ചില വാർത്താകുറിപ്പുകൾ കണ്ടിട്ടുണ്ട്.
പിന്നീടെന്തു
സംഭവിച്ചു? വിദ്യയുടെ ചോദ്യം വളരെ സൗമ്യമായിരുന്നു.
നിത്യ അല്പനേരം ഒന്നും സംസാരിച്ചില്ല. പിന്നീട് മെല്ലെ
പറഞ്ഞു
മൈസൂറിൽ നിന്നും
ശ്രീരംഗത്തേയ്ക്ക് തഞ്ചാവൂർ പെയിന്റിംഗിനെകുറിച്ച് ഗവേഷണം ചെയ്യാനെത്തിയ ഒരാളുമായി
കനക പ്രണയത്തിലാവുകയും, വീട്ടിൽ നിന്നൊളിച്ചോടുകയും ചെയ്തു. അവർ കുറെ നാൾ തഞ്ചാവൂരിലും,
പിന്നെ മധുരയിലും താമസിച്ചു. ഒരു നിഗൂഢതപോലെ കനക നൃത്ത വേദിയിൽ നിന്നകന്നു. പിന്നീടാരും
കനകരേഖാലക്ഷ്മിയുടെ നൃത്തം കണ്ടിട്ടില്ല. പക്ഷെ എനിക്കീ പുസ്തകം പൂർത്തിയാക്കാൻ കനകയെ
കണ്ടെത്തേണ്ടതുണ്ട്.
കനകയെ കാണാനായില്ലെങ്കിൽ
നിത്യ എന്തു ചെയ്യും. എന്തെങ്കിലും എഴുതി പുസ്തകം
പൂർത്തിയാക്കുമോ.
വിദ്യയുടെ ചോദ്യം നിത്യയെ ആകർഷിച്ചു.
ഇല്ല.. കനകയെ
കാണാനായില്ലെങ്കിൽ എനിക്കിതെഴുതി മുഴുമിപ്പിക്കാനാവില്ല.
കനകയെ ഹൊരനാട്ടിൽ കാണാനാവുമെന്നൊരു പ്രതീക്ഷ നിത്യയ്ക്കുണ്ടായിരുന്നു.
ദോശയ്ക്കുള്ള പണംകൊടുത്ത് തിരികെയിറങ്ങാൻ തുടങ്ങുമ്പോൾ
നിത്യയ്ക്കാകെ നിരാശതോന്നി. കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ കാറിന്റെ മുൻഭാഗത്തെ ടയർ
തകരാറിലായിരിക്കുന്നത് നിത്യ കണ്ടു. അതറിയാതെ
ഡ്രൈവറും ഉറങ്ങുകയായിരുന്നു. അയാളെ ഉണർത്തി ടയർ മാറ്റാനാവശ്യപ്പെട്ട് നിത്യ വീണ്ടും
വിദ്യയുടെ കടയിലേയ്ക്ക് കയറി.
ടയർ നേരെയാവും
വരെ ഇവിടെയിരിക്കാനാവുമോ…
വിദ്യ ഒന്നു മന്ദഹസിച്ചു.
ഇന്ന് തിരികെ
പോവുമോ?
ഇനിയിപ്പോൾ
പോകാതിരിക്കുന്നത് നല്ലത്. വൈകിയാൽ താഴേക്കിറങ്ങാൻ കഷ്ടപ്പാടാകും. പകൽ പോവുകയാവും നല്ലത്.
നിത്യയുടെ മനസ്സിൽ കനകരേഖാലക്ഷ്മിയെ കാണാനാവാഞ്ഞതിന്റെ
നിരാശയുണ്ടായിരുന്നു.
