Tuesday, October 28, 2014

വർഷകാലമേഘങ്ങൾ
(By Rema Prasanna Pisharody)


വൈശാഖമഴ   പെയ്തൊഴിഞ്ഞ   ഈറനാർന്ന   പ്രഭാതത്തിനപ്പുറം പകൽത്തീരത്തിലൂടെ    വേനലവധിക്കാലം   മെല്ലെ   നടന്നു നീങ്ങുന്നു. പശ്ചിമാംബരം  കാണാനാകും  മുറ്റത്തെ  കൽക്കെട്ടിനരികിൽ  ഓറഞ്ച് നിറമാർന്ന,  പട്ടുപോലെ     മൃദുലമായ     ഇതളുകളുള്ള,     നക്ഷത്രാകൃതിയുള്ള  വെള്ളിലപ്പൂവുകൾ വിരിഞ്ഞ്   നിന്നിരുന്നു. വാർഷികപ്പരീക്ഷ   കഴിഞ്ഞതിന്റെ ആശ്വാസവും, ആഹ്ലാദവും   പ്രിയയിലുണ്ടായിരുന്നു. ശുഭ്രനിറമാർന്ന വൈശാഖപൂവുകളുടെ   സുഗന്ധമൊഴുകും   അന്നത്തെ  സായാഹ്നത്തിലാണ് കലാലയമാസികയായ   സമാഗമത്തിലെ ‘വർഷകാലമേഘങ്ങൾ’  എന്ന കഥ പ്രിയ  വായിച്ചറിഞ്ഞത്.   പടർന്ന്  പന്തലിച്ച  പവിഴമല്ലിമരത്തിൻ  പൂവുകളിൽ  തിളങ്ങും അഗ്നിവർണ്ണവും, മാമ്പൂവിൻ  ഗന്ധവും  നിറഞ്ഞ പ്രിയയുടെ ഒഴിവുകാലവായനയിൽ കലാലയമാസികയായ ‘സമാഗമം’ അക്ഷരങ്ങൾ തൂവി..

നൂറ്റാണ്ടുകളുടെ  സംഗീതമൊഴുകും  ശില്പചാരുതയാർന്ന കൽത്തൂണുകൾക്കരികിലൂടെ ഒരു ശരത്ക്കാലത്തിൽ  ദ്രാവിഡക്ഷേത്രങ്ങൾ  തേടിപ്പോയ  അനിരുദ്ധൻ എന്ന വിദ്യാർഥിയുടെ യാത്രാവിവരണമായിരുന്നു
പ്രിയയുടെ ശ്രദ്ധയിലേയ്ക്ക് ആദ്യം കടന്നുവന്നത്. മനോഹരമായ
ചിത്രങ്ങൾ യാത്രാവിവരണത്തെ ആകർഷകമാക്കിയിരുന്നു.

‘വർഷകാലമേഘങ്ങൾ’ എന്ന  കഥയായിരുന്നു പ്രിയ പിന്നീട്  വായിച്ചത്.
വർഷകാലമേഘങ്ങൾക്കിത്ര ഭംഗിയുണ്ടാവും എന്ന് പ്രിയ മനസ്സിലാക്കിയത് ആ കഥ വായിച്ചതോടെയാണ്. ദേവദാസ് വർമ്മയെന്ന   കലാലയസാഹിത്യകാരനെ  പ്രിയ കണ്ടിട്ടില്ല. അഗ്നിക്കനലുകളിൽ മുങ്ങിയ  മുദ്രാവാക്യങ്ങളുമായ് ഭൂമിയിലെ ഒരോ മൺതരിയെയും   ധ്യാനത്തിൽ  നിന്നും ഉണർത്തി സമരക്കൂട്ടം ഏതൊക്കൊയോ  കാരണത്താൽ  ഒന്നാം  വർഷപഠനം    ഇടയ്ക്കിടെ    മുടക്കിയിരുന്നുതിനാൽ  സാഹിത്യക്കൂട്ടായ്മയെ   അറിയാനും ശില്പശാലകളിൽ പങ്കെടുക്കാനും ആദ്യവർഷം പ്രിയയ്ക്ക്  സാധിച്ചില്ല.

ദേവദാസ് വർമ്മയുടെ ‘വർഷകാലമേഘങ്ങൾ’  എന്ന  കഥയുടെ    തുടക്കം തന്നെ മനോഹരമായിരുന്നു. കഥയിലൊഴുകിയ  വാക്കുകളുടെ   നീർപ്രഹാഹം പ്രിയയെ ആകർഷിച്ചു.  കഥയിലെ  ഒലിവിലക്കിരീടം  ചൂടിയ യവനദേവന്മാരുടെ രൂപമുള്ള മേഘങ്ങൾ  പ്രിയയുടെ   മനസ്സിൽ  അമൃതജലം തൂവി.

“ആകാശത്തിൻ  അനന്തഭാവങ്ങൾ   തേടി  ദൃശ്യാദൃശ്യ   ചിത്രങ്ങളായ്,    അരൂപഭാവമാർന്നൊഴുകും വർഷകാലമേഘങ്ങൾ. ചില മേഘതുണ്ടുകൾ  
സ്വർഗദേവന്മാരുടെ  രൂപത്തിലും, മറ്റു ചില  മേഘങ്ങൾ ഒലിവിലക്കിരീടങ്ങൾ  ചൂടിയ  യവനദേവന്മാരുടെ  രൂപത്തിലും ആകാശത്തിന് താഴെ ഒഴുകി  നീങ്ങുന്നു.

