Tuesday, October 28, 2014

വർഷകാലമേഘങ്ങൾ
(By Rema Prasanna Pisharody)


വൈശാഖമഴ   പെയ്തൊഴിഞ്ഞ   ഈറനാർന്ന   പ്രഭാതത്തിനപ്പുറം പകൽത്തീരത്തിലൂടെ    വേനലവധിക്കാലം   മെല്ലെ   നടന്നു നീങ്ങുന്നു. പശ്ചിമാംബരം  കാണാനാകും  മുറ്റത്തെ  കൽക്കെട്ടിനരികിൽ  ഓറഞ്ച് നിറമാർന്ന,  പട്ടുപോലെ     മൃദുലമായ     ഇതളുകളുള്ള,     നക്ഷത്രാകൃതിയുള്ള  വെള്ളിലപ്പൂവുകൾ വിരിഞ്ഞ്   നിന്നിരുന്നു. വാർഷികപ്പരീക്ഷ   കഴിഞ്ഞതിന്റെ ആശ്വാസവും, ആഹ്ലാദവും   പ്രിയയിലുണ്ടായിരുന്നു. ശുഭ്രനിറമാർന്ന വൈശാഖപൂവുകളുടെ   സുഗന്ധമൊഴുകും   അന്നത്തെ  സായാഹ്നത്തിലാണ് കലാലയമാസികയായ   സമാഗമത്തിലെ ‘വർഷകാലമേഘങ്ങൾ’  എന്ന കഥ പ്രിയ  വായിച്ചറിഞ്ഞത്.   പടർന്ന്  പന്തലിച്ച  പവിഴമല്ലിമരത്തിൻ  പൂവുകളിൽ  തിളങ്ങും അഗ്നിവർണ്ണവും, മാമ്പൂവിൻ  ഗന്ധവും  നിറഞ്ഞ പ്രിയയുടെ ഒഴിവുകാലവായനയിൽ കലാലയമാസികയായ ‘സമാഗമം’ അക്ഷരങ്ങൾ തൂവി..

നൂറ്റാണ്ടുകളുടെ  സംഗീതമൊഴുകും  ശില്പചാരുതയാർന്ന കൽത്തൂണുകൾക്കരികിലൂടെ ഒരു ശരത്ക്കാലത്തിൽ  ദ്രാവിഡക്ഷേത്രങ്ങൾ  തേടിപ്പോയ  അനിരുദ്ധൻ എന്ന വിദ്യാർഥിയുടെ യാത്രാവിവരണമായിരുന്നു
പ്രിയയുടെ ശ്രദ്ധയിലേയ്ക്ക് ആദ്യം കടന്നുവന്നത്. മനോഹരമായ
ചിത്രങ്ങൾ യാത്രാവിവരണത്തെ ആകർഷകമാക്കിയിരുന്നു.

‘വർഷകാലമേഘങ്ങൾ’ എന്ന  കഥയായിരുന്നു പ്രിയ പിന്നീട്  വായിച്ചത്.
വർഷകാലമേഘങ്ങൾക്കിത്ര ഭംഗിയുണ്ടാവും എന്ന് പ്രിയ മനസ്സിലാക്കിയത് ആ കഥ വായിച്ചതോടെയാണ്. ദേവദാസ് വർമ്മയെന്ന   കലാലയസാഹിത്യകാരനെ  പ്രിയ കണ്ടിട്ടില്ല. അഗ്നിക്കനലുകളിൽ മുങ്ങിയ  മുദ്രാവാക്യങ്ങളുമായ് ഭൂമിയിലെ ഒരോ മൺതരിയെയും   ധ്യാനത്തിൽ  നിന്നും ഉണർത്തി സമരക്കൂട്ടം ഏതൊക്കൊയോ  കാരണത്താൽ  ഒന്നാം  വർഷപഠനം    ഇടയ്ക്കിടെ    മുടക്കിയിരുന്നുതിനാൽ  സാഹിത്യക്കൂട്ടായ്മയെ   അറിയാനും ശില്പശാലകളിൽ പങ്കെടുക്കാനും ആദ്യവർഷം പ്രിയയ്ക്ക്  സാധിച്ചില്ല.