വിദ്യ നിത്യയ്ക്ക് വേണ്ടി അറിയുന്ന ഒരാളുടെ ഹോം സ്റ്റേ
ഏർപ്പാടാക്കി കൊടുത്തു. വിദ്യയുടെ വീടിനരികിലായിരുന്നു ആ ഹോം സ്റ്റേ. ഉറങ്ങുന്നതിനു
മുൻപ് അപർണ്ണ അയ്യരുടെ കുറിപ്പുകൾ നിത്യ ഒരിക്കൽ കൂടി വായിച്ചു. പിറ്റേന്ന് മഞ്ഞുമൂടിയ വഴിയിലൂടെ കളസേശ്വറിലേയ്ക്ക്
നടക്കുമ്പോൾ വിദ്യയും കൂടെ വന്നു. നടക്കുന്നതിനിടയിൽ വിദ്യ പറഞ്ഞു.
കനകയുടെയേതെങ്കിലും
ഫോട്ടോ തരികയാണെങ്കിൽ ഞാനിവിടെ അന്വേഷിക്കാം.
എന്റെ കൈയിൽ
പഴയ ഒന്നു രണ്ട് നൃത്ത ചിത്രങ്ങൾ ഉണ്ട്. പതിനഞ്ചു വർഷം മുൻപുള്ളത്...
കനകയെപ്പറ്റി
എന്തൊക്കെ നിത്യയ്ക്കറിയാം?.. വിദ്യ ചോദിച്ചു
പറയണമോ വേണ്ടയോ എന്ന് നിത്യയ്ക്ക് സംശയമുണ്ടായി
പറഞ്ഞാൽ എന്തെങ്കിലും സഹായം കിട്ടിയേക്ക്കും..
നിത്യയ്ക്ക് കനകയെ അറിയേണ്ടിയിരിക്കുന്നു.
കേട്ടോളൂ എനിക്കറിയുന്ന
കഥ..
കനകരേഖാലക്ഷ്മി
തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. നാലുപെൺകുട്ടികളുള്ള വീട്. നൃത്തത്തിലുള്ള താല്പര്യം
കൊണ്ട് സരസ്വതി എന്ന വീടിനടുത്തുള്ള നൃത്തടീച്ചർ കനകയെ പ്രതിഫലം വാങ്ങാതെ നൃത്തം പഠിപ്പിച്ചിരുന്നു. ഫീസ് കൊടുക്കാനുള്ള ധനസ്ഥിതിയൊന്നും
കനകയുടെ വീട്ടിലില്ലായിരുന്നു. കനക വളർന്നു. നല്ല നർത്തകിയായി. പന്ത്രണ്ടാം വയസ്സിൽ
അരങ്ങേറ്റം. പിന്നെയനേകം സഭകളിൽ, പൊതുപരിപാടികളിൽ നൃത്തം ചെയ്തു. കനകരേഖാലക്ഷ്മിയെന്ന
പേരു തന്നെ ഒരു കൗതുകമായിരുന്നു. കനകം എന്ന മുത്തശ്ശിയുടെ പേരും രേഖ എന്ന സ്വന്തം പേരും
ലക്ഷ്മി എന്ന സമ്പത്തിന്റെ ദേവിയുടെ പേരും ചേർന്ന കനകരേഖാലക്ഷ്മി. ലക്ഷ്മീ, ലക്ഷ്മീ
എന്ന് വിളിച്ചുകൊണ്ടേയിരുന്നാൽ ധനം കൈയിൽ വന്നു ചേരും എന്ന് കനകയുടെ അമ്മ വിശ്വസിച്ചിരുന്നു.
ആർക്കും സമ്മതമില്ലാതെയിരുന്ന പ്രണയവിവാഹവും
ഒളിച്ചോട്ടവും കനകയെന്നെ നർത്തകിയെ ഇല്ലാതെയാക്കി. അതിനിടയിൽ കനകയ്ക്ക് ഒരു
മകളുണ്ടായി. ജീവിക്കാനൊരു മാർഗമില്ലാതെയായപ്പോൾ കനക നൃത്തം പഠിപ്പിക്കാൻ തുടങ്ങി. ചെറിയ
വാടകവീടും, കഷ്ടപ്പാടും അതിനോടു ചേർന്നുള്ള ചെറിയ, വലിയ വഴക്കുകളും കനകയെ കുറെയേറേ
തളർത്തി.