അമൃതവർഷിണിയായ് മഴയൊഴുകുന്നു.  ഭൂമിയുടെ   ജീവസ്പന്ദമായ്   തളിരുകളുണരുന്നു.   തീരങ്ങളിലൂടെ,  മുനമ്പിലൂടെ  ദിശ  നഷ്ടമായ,  ആവരണങ്ങൾ   നഷ്ടമായ   മേഘജാലങ്ങൾ ജലധാര  വർഷിക്കുന്നു, ചക്രവാളത്തിനരികിൽ,  ആകാശത്തിനരികിൽ മറ്റൊരു കടൽ  പോലെ ഒഴുകുന്നു….”

വർഷകാലമേഘങ്ങളെ തൊട്ടുതൊട്ടൊഴുകിയ കഥ അങ്ങനെ  നീണ്ടുപോയി.

പ്രിയയ്ക്ക് വർമ്മയുടെ മനസ്സിലെ കവിഹൃദയം കാണാനായി.   വർമ്മയുടെ കഥയുടെയവസാനഭാഗവും പ്രിയയ്ക്കിഷ്ടപ്പെട്ടു.

“എത്ര മനോഹരമാണ് മേഘപൂരിതമായ ആകാശം. മേഘങ്ങൾ  പെയ്ത്പെയൊതൊഴിയുകയാണ്, ജലശേഖരം പൂഴ്ത്തിവയ്ക്കുന്നില്ല.
മേഘങ്ങളേ!!!
നിങ്ങൾ ഗുരുക്കന്മാരാകുന്നു. മരിക്കുമ്പോൾ ഞാനൊരു
 മേഘമായിരുന്നെങ്കിൽ”.....

ദിനാന്ത്യക്കുറിപ്പിലെഴുതാൻ   ഒലിവിലക്കിരീടം   ചൂടിയ
യവനദേവന്മാരെപ്പോലെയുള്ള  മേഘങ്ങളെ  കിട്ടിയതിൽ   പ്രിയ
സന്തോഷിച്ചു..

പതിനൊന്നാം വയസ്സിലാണ് പ്രിയ ദിനാന്ത്യക്കുറിപ്പുകൾ എഴുതാൻ
തുടങ്ങിയത്.

നാസി ജർമ്മനിയുടെ ജൂതസംഹാരത്തിനിടയിൽ ജീവൻ നഷ്ടമായ  ആൻ ഫ്രാങ്കിനെക്കുറിച്ചും,   ആൻ ഫ്രാങ്കിന്റെ  ‘ദി ഡയറി ഓഫ് എ യംഗ് ഗേൾ’ എന്ന ലോകപ്രശസ്തമായ  പുസ്തകത്തെകുറിച്ചും സ്കൂളിൽ ലൈബ്രറി ഉൽഘാടനത്തിനെത്തിയ ഒരു പ്രശസ്ത സാഹിത്യകാരൻ പ്രസംഗിക്കുകയുണ്ടായി. അന്ന് വൈകുന്നേരം അമ്മയോട് വഴക്കിട്ട് പ്രിയ ഒരു പുതിയ നോട്ട്ബുക്ക്  വാങ്ങുകയും  `ഡയറി ഓഫ് എ യംഗ് പ്രിയ’ എഴുതിതുടങ്ങുകയും ചെയ്തു. ..

എന്ത് ചെയ്യുമ്പോഴും തന്റേതായ  ഒരു മുദ്ര  ഉണ്ടാകണമെന്നും,
ആരെയും  അനുകരിക്കരുതെന്നും ഒരു  പ്രഭാഷകൻ സ്കൂളിൽ  പ്രസംഗിക്കാനിടയായതിനാൽ     ‘ഡയറി ഓഫ് എ യംഗ് പ്രിയ’
എന്ന  നോട്ട് ബുക്കിനെ   പതിനാലാം  വയസ്സിൽ
'സമുദ്രപ്രിയയുടെ  ദിനാന്ത്യക്കുറിപ്പുകൾ' എന്ന പേരിലേയ്ക്ക്
പ്രിയ മാറ്റി.

ഏകാന്തതയുടെ നൂറുവർഷങ്ങളും, ഏജിയൻ കടലും, സലോനിക  തുറുമുഖവും പ്രിയ ദിനാന്ത്യക്കുറിപ്പിനേകി. ഏജിയൻ കടലിടുക്കിൽ  ലോകമഹായുദ്ധത്തിനിടയിൽ മുങ്ങിപ്പോയ  ബ്രിട്ടാനിക്കിനെയും,  അറ്റ്ലാന്റിക്കിൽ താണുപോയ ടൈറ്റാനികിനോടൊപ്പം പ്രിയ  എഴുതിചേർത്തു. സ്വന്തം വീടിന്റെ  ചുമരുകളിൽ നിറയെ ചിത്രം വരച്ച്   ഈ  ലോകം വിട്ടുപോയ  കുട്ടിചിത്രകാരൻ  ക്ലിന്റ്,  ഇന്ത്യയുടെ ദേശീയ കവി ടാഗോർ,  ക്യൂബയിൽ മുഴങ്ങിയ ലാറ്റിനമേരിക്കൻ വിപ്ലവധ്വനിയിലൂടെ ലോകം  ഇന്നുമോർമ്മിക്കും  ഏർണസ്റ്റോ ചെ ഗുവേര ഇവരൊക്കെ പ്രിയയുടെ  ദിനാന്ത്യക്കുറിപ്പിലെ  വലിയ സംഭവങ്ങളായിരുന്നു.