ദേവദാസ് വർമ്മയുടെ ‘വർഷകാലമേഘങ്ങൾ’  എന്ന  കഥയുടെ    തുടക്കം തന്നെ മനോഹരമായിരുന്നു. കഥയിലൊഴുകിയ  വാക്കുകളുടെ   നീർപ്രഹാഹം പ്രിയയെ ആകർഷിച്ചു.  കഥയിലെ  ഒലിവിലക്കിരീടം  ചൂടിയ യവനദേവന്മാരുടെ രൂപമുള്ള മേഘങ്ങൾ  പ്രിയയുടെ   മനസ്സിൽ  അമൃതജലം തൂവി.

“ആകാശത്തിൻ  അനന്തഭാവങ്ങൾ   തേടി  ദൃശ്യാദൃശ്യ   ചിത്രങ്ങളായ്,    അരൂപഭാവമാർന്നൊഴുകും വർഷകാലമേഘങ്ങൾ. ചില മേഘതുണ്ടുകൾ  
സ്വർഗദേവന്മാരുടെ  രൂപത്തിലും, മറ്റു ചില  മേഘങ്ങൾ ഒലിവിലക്കിരീടങ്ങൾ  ചൂടിയ  യവനദേവന്മാരുടെ  രൂപത്തിലും ആകാശത്തിന് താഴെ ഒഴുകി  നീങ്ങുന്നു.

അമൃതവർഷിണിയായ് മഴയൊഴുകുന്നു.  ഭൂമിയുടെ   ജീവസ്പന്ദമായ്   തളിരുകളുണരുന്നു.   തീരങ്ങളിലൂടെ,  മുനമ്പിലൂടെ  ദിശ  നഷ്ടമായ,  ആവരണങ്ങൾ   നഷ്ടമായ   മേഘജാലങ്ങൾ ജലധാര  വർഷിക്കുന്നു, ചക്രവാളത്തിനരികിൽ,  ആകാശത്തിനരികിൽ മറ്റൊരു കടൽ  പോലെ ഒഴുകുന്നു….”

വർഷകാലമേഘങ്ങളെ തൊട്ടുതൊട്ടൊഴുകിയ കഥ അങ്ങനെ  നീണ്ടുപോയി.

പ്രിയയ്ക്ക് വർമ്മയുടെ മനസ്സിലെ കവിഹൃദയം കാണാനായി.   വർമ്മയുടെ കഥയുടെയവസാനഭാഗവും പ്രിയയ്ക്കിഷ്ടപ്പെട്ടു.

“എത്ര മനോഹരമാണ് മേഘപൂരിതമായ ആകാശം. മേഘങ്ങൾ  പെയ്ത്പെയൊതൊഴിയുകയാണ്, ജലശേഖരം പൂഴ്ത്തിവയ്ക്കുന്നില്ല.
മേഘങ്ങളേ!!!
നിങ്ങൾ ഗുരുക്കന്മാരാകുന്നു. മരിക്കുമ്പോൾ ഞാനൊരു
 മേഘമായിരുന്നെങ്കിൽ”.....

ദിനാന്ത്യക്കുറിപ്പിലെഴുതാൻ   ഒലിവിലക്കിരീടം   ചൂടിയ
യവനദേവന്മാരെപ്പോലെയുള്ള  മേഘങ്ങളെ  കിട്ടിയതിൽ   പ്രിയ
സന്തോഷിച്ചു..

പതിനൊന്നാം വയസ്സിലാണ് പ്രിയ ദിനാന്ത്യക്കുറിപ്പുകൾ എഴുതാൻ
തുടങ്ങിയത്.

നാസി ജർമ്മനിയുടെ ജൂതസംഹാരത്തിനിടയിൽ ജീവൻ നഷ്ടമായ  ആൻ ഫ്രാങ്കിനെക്കുറിച്ചും,   ആൻ ഫ്രാങ്കിന്റെ  ‘ദി ഡയറി ഓഫ് എ യംഗ് ഗേൾ’ എന്ന ലോകപ്രശസ്തമായ  പുസ്തകത്തെകുറിച്ചും സ്കൂളിൽ ലൈബ്രറി ഉൽഘാടനത്തിനെത്തിയ ഒരു പ്രശസ്ത സാഹിത്യകാരൻ പ്രസംഗിക്കുകയുണ്ടായി. അന്ന് വൈകുന്നേരം അമ്മയോട് വഴക്കിട്ട് പ്രിയ ഒരു പുതിയ നോട്ട്ബുക്ക്  വാങ്ങുകയും  `ഡയറി ഓഫ് എ യംഗ് പ്രിയ’ എഴുതിതുടങ്ങുകയും ചെയ്തു. ..