അപർണ്ണ അയ്യരുടെ
മകളെ നൃത്തം പഠിപ്പിച്ചിരുന്നു കനക. കനകയെ ഏറ്റവുമടുത്തറിഞ്ഞയാളാണ് അപർണ്ണ അയ്യർ. കഷ്ടപ്പാടും ദുരിതവുമേറിയപ്പോൾ സിനിമയിലൊരു
നർത്തകിയുടെ ജീവിതകഥ ചെയ്യാനെന്ന് പറഞ്ഞ് കനകയുടെ ഭർത്താവ് നിർബന്ധിച്ച് കനകയെ മദ്രാസിലേയ്ക്ക്
കൊണ്ടുപോയി. അവർ താമസിച്ചിരുന്ന ലോഡ്ജിൽ ഒരു ദുരന്തമുണ്ടായി. മദ്യപിച്ച കുറേ ആളുകൾ
കനകയെ ശല്യം ചെയ്യാനെത്തിയെന്നും കനകയുടെ ഭർത്താവ് കൊലചെയ്യപ്പെട്ടുവെന്നും അപർണ്ണയുടെ
കുറിപ്പിലുണ്ടായിരുന്നു. പിന്നീട് കേസുണ്ടായി. കനകയെ അപർണ്ണ അയ്യർ രക്ഷിച്ചു.
കളസേശ്വരന്റെ അമ്പലത്തിന്റെ കൽക്കെട്ടുകൾ കയറുമ്പോൾ
അവിടെ ദേവപ്രതിമയുമായി, വാദ്യഘോഷത്തോടെ ചുറ്റുപ്രദക്ഷിണമായിരുന്നു.
കനകയെ ഒന്ന്
കാട്ടിത്തരണേ…
നിത്യ പ്രാർഥിച്ചു.
പിന്നീട് അകത്ത് പൂജ നടക്കുമ്പോൾ തൊഴാൻ നിൽക്കുന്ന
രണ്ടു വശങ്ങളിലും തൂക്കിയിട്ടിരുന്ന ഓട്ടുമണികൾ നിത്യ ശ്രദ്ധിച്ചു.
ആരതിയുഴിയും നേരം ഭക്തർ ആ ഓട്ടുമണികൾ അടിച്ചുകൊണ്ടേയിരുന്നു.
നിത്യയ്ക്ക് ഒരേയൊരാവശ്യമേ ഉണ്ടായിരുന്നുള്ളൂ. കനകരേഖാലക്ഷ്മിയെ കാണണം..
തൊഴുത് തീർഥവും, വിഭൂതിയും വാങ്ങി തിരികെയിറങ്ങുമ്പോൾ
നിത്യ പറഞ്ഞു.
ശിവനോട് പറഞ്ഞിട്ടുണ്ട്
കനകയെ കാട്ടിത്തരാൻ.
വിദ്യ ഒന്നു മന്ദഹസിച്ചു. പിന്നീട് പറഞ്ഞു
ഞാൻ ഒന്നും
ആവശ്യപ്പെടാറില്ല.
കുറെ നേരം നിശ്ശബ്ദയായിരുന്നു വിദ്യ.
പ്രദക്ഷിണവഴിയിലെ ഒരു ഇടനാഴിയിലെത്തിയപ്പോൾ വിദ്യ പറഞ്ഞു.
നമുക്കല്പനേരമിവിടെയിരിക്കാം..
എത്ര നാളുകളായി
നിത്യ കനകയെന്വേഷിക്കുന്നു?
ഓർമ്മയുടെയിതളുകൾ മെല്ലെ മനസ്സിൽ നിന്നടർത്തി നിത്യ
പറഞ്ഞു..
ഏകദേശം ആറുവർഷമാകുന്നു.
വിദ്യ വീണ്ടും നിശ്ശബ്ദയായി..
പിന്നീട് വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
എനിക്കറിയാം
കനകയെ..