ഇന്ത്യാ ചൈന അതിർരേഖയ്ക്കരികിൽ യുദ്ധം നടന്ന നാളിലെ  മലായാളരാജ്യം  വിശേഷാൽ പ്രതിയിലെ അമ്മമ്മ സൂക്ഷിച്ചുവച്ചിരുന്ന  ചില രാജ്യസ്നേഹകവിതകളും അമ്മമ്മയുടെ സന്തോഷത്തിനായ്
ദിനാന്ത്യക്കുറിപ്പിൽ പ്രിയ  ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനാന്ത്യക്കുറിപ്പിൽ ദൈവത്തിന്റെ സ്വന്തം  ദേശത്തിലെ കലാലയസമരങ്ങളും
അതിന്റെ  ചിരിയുണർത്തുന്ന കാരണങ്ങളും പ്രിയ എഴുതിചേർത്തിരുന്നു.
അഗ്നിക്കനലുകൾ   തിളങ്ങും ആവേശവുമായി രാഷ്ടതന്ത്രത്തിന്റെ  ആദ്യപാഠം പഠിക്കും  വിദ്യാർഥിനേതാക്കൾ പ്രിയയെ ആദ്യമൊക്കെ  അത്ഭുതപ്പെടുത്തിയിരുന്നു. കോളേജിലെ    വിദ്യാർഥിക്കൂട്ടം പ്രിയയുടെ  ദിനാന്ത്യക്കുറിപ്പിൽ നിറഞ്ഞിതിങ്ങനെയാണ്;

ശുഭ്രനിറമാർന്ന ഖദറിൽ മുങ്ങി രാഷ്ടീയം പ്രസംഗിക്കും  ഭാവി മന്ത്രിമാർ,
ചെണ്ടമേളം നടത്തി  പണപ്പിരിവ് നടത്തി കാന്റീനിൽ പോയി പരിപ്പുവടയും.
ചായയും  കുടിയ്ക്കും    ഹാസ്യതാരങ്ങൾ,  കട്ടിക്കണ്ണട  വച്ച് ലോകത്തോട്  മുഴുവൻ പ്രതികാരം ചെയ്യാനെന്നപോൽ നടക്കും  ബുദ്ധിജീവികൾ,  എല്ലാ ക്ലാസും ഒഴിവെടുത്ത്  വിദേശത്തുള്ള   മാതാപിതാക്കൾ അയയ്ക്കും ഡോളർ ഇന്ത്യൻ രൂപയാക്കി, രഹസ്യമായി കഞ്ചാവ്സേവ  നടത്തി പരസ്യമായി  കിറുങ്ങി നടക്കും അന്യഗ്രഹജീവികളെപ്പോലെയുള്ള ആൾരൂപങ്ങൾ,  ജൂനിയേഴ്സിനെ സ്നേഹത്തോടെ സഹായിക്കും  കുറെ നല്ല മനസ്സുകൾ….

വാർഷിക പരീക്ഷ കഴിഞ്ഞതിനാൽ പ്രിയയുടെ മനസ്സ് തികച്ചും സ്വതന്ത്രമായിരുന്നു. സമാഗമത്തിന്റെ ഒരോ പേജും അർഥമറിഞ്ഞ്  വായിക്കാൻ പ്രിയ ശ്രമിച്ചു. അത്യന്താധുനിക കവിതകളും,              
ലെനിൻ-മാർക്സ് തത്വങ്ങൾ  ചേർന്ന കഠിനസാഹിത്യസൃഷ്ടികളും, നെരൂദയുടെ പ്രണയകാവ്യവിവർത്തനവും പ്രിയ സമാഗമത്തിൽ   വായിച്ചു. റൂഡ് യാർഡ് കിപ്ലിംഗിന്റെ  if എന്ന കവിതയെപ്പറ്റിയുള്ള  ലേഖനത്തിനടുത്ത  പേജിലെ കവിതയുടെ ശീർഷകം കണ്ട്  കണ്ട് പ്രിയ അമ്പരന്നു.

'പ്രിയേ സമുദ്രപ്രിയേ'
ക്ലാസിലെ പ്രണയകവി ഇസ്മായേലിന്റെ കവിതയാണ്.

പ്രിയേ സമുദ്രപ്രിയേ!
നീയൊരു സംഗീതസ്വരം
മനോഹരതരംഗം
ശംഖുകളാൽ അലംകൃതമായ തീരത്തിൽ 
ഇതാ നിനക്കായൊരു കാവ്യം’

 ക്യാമ്പസ് റൂമി എന്ന് കുട്ടികൾ വിളിച്ചിരുന്ന    ഇസ്മായേൽ ഒരു ദിവസം മൂന്നോ നാലോ പ്രണയകവിതകൾ  എഴുതിയിരുന്നു. ഒമർ ഖയ്യാമും, റൂമിയുമായിരുന്നു ഇസ്മായേലിന്റെ  ആദരിണീയഗുരുക്കന്മാർ.

