Tuesday, October 7, 2014

ശുദ്ധികലശം
(By Rema Prasanna Pisharody)


'പന്ത്രണ്ട് വർഷം അടിമ' (Twelve Years a Slave) എന്ന ഓസ്കാർ  പുരസ്കാരം നേടിയ ചലച്ചിത്രം  കണ്ടുതീർന്നപ്പോൾ  സോളമൻ നോർതപ് അനുഭവിച്ച യഥാർഥദുരനുഭവങ്ങളുടെ ദൃശ്യാവിഷ്കാരമായിരുന്നു ചലനചിത്രം എന്ന അറിവ്  നടുക്കമായി മനസ്സിനെയുലച്ചു. 



വംശീയ യുദ്ധങ്ങളുടെ കഥപറയും ‘ഒരു മഞ്ഞ സൂര്യന്റെ പാതിയും, ഹർട്ട് ലോക്കറും ഒരു വിഹ്വലതയായ്  മനുഷ്യത്വത്തിന്റെ ആധാരശിലയിൽ കണ്ണുനീർ ചൊരിയുമ്പോൾ ചാതുർവർണ്ണ്യത്തിന്റെ താളിയോലകളുമായ് ഭാരതവും മനസ്സാക്ഷിയുടെ നേർരേഖകളെയുലയ്ക്കുന്നു


ദളിതരെയും, മഹാദളിതരെയും, ആദിഗോത്രങ്ങളെയും ചാതുർവർണ്ണ്യത്തിന്റെ സങ്കുചിതത്വത്തിൽ നിന്നാണ് ഇന്നും പലരും വീക്ഷിക്കുന്നത്.   ദളിതനായ ബീഹാർ മുഖ്യമന്ത്രി ജിതൻ രാജ് ജിഞ്ജി മധുബനി  ജില്ലയിലെ അന്തർധതി  ഗ്രാമത്തിലെ ബ്രഹ്മേശ്വരി ക്ഷേത്രത്തിൽ  ദർശനം നടത്തിയതിന് ശേഷം ക്ഷേത്രപുരോഹിതർ അവിടെ ശുദ്ധികലശം നടത്തിയെന്ന ഒരു വാർത്ത വായിക്കാനിടയായിഅങ്ങനെയൊന്ന് ബീഹാറിൽ നടന്നു കൂടായ്കയില്ല. ഒരു മുഖ്യമന്ത്രിയുടെ അനുഭവം അതാണെങ്കിൽ സാധാരണ ജനങ്ങൾ എത്രയേറെ വിവേചനം അവിടെ അനുഭവിക്കുന്നുണ്ടാവും. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് മഹാത്മാഗാന്ധി പറയുന്നു. ഗ്രാമങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ ഇന്ത്യയെ പൂർണ്ണമായും വികസിതരാജ്യമായി ഉയർത്താനാവൂ.   


അമേരിക്കൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കൻ  അടിമത്വം നിയമപരമായി നിർത്തലാക്കിയ പത്തൊൻപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടും മനുഷ്യർ ഇന്നും അടിമത്വവും, ചാതുർവർണ്ണ്യവും ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ല.


ശുദ്ധികലശം നടത്തേണ്ടത് ക്ഷേത്രങ്ങൾക്കോ ദേവശിലകൾക്കോ അല്ല, മനുഷ്യമനുസ്സുകൾക്കാണതാവശ്യം


                                                



പുണ്യാഹജലം തൂവി ശുദ്ധിവരുത്തിയ ഹൃദയവുമായ് ദളിതരും, ആദിഗോത്രവാസികളും  മനുഷ്യനെന്നംഗീകരിക്കാൻ തയ്യാറാകുന്ന ബ്രാഹ്മണ്യമാണ് യഥാർഥ ജ്ഞാനം.



No comments:

Post a Comment