എന്ത് ചെയ്യുമ്പോഴും തന്റേതായ  ഒരു മുദ്ര  ഉണ്ടാകണമെന്നും,
ആരെയും  അനുകരിക്കരുതെന്നും ഒരു  പ്രഭാഷകൻ സ്കൂളിൽ  പ്രസംഗിക്കാനിടയായതിനാൽ     ‘ഡയറി ഓഫ് എ യംഗ് പ്രിയ’
എന്ന  നോട്ട് ബുക്കിനെ   പതിനാലാം  വയസ്സിൽ
'സമുദ്രപ്രിയയുടെ  ദിനാന്ത്യക്കുറിപ്പുകൾ' എന്ന പേരിലേയ്ക്ക്
പ്രിയ മാറ്റി.

ഏകാന്തതയുടെ നൂറുവർഷങ്ങളും, ഏജിയൻ കടലും, സലോനിക  തുറുമുഖവും പ്രിയ ദിനാന്ത്യക്കുറിപ്പിനേകി. ഏജിയൻ കടലിടുക്കിൽ  ലോകമഹായുദ്ധത്തിനിടയിൽ മുങ്ങിപ്പോയ  ബ്രിട്ടാനിക്കിനെയും,  അറ്റ്ലാന്റിക്കിൽ താണുപോയ ടൈറ്റാനികിനോടൊപ്പം പ്രിയ  എഴുതിചേർത്തു. സ്വന്തം വീടിന്റെ  ചുമരുകളിൽ നിറയെ ചിത്രം വരച്ച്   ഈ  ലോകം വിട്ടുപോയ  കുട്ടിചിത്രകാരൻ  ക്ലിന്റ്,  ഇന്ത്യയുടെ ദേശീയ കവി ടാഗോർ,  ക്യൂബയിൽ മുഴങ്ങിയ ലാറ്റിനമേരിക്കൻ വിപ്ലവധ്വനിയിലൂടെ ലോകം  ഇന്നുമോർമ്മിക്കും  ഏർണസ്റ്റോ ചെ ഗുവേര ഇവരൊക്കെ പ്രിയയുടെ  ദിനാന്ത്യക്കുറിപ്പിലെ  വലിയ സംഭവങ്ങളായിരുന്നു.

ഇന്ത്യാ ചൈന അതിർരേഖയ്ക്കരികിൽ യുദ്ധം നടന്ന നാളിലെ  മലായാളരാജ്യം  വിശേഷാൽ പ്രതിയിലെ അമ്മമ്മ സൂക്ഷിച്ചുവച്ചിരുന്ന  ചില രാജ്യസ്നേഹകവിതകളും അമ്മമ്മയുടെ സന്തോഷത്തിനായ്
ദിനാന്ത്യക്കുറിപ്പിൽ പ്രിയ  ഉൾപ്പെടുത്തിയിട്ടുണ്ട്.

ദിനാന്ത്യക്കുറിപ്പിൽ ദൈവത്തിന്റെ സ്വന്തം  ദേശത്തിലെ കലാലയസമരങ്ങളും
അതിന്റെ  ചിരിയുണർത്തുന്ന കാരണങ്ങളും പ്രിയ എഴുതിചേർത്തിരുന്നു.
അഗ്നിക്കനലുകൾ   തിളങ്ങും ആവേശവുമായി രാഷ്ടതന്ത്രത്തിന്റെ  ആദ്യപാഠം പഠിക്കും  വിദ്യാർഥിനേതാക്കൾ പ്രിയയെ ആദ്യമൊക്കെ  അത്ഭുതപ്പെടുത്തിയിരുന്നു. കോളേജിലെ    വിദ്യാർഥിക്കൂട്ടം പ്രിയയുടെ  ദിനാന്ത്യക്കുറിപ്പിൽ നിറഞ്ഞിതിങ്ങനെയാണ്;