തുലാവർഷം തുള്ളിപ്പെയ്ത ഒക്ടോബറിലെ  മഴക്കാലത്തിൽ  ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇസ്മായേൽ ക്ലാസിലെ ഇരുപത്  പെൺകുട്ടികളുടെയും പേരുകൾ കടലാസ് തുണ്ടുകളിലെഴുതി  ഭാഗ്യബംബർ പോലെ ഒരു നറുക്കെടുപ്പ് നടത്തിയിരുന്നു.  ഇസ്മായിലിലിന്റെ ലക്കി ഡ്രോയിൽ വിജയി ക്കുന്ന സഹോദരിയുടെ പേരിൽ  സമാഗമത്തിൽ കവിതയെഴുതുമെന്നും  സഹോദരിമാരെല്ലാം  ഈ കവിസഹോദരനോട് സഹകരിക്കണമെന്നുള്ള ഒരു  മുൻകാലാപേക്ഷ
ഇസ്മായേൽ പെൺകുട്ടികൾക്ക് സമർപ്പിച്ചിരുന്നു.  ഇസ്മായേൽ  എന്ന
സഹോദരന്റെ അതീവ കൗതുകകരമായ ആവശ്യം  എല്ലാ സഹോദരിമാരും  അംഗീകരിച്ചു. പക്ഷെ നറുക്ക്  വീണ  സഹോദരിയുടെ  പേര്  ഇസ്മായിൽ രഹസ്യമായി വച്ചു.

പ്രിയേ, സമുദ്രപ്രിയേ.........

ഇസ്മായിലിന്റെ സൃഷ്ടി സമാഗമത്തിനൊരു പേജിലിരുന്ന്  മന്ദഹസിക്കുന്നു.
പ്രിയയ്ക്കത് കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

കർണ്ണാടകസംഗീതം ഇഷ്ടപ്പെട്ടിരുന്ന അമ്മമ്മ പ്രിയയുടെ പേര്  കണ്ടുപിടിച്ചതും ഏതാണ്ടിതേപോലെയായിരുന്നു. അതിശയകരമായ സാമ്യം...
ശ്രീചേച്ചിയ്ക്ക് മരിച്ചുപോയ അച്ഛമ്മയുടെ പേരിട്ടിതിനാൽ  അമ്മമ്മയ്ക്ക് പരീക്ഷണങ്ങളൊന്നും നടത്താനായില്ല. അത് കൊണ്ടാണ്  പ്രിയയുടെ പേരിന്റെ അവകാശം അമ്മമ്മ ചോദിച്ചു വാങ്ങിയത്.
ഗൗരിമനോഹരി, ദേവമനോഹരി, കല്യാണി, സിന്ധുഗൗരി,  കമലമനോഹരി……..
കർണ്ണാടകസംഗീതത്തിലെ അമ്മമ്മയ്ക്ക് ഇഷ്ടപ്പെട്ട രാഗങ്ങളുടെയെല്ലാം  പേരുകൾ ഒരോട്ടുരുളിയിലിട്ട് പൂജാമുറിയിൽ വച്ച് സരസ്വതി  മന്ത്രം ചൊല്ലി ഒന്ന്   കൈയിലെടുത്തു.

അമ്മമ്മയുടെ കൈയിൽ വന്ന പേരാണ് സമുദ്രപ്രിയ…

‘ലക്ഷ്മി’ എന്ന  അമ്മമ്മയുടെ  പേരായിരുന്നു ഇതിലും നല്ലതെന്ന്
അച്ഛൻ പറഞ്ഞെങ്കിലും അമ്മമ്മ സമ്മതിച്ചില്ല.
ഭാഗ്യം…. കല്യാണിയും, ശങ്കരിയും കളവാണിയുമൊന്നും  അമ്മമ്മയുടെ  കൈയിൽ  വന്നില്ലല്ലോ. ഇതിപ്പോ പ്രിയാന്നെങ്കിലും വിളിക്കാലോ.  കണക്കദ്ധ്യാപികയായ  അമ്മയുടെ അനിഷ്ടം പ്രിയ കേട്ടുമടുത്തിരുന്നു.

സ്വന്തം പേരിന്റെ നറുക്കെടുപ്പ് പോലെ അതിശയകരമായ മറ്റൊരു  നറുക്കെടുപ്പിലുണ്ടായ ‘പ്രിയേ സമുദ്രപ്രിയേ' എന്ന ഇസ്മായേലിന്റെ  കവിതയും ദിനാന്ത്യക്കുറിപ്പിലുൾപ്പെടുത്താൻ പ്രിയ തീരുമാനിച്ചു.