അപർണ്ണ പറയരുതെന്ന്
പ്രത്യേകം പറഞ്ഞതുകൊണ്ട് അറിയില്ലയെന്ന് പറഞ്ഞു ഞാൻ.
നിത്യ അറിഞ്ഞ കനകയുടെ കഥയിലെ അവസാനഭാഗം അങ്ങനെയല്ല..
കനകയുടെ ഭർത്താവ് മരിച്ചിട്ടില്ല. മരിച്ചത് കനകയെ മദ്യലഹരിയിൽ ഉപദ്രവിക്കാൻ
ചെയ്യാൻ വന്ന സിനിമയെടുക്കുന്നുവെന്ന് പറഞ്ഞ
ആൾ. കനകയുടെ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് വിട്ടയച്ചു. ഭർത്താവിന്റെ
അമ്മാവൻ പോലീസ് ഫോഴ്സിലായിരുന്നു. സംഭവം നടന്ന ലോഡ്ജ് ഒരു രാഷ്ടീയക്കാരന്റെ ബന്ധുവിന്റേതായിരുന്നു.
സിനിമാക്കാരന്റെ മരണം ഹൃദയാഘാതമായി മാറി.
വേറേതോ ലോകത്തിലെന്ന പോലെ വിദ്യ പറഞ്ഞുകൊണ്ടേയിരുന്നു.
സ്വയരക്ഷയ്ക്കായ് എപ്പോഴും അടുക്കളയിൽ ഉപയോഗിച്ചിരുന്ന ചെറിയ ഒരു
കത്തി കനക കൈയിൽ കരുതാറുണ്ടായിരുന്നു. അന്ന് അയാൾ ആക്രമിക്കാൻ വന്നപ്പോൾ വാതിൽ തുറന്ന്
രക്ഷപ്പെടാൻ നോക്കി. അത് സാധ്യമല്ലെന്ന് മനസ്സിലായപ്പോൾ ബാഗിൽ നിന്നും കത്തി എടുത്ത് ഒറ്റ കുത്ത്.
പിന്നീട് കതകുതുറന്നോടി. ആദ്യം കണ്ട ഓട്ടോയിൽ
കയറി ബസ് സ്റ്റേഷനിലേയ്ക്ക്. അപർണ്ണയുടെ
വീട്ടിലെത്തി എല്ലാം പറഞ്ഞു. അപർണ്ണ പറഞ്ഞത് പോലെയെല്ലാം കനക ചെയ്തു. കനകയുടെ ഭർത്താവിനെ
അറസ്റ്റ് ചെയ്തെന്നും പിന്നീട് വെറുതെ വിട്ടുവെന്നും കനക അറിഞ്ഞു. ആ സംഭവത്തിനു ശേഷം
കനകയെ തേടി അയാൾ വന്നില്ല. ധനമുണ്ടാക്കാനായ് നിർബന്ധിച്ച് മദ്രാസിലേക്ക് കൊണ്ടുപോവുകയും,
പിന്നീട് വരാതിരിക്കുകയും ചെയ്ത ഭർത്താവിനെ
കാണേണ്ടെന്ന് കനക അപർണ്ണയോടു പറഞ്ഞു. അയാളിൽ നിന്ന് ജീവനാംശം വാങ്ങികൊടുക്കാമെന്ന് അപർണ്ണ പറഞ്ഞെങ്കിലും കനക അതിനു തയ്യാറായില്ല. കനകയ്ക്ക് ഒരു മകളല്ല രണ്ട് കുട്ടികളുണ്ടായിരുന്നു, ഇരട്ടക്കുട്ടികൾ. അവരെ അപർണ്ണ ചെന്നെയിലെ ഏതോ കോൺവെന്റ് സ്കൂളിലാക്കിയിരിക്കുന്നു.
നൃത്തം ചെയ്യാൻ പിന്നീട് പലരും പറഞ്ഞെങ്കിലും കനകയ്ക്കതിനായില്ല.