ശുഭ്രനിറമാർന്ന ഖദറിൽ മുങ്ങി രാഷ്ടീയം പ്രസംഗിക്കും  ഭാവി മന്ത്രിമാർ,
ചെണ്ടമേളം നടത്തി  പണപ്പിരിവ് നടത്തി കാന്റീനിൽ പോയി പരിപ്പുവടയും.
ചായയും  കുടിയ്ക്കും    ഹാസ്യതാരങ്ങൾ,  കട്ടിക്കണ്ണട  വച്ച് ലോകത്തോട്  മുഴുവൻ പ്രതികാരം ചെയ്യാനെന്നപോൽ നടക്കും  ബുദ്ധിജീവികൾ,  എല്ലാ ക്ലാസും ഒഴിവെടുത്ത്  വിദേശത്തുള്ള   മാതാപിതാക്കൾ അയയ്ക്കും ഡോളർ ഇന്ത്യൻ രൂപയാക്കി, രഹസ്യമായി കഞ്ചാവ്സേവ  നടത്തി പരസ്യമായി  കിറുങ്ങി നടക്കും അന്യഗ്രഹജീവികളെപ്പോലെയുള്ള ആൾരൂപങ്ങൾ,  ജൂനിയേഴ്സിനെ സ്നേഹത്തോടെ സഹായിക്കും  കുറെ നല്ല മനസ്സുകൾ….

വാർഷിക പരീക്ഷ കഴിഞ്ഞതിനാൽ പ്രിയയുടെ മനസ്സ് തികച്ചും സ്വതന്ത്രമായിരുന്നു. സമാഗമത്തിന്റെ ഒരോ പേജും അർഥമറിഞ്ഞ്  വായിക്കാൻ പ്രിയ ശ്രമിച്ചു. അത്യന്താധുനിക കവിതകളും,              
ലെനിൻ-മാർക്സ് തത്വങ്ങൾ  ചേർന്ന കഠിനസാഹിത്യസൃഷ്ടികളും, നെരൂദയുടെ പ്രണയകാവ്യവിവർത്തനവും പ്രിയ സമാഗമത്തിൽ   വായിച്ചു. റൂഡ് യാർഡ് കിപ്ലിംഗിന്റെ  if എന്ന കവിതയെപ്പറ്റിയുള്ള  ലേഖനത്തിനടുത്ത  പേജിലെ കവിതയുടെ ശീർഷകം കണ്ട്  കണ്ട് പ്രിയ അമ്പരന്നു.

'പ്രിയേ സമുദ്രപ്രിയേ'
ക്ലാസിലെ പ്രണയകവി ഇസ്മായേലിന്റെ കവിതയാണ്.

പ്രിയേ സമുദ്രപ്രിയേ!
നീയൊരു സംഗീതസ്വരം
മനോഹരതരംഗം
ശംഖുകളാൽ അലംകൃതമായ തീരത്തിൽ 
ഇതാ നിനക്കായൊരു കാവ്യം’

 ക്യാമ്പസ് റൂമി എന്ന് കുട്ടികൾ വിളിച്ചിരുന്ന    ഇസ്മായേൽ ഒരു ദിവസം മൂന്നോ നാലോ പ്രണയകവിതകൾ  എഴുതിയിരുന്നു. ഒമർ ഖയ്യാമും, റൂമിയുമായിരുന്നു ഇസ്മായേലിന്റെ  ആദരിണീയഗുരുക്കന്മാർ.

തുലാവർഷം തുള്ളിപ്പെയ്ത ഒക്ടോബറിലെ  മഴക്കാലത്തിൽ  ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇസ്മായേൽ ക്ലാസിലെ ഇരുപത്  പെൺകുട്ടികളുടെയും പേരുകൾ കടലാസ് തുണ്ടുകളിലെഴുതി  ഭാഗ്യബംബർ പോലെ ഒരു നറുക്കെടുപ്പ് നടത്തിയിരുന്നു.  ഇസ്മായിലിലിന്റെ ലക്കി ഡ്രോയിൽ വിജയി ക്കുന്ന സഹോദരിയുടെ പേരിൽ  സമാഗമത്തിൽ കവിതയെഴുതുമെന്നും  സഹോദരിമാരെല്ലാം  ഈ കവിസഹോദരനോട് സഹകരിക്കണമെന്നുള്ള ഒരു  മുൻകാലാപേക്ഷ
ഇസ്മായേൽ പെൺകുട്ടികൾക്ക് സമർപ്പിച്ചിരുന്നു.  ഇസ്മായേൽ  എന്ന
സഹോദരന്റെ അതീവ കൗതുകകരമായ ആവശ്യം  എല്ലാ സഹോദരിമാരും  അംഗീകരിച്ചു. പക്ഷെ നറുക്ക്  വീണ  സഹോദരിയുടെ  പേര്  ഇസ്മായിൽ രഹസ്യമായി വച്ചു.