സമരഘോഷയാത്രകൾക്കിടയിലെ   രസകരമായ  പഠനത്തിനിടയിൽ ഇംഗ്ലീഷ്  പഠിപ്പിച്ചിരുന്ന  അനുമാഡത്തെ  ബി. ബി. സി ന്യൂസ് റീഡർ  എന്നും  സാമ്പത്തികശാസ്ത്രം  പഠിപ്പിച്ചിരുന്ന മാത്യൂസ്  സാറിനെ  ആഡം സ്മിത്ത് എന്നും    രഹസ്യമായി വിളിച്ച്  പ്രിയയുടെ  ക്ലാസിലെ വീരന്മാർ  ആനന്ദിച്ചു.
ഒരു വർഷത്തെ  ഇംഗ്ലീഷ് ക്ലാസിനിടയിൽ    ‘ഇൻസ്പിരേഷൻ’  എന്ന വാക്കിന്  ‘പ്രചോദനം’  എന്ന ഒരേയൊരു  മലയാളവാക്ക്  മാത്രമേ  അനുമാഡം  പറഞ്ഞുള്ളൂ എന്നതായിരുന്നു  പ്രിയയുടെ  ക്ലാസിലെ  വീരന്മാരുടെ   ആ വർഷത്തെ    മഹത്തായ   കണ്ടുപിടുത്തം.

സ്കൂളിൽ നിന്നും വളരെയേറെ  വ്യത്യസ്തമായ പഠനാന്തരീക്ഷമായിരുന്നു
കലാലയത്തിൽ.   പ്രിയയുടെ   അമ്മയ്ക്ക്  ശ്രീചേച്ചി   പഠിച്ചിരുന്ന
കോൺവെന്റ്  കോളേജിൽ     പ്രിയയെ  ചേർക്കാനായിരുന്നു താല്പര്യം.  ധനതത്വശാസ്ത്രവും,  വാണിജ്യശാസ്ത്രവും  പഠിക്കാനായിരുന്നു പ്രിയയ്ക്ക്  താല്പര്യം.  കോൺവെന്റ്  കോളേജിൽ അങ്ങനെയൊരു ഗ്രൂപ്പ്  തുടങ്ങിയിട്ടില്ലാത്തതിനാലാണ്   മനസ്സില്ലാമനസ്സോടെ  അമ്മ  സമരവീരന്മാരുടെ  കോളേജിൽ  പ്രിയയെ  ചേർത്തത്.

പ്രിയയ്ക്ക്   അമ്മമ്മയുടെ   പൊട്ടബുദ്ധിയാണെന്നും,  രണ്ടാമത്തെ മോളുടെ  തലേലൊന്നുമില്ല, എന്നും അമ്മ ഇടയ്ക്കിടെ പറയാറുണ്ട്.
ആകാശം താഴേയ്ക്കടർന്നു വീണുവോ എന്ന പോലെ അമ്മ  സംസാരിക്കുന്നത്  കേൾക്കുമ്പോൾ  ദിനാന്ത്യക്കുറിപ്പിൽ  അമ്മയെപ്പറ്റി  ഇന്നെന്തെഴുതും  എന്നാലോചിക്കും  പ്രിയ .

കലാലയത്തെ  പ്രകമ്പനത്താലുലച്ച്,  അഗ്നിക്കനലുകൾ  തിളങ്ങും  മുദ്രാവാക്യങ്ങളാലുണർത്തി കൊടിതോരണങ്ങളുമായ്  നീങ്ങിയ സമരപരമ്പരകളാൽ  നഷ്ടമായ  ക്ലാസുകൾക്ക്  പകരക്കാരായ്  പുസ്തകശാലകളിൽ നിന്നും  പ്രിയ പഠനസഹായികൾ വാങ്ങി.  ലൈബ്രറിയിൽ  നിന്നും  കുറെയേറെ ബുക്കുകൾ  വായിക്കുകയും,  രാവും  പകലും ഉറക്കം നഷ്ടമാക്കി പഠിച്ച്    വർഷാവസാന പരീക്ഷ  എഴുതുകയും  ചെയ്തതോടെ പ്രിയ ഒഴിവുകാലത്തിൻ ചെറിയ ഇടവേളയുടെ സ്വാതന്ത്ര്യമറിഞ്ഞു.

ഒഴിവുകാലത്താണ് അമ്പലത്തിൽ സപ്താഹവും, ശിവക്ഷേത്രത്തിലെ  ഉൽസവവും.  ശിവക്ഷേത്രത്തിലെ ഉൽസവത്തിന് കഥകളിയുണ്ടാവും.  പ്രിയയുടെ  ദിനാന്ത്യക്കുറിപ്പിൽ കടന്നു വന്ന കഥകളി കർണ്ണശപഥമാണ്.
കഴിഞ്ഞ ഉൽസവത്തിന് കണ്ട കർണ്ണശപഥത്തിൽ കുന്തിയുടെ മുന്നിൽ  മാതൃസ്നേഹവും, ദുരോധനന്റെ മുന്നിൽ സുഹൃദ് സ്നേഹവും അഭിനയിച്ച് പ്രിയയുടെ മനസ്സിൽ ഒരു താരപരിവേഷമുണ്ടാക്കിയ സഹദേവൻ എന്ന  നടൻ മുഴുക്കുടിയനാണെന്ന് അച്ഛൻ പറഞ്ഞപ്പോൾ പ്രിയയ്ക്ക് ആകെ   നിരാശ തോന്നിയെങ്കിലും ദിനാന്ത്യക്കുറിപ്പിൽ സഹദേവന്റെ  കർണ്ണനെക്കുറിച്ചെഴുതാതിരിക്കാൻ പ്രിയക്കായില്ല.