നഗരങ്ങളിൽ നിന്നും ദൂരെയെവിടെയെങ്കിലും ജീവിക്കണമെന്ന്
കനക ആഗ്രഹിച്ചിരുന്നതിനാൽ അപർണ്ണ കനകയ്ക്ക് ഹൊരനാട്ടിൽ ഒരു ജോലിയുണ്ടാക്കി കൊടുത്തു.
സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയുടെ ഹൊരനാട്ടിലെ ശാഖയിലായിരുന്നു
കനക ജോലിചെയ്തിരുന്നത്.
വിദ്യ ഇതെല്ലാം
എങ്ങനെയറിഞ്ഞു?
ഹൊരനാട്ടിൽ
കനക എന്റെ വീട്ടിലായിരുന്നു കുറെ നാൾ താമസിച്ചിരുന്നത്.
വിദ്യയുടെ മറുപടിയിൽ
തണുപ്പുറയുന്നത് നിത്യ അറിഞ്ഞു..
നിത്യയക്ക് എല്ലാം മനസ്സിലായിതുടങ്ങി..
ഏട്ടൻ മൂലം കണ്ണുനീരൊരുപാടൊഴുക്കിയ കനകരേഖാലക്ഷ്മി...
ഏട്ടൻ വേറെ വിവാഹവും ചെയ്തിരിക്കുന്നു.
കനകരേഖാലക്ഷ്മിയെ ഏട്ടൻ എത്ര വേഗം മറന്നുതീർന്നിരിക്കുന്നു,
അതോ മറന്നുതീർന്നുവെന്നഭിനയിക്കുന്നുവോ?
പലരും പറഞ്ഞ കഥകൾ സത്യമായിരുന്നില്ല, നിത്യയ്ക്ക് മനസ്സിലായി.
ഏട്ടനപകടം സംഭവിച്ച് സുഖമായ് വരും നാളിലൊരിക്കൽ നിത്യ ചോദിച്ചു.
ഏട്ടാ സത്യം
പറയണം കനക മോശം പെൺകുട്ടിയായിരുന്നുവോ?
കുറെ നേരം ഏട്ടൻ നിശ്ശബ്ദനായിരുന്നു. പിന്നീട് ഏട്ടൻ
പറഞ്ഞു.
അല്ല.
പിന്നെയെന്തിനിവിടെയെല്ലാവരും
അങ്ങനെ ഒരു കഥ പറയുന്നു?
നിത്യയുടെ ശബ്ദം അല്പം ഉയർന്നിരുന്നു..
എന്ത് പറയണമെന്നറിയാതെ ഏട്ടനല്പനേരമിരുന്നു. പിന്നീട്
നിസ്സംഗതയുടെ
ഭാഷാലിപി പോലെ ഏട്ടൻ പറഞ്ഞു
പലരും ഉണ്ടാക്കിയ
കഥയത്. ഒരു തരം എസ്കേപിസം. രക്ഷപെടൽ..
പ്രായോഗികമായി
ചിന്തിച്ചാൽ അങ്ങനെയൊക്കെ ചെയ്തുപോയി എന്നേ പറയാനാവൂ.
അന്ന് നിത്യ തീരുമാനിച്ചു. കനകയെ അന്വേഷിക്കണം.
യാഥാർഥ്യം തേടി നിത്യ അന്വേഷിച്ചുകൊണ്ടേയിരുന്നു.