പ്രിയേ, സമുദ്രപ്രിയേ.........

ഇസ്മായിലിന്റെ സൃഷ്ടി സമാഗമത്തിനൊരു പേജിലിരുന്ന്  മന്ദഹസിക്കുന്നു.
പ്രിയയ്ക്കത് കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

കർണ്ണാടകസംഗീതം ഇഷ്ടപ്പെട്ടിരുന്ന അമ്മമ്മ പ്രിയയുടെ പേര്  കണ്ടുപിടിച്ചതും ഏതാണ്ടിതേപോലെയായിരുന്നു. അതിശയകരമായ സാമ്യം...
ശ്രീചേച്ചിയ്ക്ക് മരിച്ചുപോയ അച്ഛമ്മയുടെ പേരിട്ടിതിനാൽ  അമ്മമ്മയ്ക്ക് പരീക്ഷണങ്ങളൊന്നും നടത്താനായില്ല. അത് കൊണ്ടാണ്  പ്രിയയുടെ പേരിന്റെ അവകാശം അമ്മമ്മ ചോദിച്ചു വാങ്ങിയത്.
ഗൗരിമനോഹരി, ദേവമനോഹരി, കല്യാണി, സിന്ധുഗൗരി,  കമലമനോഹരി……..
കർണ്ണാടകസംഗീതത്തിലെ അമ്മമ്മയ്ക്ക് ഇഷ്ടപ്പെട്ട രാഗങ്ങളുടെയെല്ലാം  പേരുകൾ ഒരോട്ടുരുളിയിലിട്ട് പൂജാമുറിയിൽ വച്ച് സരസ്വതി  മന്ത്രം ചൊല്ലി ഒന്ന്   കൈയിലെടുത്തു.

അമ്മമ്മയുടെ കൈയിൽ വന്ന പേരാണ് സമുദ്രപ്രിയ…

‘ലക്ഷ്മി’ എന്ന  അമ്മമ്മയുടെ  പേരായിരുന്നു ഇതിലും നല്ലതെന്ന്
അച്ഛൻ പറഞ്ഞെങ്കിലും അമ്മമ്മ സമ്മതിച്ചില്ല.
ഭാഗ്യം…. കല്യാണിയും, ശങ്കരിയും കളവാണിയുമൊന്നും  അമ്മമ്മയുടെ  കൈയിൽ  വന്നില്ലല്ലോ. ഇതിപ്പോ പ്രിയാന്നെങ്കിലും വിളിക്കാലോ.  കണക്കദ്ധ്യാപികയായ  അമ്മയുടെ അനിഷ്ടം പ്രിയ കേട്ടുമടുത്തിരുന്നു.

സ്വന്തം പേരിന്റെ നറുക്കെടുപ്പ് പോലെ അതിശയകരമായ മറ്റൊരു  നറുക്കെടുപ്പിലുണ്ടായ ‘പ്രിയേ സമുദ്രപ്രിയേ' എന്ന ഇസ്മായേലിന്റെ  കവിതയും ദിനാന്ത്യക്കുറിപ്പിലുൾപ്പെടുത്താൻ പ്രിയ തീരുമാനിച്ചു.