സമാഗമത്തിലെ സൃഷ്ടികൾ വായിച്ചുതീർന്നപ്പോൾ പ്രിയ അച്ഛന്റെ ചെറിയ ഗ്രന്ഥശാലയിലെ മാളവികാഗ്നിമിത്രവും, ആശ്ചര്യചൂഢാമണിയും  വീണ്ടും വായിച്ചു. അതിലെ കുലീനഭാഷയും, ഭംഗിയുള്ള വാക്കുകളും  പ്രിയയെ  ആശ്ചര്യപ്പെടുത്തി. സമാഗമത്തിൽ  പ്രിയയെ ഏറ്റവും  ആകർഷിച്ച  ദേവദാസ് വർമ്മയുടെ വർഷകാലമേഘങ്ങളിലും  ഇതേ പോലൊരു  കുലീനഭാഷയായിരുന്നു എന്ന അറിവ് പ്രിയയെ സന്തോഷിപ്പിച്ചു. …

ഒഴിവുകാലം എത്ര വേഗമാണില്ലതെയാവുന്നത്. പുതിയ കലാലയവർഷത്തിൽ ആദ്യം  ചെയ്യേണ്ട പ്രധാനകാര്യങ്ങളൊക്കെ പ്രിയ  എഴുതിയുണ്ടാക്കി. കോളേജ് തുറന്നാൽ  സെക്കന്റ്  ലിറ്ററച്ചറിലെ  ദേവദാസ്  വർമ്മയെ  പരിചയപ്പെടണം. സാഹിത്യസംഗമത്തിലംഗമാവണം. സമാഗമത്തിൽ
കവിതകളെഴുതണം.

പുതിയ അദ്ധ്യയനവർഷത്തിലേയ്ക്കുള്ള ദീർഘകാലപദ്ധതി മനസ്സിൽ മനപ്പാഠമായപ്പോൾ പ്രിയ വെറുതെ പൂന്തോട്ടത്തിലൂടെ നടന്നു.  പ്രിയയുടെ വീടിന് നാലുചുറ്റും ചെടികളുണ്ട്. പൂന്തോട്ടത്തിലെ
പല  ചെടികളും പഴമക്കാരായിരുന്നു.  അച്ഛമ്മ        നട്ട്  വളർത്തിയ  കൃഷ്ണ, രാമ, കർപ്പൂരതുളസികളുടെ  പിൻഗാമികൾ,  ഗന്ധരാജനും,
 കല്യാണസൗഗന്ധികവും, കുറുമൊഴിയും, പിച്ചകവും,  വാടാമുല്ലയും.  വൈശാഖമന്ദാരപ്പൂവുകൾ നിറഞ്ഞ തെക്കെമുറ്റത്തുകൂടി  നടക്കുമ്പോൾ  പ്രിയ മനസ്സിൽ പറഞ്ഞു.
 നല്ല സായാഹ്നം…..
ഇവിടെയിരുന്നൊരു കവിതയെഴുതണം….
തെക്കേ പറമ്പിൽ  അച്ഛമ്മയുടെ പട്ടടയ്ക്കരികിലിരുന്ന്     മരണത്തെപ്പറ്റി  പ്രിയ എഴുതിയ  ‘ഗൂഢനിഗൂഢതകൾ’ എന്ന  കവിത അമ്മ കാണാനിടയായി..
പ്രിയ വളരെ പ്രയത്നപ്പെട്ടെഴുതിയ
മരണം മഹാജാലമതിവിസ്മയം, ശിരോലിഖിതത്തിനവസാനവചനം
ഏതോ അദൃശ്യ തലത്തിൽ നിന്നുംഗൂഢ ഗൂഢമാകും ഗതിയിലേയ്ക്കാരുമറിയാതെ
ആരോരുമില്ലാതെ തനിയെ പറക്കുമാത്മാവിന്റെ ഒരു മഹായാനം മരണം.........
എന്ന കവിത അമ്മ അന്ന്  കണക്കക്ഷരം  വായിക്കും പോലെ  ശബ്ദമുയർത്തി  ചൊല്ലുകയുണ്ടായി..
കവിത നന്നായതിനാലാവും  അമ്മ വായിച്ചത് എന്ന് പ്രിയ ആദ്യം കരുതി,

‘നിനക്കിതല്ലാതെ വേറെ ഒന്നും  എഴുതാൻ കിട്ടിയില്ലേ’