ഒരുതരം വിഭ്രമം പോലെ
ഹൃദ്സ്പന്ദനങ്ങളിലിലത്താളം കൊട്ടും വിധി പോലെ എന്തോ
ഒന്ന് നിത്യയെയുലച്ചു. വീടിന്റെ ചുമരുകൾക്കിടയിൽ
നിത്യ കേട്ടുകൊണ്ടേയിരുന്ന കനകയുടെ കഥകൾ. സത്യത്തിനെ അസത്യത്തിന്റെ ഉറുമാലാൽ മറകെട്ടി
ആരെയോ വിശ്വസിപ്പിക്കാനെന്നപോൽ കേട്ടുമടുത്ത കഥകൾ. ബാല്യം മുതൽ നിത്യ കേട്ട കഥകളിൽ
കനക അപ്രിയമായ വൈരുദ്ധ്യങ്ങളുടെ പ്രതീകമായിരുന്നു. അമ്മ മുതൽ അമ്മൂമ്മ വരെ പറഞ്ഞു കേട്ടിരുന്ന
കനകയുടെ കഥകൾ അനിഷ്ടം നിറഞ്ഞതായിരുന്നു. പിന്നീടെന്നോ നിത്യയ്ക്ക് തോന്നി ഒരു സത്യാന്വേഷണം
ആവശ്യമെന്ന്. ദൃശ്യതയിലെ അദൃശ്യത പോലെ എന്തോ ഒന്ന് നിത്യയെ ചുറ്റിവരിഞ്ഞു. ഋതുക്കളോടി
മാഞ്ഞ സംവൽസരങ്ങളിലൂടെ കളസേശ്വറിലെ അമ്പലത്തിനരികിൽ നിത്യയുടെ അന്വേഷണം പൂർത്തിയായിരിക്കുന്നു.
നിത്യയ്ക്കറിയേണ്ടത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
അമ്പലത്തിലെ കൽപ്പടവുകൾ മെല്ലെയിറങ്ങുന്നതിനിടയിൽ നിത്യ
വിദ്യയോടു ചോദിച്ചു.
കനകയെ എനിക്കൊന്നു
കാണാനാവുമോ..
കനക കുറെ വർഷം
മുൻപേ ഇവിടെ നിന്നുപോയി.
അത് സത്യമല്ലെന്ന് നിത്യയുടെ മനസ്സ് പറഞ്ഞു. അപ്രിയമായ
സത്യങ്ങൾ അങ്ങനെ തന്നെയിരിക്കട്ടെയെന്ന് നിത്യ മനസ്സിൽ കരുതി. പിന്നീട് ചോദിച്ചു
എവിടേയ്ക്ക്??
അത് അപർണ്ണയ്ക്ക്
മാത്രമേ അറിയുള്ളൂ.
നിത്യ ഒന്നും പറഞ്ഞില്ല…
അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
നിത്യ കനകയെ കണ്ടിരിക്കുന്നു...
ഹൊരനാടിന്റെ മനോഹാരിതയിൽ മനസ്സിലെ നീറ്റൽ, ദൈന്യം എല്ലാം
അലിഞ്ഞില്ലാതെയാവുന്നു.
അപർണ്ണ അയ്യർ കനകയുടെ പേരും മാറ്റിയിരിക്കുന്നു...
കനകയെ അപർണ്ണ വിദ്യയാക്കി മാറ്റിയതെന്തിനെന്നും നിത്യയ്ക്ക്
മനസ്സിലായി
ഒരു രക്ഷപ്പെടൽ,
എസ്കേപിസം..
നിത്യയ്ക്കെല്ലാം മനസ്സിലായിരിക്കുന്നു. നിത്യയുടെ മനസ്സിൽ
ഗോകർണ്ണതീരം ഓംങ്കാരഭാവത്തിലൊഴുകി. തിരികെ പോരുമ്പോൾ നിത്യ കാറിലിരുന്ന് കനകയുടെ പഴയ
നൃത്തചിത്രങ്ങൾ എടുത്തു നോക്കി. അതിനെല്ലാം
വിദ്യയുടെ മുഖമായിരുന്നു എന്നത് നിത്യയ്ക്ക് അതിശയമേകിയില്ല.
കാറിലിരുന്ന് നിത്യ ഡയറിയിലെഴുതി ചേർത്തു
കനകരേഖാലക്ഷ്മി ജീവിച്ചിരിക്കുന്നു
ഹൊരനാടിന്റെ ഹരിതാഭയിൽ...
നഗരങ്ങളിൽ നിന്നകലെ........
No comments:
Post a Comment