സമരഘോഷയാത്രകൾക്കിടയിലെ   രസകരമായ  പഠനത്തിനിടയിൽ ഇംഗ്ലീഷ്  പഠിപ്പിച്ചിരുന്ന  അനുമാഡത്തെ  ബി. ബി. സി ന്യൂസ് റീഡർ  എന്നും  സാമ്പത്തികശാസ്ത്രം  പഠിപ്പിച്ചിരുന്ന മാത്യൂസ്  സാറിനെ  ആഡം സ്മിത്ത് എന്നും    രഹസ്യമായി വിളിച്ച്  പ്രിയയുടെ  ക്ലാസിലെ വീരന്മാർ  ആനന്ദിച്ചു.
ഒരു വർഷത്തെ  ഇംഗ്ലീഷ് ക്ലാസിനിടയിൽ    ‘ഇൻസ്പിരേഷൻ’  എന്ന വാക്കിന്  ‘പ്രചോദനം’  എന്ന ഒരേയൊരു  മലയാളവാക്ക്  മാത്രമേ  അനുമാഡം  പറഞ്ഞുള്ളൂ എന്നതായിരുന്നു  പ്രിയയുടെ  ക്ലാസിലെ  വീരന്മാരുടെ   ആ വർഷത്തെ    മഹത്തായ   കണ്ടുപിടുത്തം.

സ്കൂളിൽ നിന്നും വളരെയേറെ  വ്യത്യസ്തമായ പഠനാന്തരീക്ഷമായിരുന്നു
കലാലയത്തിൽ.   പ്രിയയുടെ   അമ്മയ്ക്ക്  ശ്രീചേച്ചി   പഠിച്ചിരുന്ന
കോൺവെന്റ്  കോളേജിൽ     പ്രിയയെ  ചേർക്കാനായിരുന്നു താല്പര്യം.  ധനതത്വശാസ്ത്രവും,  വാണിജ്യശാസ്ത്രവും  പഠിക്കാനായിരുന്നു പ്രിയയ്ക്ക്  താല്പര്യം.  കോൺവെന്റ്  കോളേജിൽ അങ്ങനെയൊരു ഗ്രൂപ്പ്  തുടങ്ങിയിട്ടില്ലാത്തതിനാലാണ്   മനസ്സില്ലാമനസ്സോടെ  അമ്മ  സമരവീരന്മാരുടെ  കോളേജിൽ  പ്രിയയെ  ചേർത്തത്.

പ്രിയയ്ക്ക്   അമ്മമ്മയുടെ   പൊട്ടബുദ്ധിയാണെന്നും,  രണ്ടാമത്തെ മോളുടെ  തലേലൊന്നുമില്ല, എന്നും അമ്മ ഇടയ്ക്കിടെ പറയാറുണ്ട്.
ആകാശം താഴേയ്ക്കടർന്നു വീണുവോ എന്ന പോലെ അമ്മ  സംസാരിക്കുന്നത്  കേൾക്കുമ്പോൾ  ദിനാന്ത്യക്കുറിപ്പിൽ  അമ്മയെപ്പറ്റി  ഇന്നെന്തെഴുതും  എന്നാലോചിക്കും  പ്രിയ .

കലാലയത്തെ  പ്രകമ്പനത്താലുലച്ച്,  അഗ്നിക്കനലുകൾ  തിളങ്ങും  മുദ്രാവാക്യങ്ങളാലുണർത്തി കൊടിതോരണങ്ങളുമായ്  നീങ്ങിയ സമരപരമ്പരകളാൽ  നഷ്ടമായ  ക്ലാസുകൾക്ക്  പകരക്കാരായ്  പുസ്തകശാലകളിൽ നിന്നും  പ്രിയ പഠനസഹായികൾ വാങ്ങി.  ലൈബ്രറിയിൽ  നിന്നും  കുറെയേറെ ബുക്കുകൾ  വായിക്കുകയും,  രാവും  പകലും ഉറക്കം നഷ്ടമാക്കി പഠിച്ച്    വർഷാവസാന പരീക്ഷ  എഴുതുകയും  ചെയ്തതോടെ പ്രിയ ഒഴിവുകാലത്തിൻ ചെറിയ ഇടവേളയുടെ സ്വാതന്ത്ര്യമറിഞ്ഞു.