ശബ്ദമുയർത്തി അമ്മ പ്രിയയെ അന്ന് ശാസിച്ചു.
അമ്മയുടെ ശാസന  പ്രിയയ്ക്ക് തീരെ ഇഷ്ടപ്പെടാറില്ല.
കണക്ക്  കുറച്ചും, കൂട്ടിയും ,   തലയിൽ മുഴുവനും   അക്കങ്ങൾ  സൂക്ഷിക്കുന്ന  കണക്കദ്ധ്യാപികയ്ക്കെങ്ങെനെ  സാഹിത്യബോധമുണ്ടാവും…..
തിരിയെ എന്തെങ്കിലും  പറഞ്ഞാൽ  അമ്മയിൽ  നിന്നും കിട്ടാനിടയുള്ള,
കവിതയെഴുതാൻ  പ്രപഞ്ചവും, പ്രകൃതിയും, ജഗദ്വീശ്വരനും  മുൻപിലുള്ളപ്പോൾ വേണ്ടാത്തത് തന്നെ എഴുതി സമയം കളയാതെ  ശ്രീചേച്ചിയെ പോലെ പാഠപുസ്തകങ്ങൾ പഠിക്കാൻ ശ്രമിക്ക്’ എന്ന് തുടങ്ങുന്ന നീണ്ട  പ്രഭാഷണം കേൾക്കാനുള്ള ത്രാണി ഇല്ലാത്തതിനാൽ  പ്രിയ മിണ്ടാതെ  വെറുതെ നിൽക്കും.  എഴുതുന്നത് അമ്മ കാണാതിരിയ്ക്കാനിപ്പോൾ പ്രിയ ആവതും  ശ്രമിക്കുന്നുണ്ട്.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഒഴിവുകാലം  അവസാനിക്കും..
മന്ദാരപ്പൂവിതളുകൾ നിറഞ്ഞ തെക്കേമുറ്റത്തുകൂടി മുന്നോട്ട് നടന്നപ്പോൾ വൃക്ഷശിഖരങ്ങൾക്കിടയിലൂടെ പശ്ചിമാംബരഭംഗി പ്രിയയ്ക്ക് കാണാനായി. പടിഞ്ഞാറെ   നെൽപ്പാടത്തിനരികിലെ ആകാശത്തിൽ സൂര്യൻ  കത്തിജ്വലിച്ച് മറയാനൊരുങ്ങുന്നു.

ആകാശത്തിന്  താഴെയായി പറന്നു നീങ്ങുന്നു പഞ്ഞിത്തുണ്ടുപോലെയുള്ള  മേഘങ്ങൾ….

പ്രിയയിലെ  കവിഹൃദയം ഉണർന്നു…
അന്നത്തെ ദിനാന്ത്യക്കുറിപ്പിലെഴുലെഴുതേണ്ട വാക്കുകൾ പ്രിയ
മനസ്സിൽ കുറിച്ചു…

മേഘങ്ങളേ,
ഒലിവിലക്കിരീടം ചൂടിയ യവനദേവന്മാരുടെ രുപമുള്ള  മേഘങ്ങളുടെ  കഥയെഴുതിയ  ഒരു   സാഹിത്യകാരൻ  ദേവദാസ് വർമ്മ    ഞങ്ങളുടെ
കോളേജിലുണ്ട്.  അയാളെ നിങ്ങൾ  കണ്ടു   കാണും.  പല സ്ഥലങ്ങളിലും  നിങ്ങൾ  യാത്ര  ചെയ്യുന്നു  എന്നറിയാം.  നിങ്ങളാ വർമ്മയെ  കണ്ടാൽ  ഒരു സന്ദേശം  കൊടുക്കണം…. 
ഒരു മേഘസന്ദേശം….. 
അയാൾക്കൊരു ആരാധിക  ഉണ്ടായിരിക്കുന്നു.  അത് മറ്റാരുമല്ല,
പ്രിയയെന്ന  ഈ ഞാൻ തന്നെ. 

തൊടിയിൽ പിച്ചകങ്ങൾ പൂത്തു നിന്നിരുന്നു.  അവിടെയുമിവിടെയും  മാമ്പഴം നുകർന്ന്   അണ്ണാർക്കണ്ണന്മാർ   ഓടി നടക്കുന്നു.   മൈനകൾ
അയനി വൃക്ഷത്തിലേയ്ക്ക് പറന്നേറുന്നു.  അടയ്ക്കാകുരുവികൾ
അവിടെയുമിവിടെയും പാറി നടക്കുന്നു. കരിയിലക്കിളികൾ മണ്ണിൽ  എന്തൊക്കെയോ  തിരയുന്നു.  മെല്ലെയൊഴുകുന്ന  കാറ്റിൽ  കേതകിപ്പൂവുകളുടെ സുഗന്ധം.   സായന്തനത്തിന് സന്ധ്യാദീപപ്രകാശം. ഇവിടെയിരുന്ന് സമയം  കിട്ടുമ്പോൾ  കുറെയേറെ എഴുതണം  പ്രിയ  മനസ്സിൽ കരുതി.

വർമ്മയുടെ  വർഷകാലമേഘങ്ങൾ പോലെയൊരു കഥ……..
ഒലിവിലക്കിരീടം ചൂടിയ  യവനദേവന്മാരെപോലെയുള്ള  മേഘങ്ങളൊഴുകുന്ന  കഥ….

ഒഴിവുകാലം  അവസാനിക്കുകയും  പ്രഭാതം പുതിയ കലാലയവർഷത്തിലേയ്ക്ക്   നടന്നു  നീങ്ങുകയും  ചെയ്തു.   രണ്ടാം വർഷത്തിലെ  ആദ്യദിനം പ്രിയയെ  സന്തോഷിപ്പിച്ചു. ചെണ്ടമേളങ്ങൾ,  അഗ്നിക്കല ചൂടിയ  തീപാറും  പ്രസംഗങ്ങൾ,  സാംസ്ക്കാരികസമ്മേളനങ്ങൾ,  ഗാനമേളകൾ,   യുവജനോൽസവം………
കലാലയം കലയുടെ ആലയം തന്നെ.

പ്രിയ ഇടനാഴിയിലൂടെ ആഹ്ലാദം നിറഞ്ഞ മനസ്സുമായ് നടന്നു.  നോട്ടീസ്  ബോർഡിനടുത്ത് ആൾക്കൂട്ടം…..

അടുത്ത സംരഭം എന്താണാവോ, ഏത് നടനാവും ഈ വർഷം വരിക.
ഒരോ  ഗ്രൂപ്പും മൽസരിച്ചാണല്ലോ  ചലച്ചിത്രതാരങ്ങളെ    ക്യാമ്പസിലേയ്ക്ക്  സ്വീകരിക്കുക.

ഒന്നാം നിലയിലെ ക്ലാസിലെത്തിയ പ്രിയ അടുത്ത സുഹൃത്തായ ലീനയുടെ  അടുത്തേയ്ക്ക് മെല്ലെ നടന്നു..
അവധിക്കാലസാഹസികതകൾ പലതും കൈമാറാനുണ്ട്

പ്രിയേ... സമുദ്രപ്രിയേ….
 ഒരു കുട്ടി പുറകിലെ ബഞ്ചിലിരുന്ന് പാടി...

ലീനയുടെ അടുത്ത് ബെഞ്ചിലിരിക്കുമ്പോൾ ലീന  ചോദിച്ചു.

പ്രിയ  നീ  നോട്ടീസ് ബോർഡ് കണ്ടുവോ
ഇല്ലല്ലോ ലീന….. അതിനരികിൽ കോളേജ്  മുഴുവനുമുണ്ടല്ലോ  
ഏതെങ്കിലും സ്റ്റാർ വരുന്നുണ്ടായിരിക്കും……
സങ്കടമുള്ള ഒരു വാർത്തയുണ്ട് , സെക്കന്റ് ലിറ്ററച്ചറിലെ ഒരു സ്റ്റുഡന്റ് മരിച്ചുവത്രെ,
ഒരു ദേവദാസ് വർമ്മ……..
തിരുപ്പതിയിൽ നിന്നും കാളഹസ്തിയിലേയ്ക്ക് പോകുന്ന വഴിയിൽ
കാർ ഒരു ഹെവിലോഡ് ട്രക്കിലിടിക്കുകയായിരുന്നു….
കാർ ഡ്രൈവർ അറിയാതെ ഉറങ്ങിപ്പോയെന്നും അതിനാലാണ്  അപകടമുണ്ടായതെന്നും കുട്ടികൾ പറയുന്നത് കേട്ടു…….

ലീന  വീണ്ടും പറഞ്ഞതൊന്നും പ്രിയയ്ക്ക് കേൾക്കാനായില്ല.

ദിനാന്ത്യകുറിപ്പിൽ പ്രിയയെഴുതി ചേർത്ത  സ്വർണ്ണമുഖിനദിയുടെ  തീരവും, ദക്ഷിണേന്ത്യയിലെ  ശിവപഞ്ചമൂലസ്ഥാനങ്ങളിലൊന്നായ കാളഹസ്തിയും
പ്രിയയുടെ ചുറ്റും  അഗ്നിതൂവി. തേജോമയമായ തിരുവണ്ണാമലയും, വായുസ്ഥാനമായ  കാളഹസ്തിയും, ഭൂമിസ്ഥാനമായ കാഞ്ചീപുരവും, ജലാംശസ്ഥാനമായ  തിരുവനെകോവിലും,  ആകാശസ്ഥാനമായ ചിദംബരവും രുദ്രാക്ഷമുത്തുകളായ്, മിഴിനീർത്തുള്ളികളായ്  പ്രിയയ്ക്ക്    ചുറ്റുമൊഴുകി.

വർഷകാലമേഘങ്ങൾ  ജാലകവാതിലിനരികിലൂടെ പറന്നേറി പ്രിയയ്ക്ക് ചുറ്റും  പെയ്തൊഴിഞ്ഞു, അവസാനം ആ മേഘശകലങ്ങൾ  പ്രിയയുടെ മിഴികളിലുറഞ്ഞു…

അന്നത്തെ ദിനാന്ത്യക്കുറിപ്പിൽ പ്രിയയെഴുതി
ആദരാഞ്ജലി…
ദേവദാസ് വർമ്മ…….
മേഘങ്ങളേ!
ഒലിവിലക്കിരീടം ചൂടിയ യവനദേവന്മാരുടെ രുപമുള്ള  മേഘങ്ങളുടെ കഥയെഴുതിയ,  മരിയ്ക്കുമ്പോളൊരു  മേഘമാകാനാഗ്രഹിച്ച  കഥാകാരനെ നിങ്ങളുടെയിടയിൽ  കണ്ടുവെന്നാൽ  പറയുക..
‘വർഷകാലമേഘങ്ങൾ’ എന്ന  കഥ മനോഹരമായിരുന്നു….

No comments:

Post a Comment