ഒഴിവുകാലത്താണ് അമ്പലത്തിൽ സപ്താഹവും, ശിവക്ഷേത്രത്തിലെ  ഉൽസവവും.  ശിവക്ഷേത്രത്തിലെ ഉൽസവത്തിന് കഥകളിയുണ്ടാവും.  പ്രിയയുടെ  ദിനാന്ത്യക്കുറിപ്പിൽ കടന്നു വന്ന കഥകളി കർണ്ണശപഥമാണ്.
കഴിഞ്ഞ ഉൽസവത്തിന് കണ്ട കർണ്ണശപഥത്തിൽ കുന്തിയുടെ മുന്നിൽ  മാതൃസ്നേഹവും, ദുരോധനന്റെ മുന്നിൽ സുഹൃദ് സ്നേഹവും അഭിനയിച്ച് പ്രിയയുടെ മനസ്സിൽ ഒരു താരപരിവേഷമുണ്ടാക്കിയ സഹദേവൻ എന്ന  നടൻ മുഴുക്കുടിയനാണെന്ന് അച്ഛൻ പറഞ്ഞപ്പോൾ പ്രിയയ്ക്ക് ആകെ   നിരാശ തോന്നിയെങ്കിലും ദിനാന്ത്യക്കുറിപ്പിൽ സഹദേവന്റെ  കർണ്ണനെക്കുറിച്ചെഴുതാതിരിക്കാൻ പ്രിയക്കായില്ല.

സമാഗമത്തിലെ സൃഷ്ടികൾ വായിച്ചുതീർന്നപ്പോൾ പ്രിയ അച്ഛന്റെ ചെറിയ ഗ്രന്ഥശാലയിലെ മാളവികാഗ്നിമിത്രവും, ആശ്ചര്യചൂഢാമണിയും  വീണ്ടും വായിച്ചു. അതിലെ കുലീനഭാഷയും, ഭംഗിയുള്ള വാക്കുകളും  പ്രിയയെ  ആശ്ചര്യപ്പെടുത്തി. സമാഗമത്തിൽ  പ്രിയയെ ഏറ്റവും  ആകർഷിച്ച  ദേവദാസ് വർമ്മയുടെ വർഷകാലമേഘങ്ങളിലും  ഇതേ പോലൊരു  കുലീനഭാഷയായിരുന്നു എന്ന അറിവ് പ്രിയയെ സന്തോഷിപ്പിച്ചു. …

ഒഴിവുകാലം എത്ര വേഗമാണില്ലതെയാവുന്നത്. പുതിയ കലാലയവർഷത്തിൽ ആദ്യം  ചെയ്യേണ്ട പ്രധാനകാര്യങ്ങളൊക്കെ പ്രിയ  എഴുതിയുണ്ടാക്കി. കോളേജ് തുറന്നാൽ  സെക്കന്റ്  ലിറ്ററച്ചറിലെ  ദേവദാസ്  വർമ്മയെ  പരിചയപ്പെടണം. സാഹിത്യസംഗമത്തിലംഗമാവണം. സമാഗമത്തിൽ
കവിതകളെഴുതണം.

പുതിയ അദ്ധ്യയനവർഷത്തിലേയ്ക്കുള്ള ദീർഘകാലപദ്ധതി മനസ്സിൽ മനപ്പാഠമായപ്പോൾ പ്രിയ വെറുതെ പൂന്തോട്ടത്തിലൂടെ നടന്നു.  പ്രിയയുടെ വീടിന് നാലുചുറ്റും ചെടികളുണ്ട്. പൂന്തോട്ടത്തിലെ
പല  ചെടികളും പഴമക്കാരായിരുന്നു.  അച്ഛമ്മ        നട്ട്  വളർത്തിയ  കൃഷ്ണ, രാമ, കർപ്പൂരതുളസികളുടെ  പിൻഗാമികൾ,  ഗന്ധരാജനും,
 കല്യാണസൗഗന്ധികവും, കുറുമൊഴിയും, പിച്ചകവും,  വാടാമുല്ലയും.  വൈശാഖമന്ദാരപ്പൂവുകൾ നിറഞ്ഞ തെക്കെമുറ്റത്തുകൂടി  നടക്കുമ്പോൾ  പ്രിയ മനസ്സിൽ പറഞ്ഞു.
 നല്ല സായാഹ്നം…..
ഇവിടെയിരുന്നൊരു കവിതയെഴുതണം….
തെക്കേ പറമ്പിൽ  അച്ഛമ്മയുടെ പട്ടടയ്ക്കരികിലിരുന്ന്     മരണത്തെപ്പറ്റി  പ്രിയ എഴുതിയ  ‘ഗൂഢനിഗൂഢതകൾ’ എന്ന  കവിത അമ്മ കാണാനിടയായി..
പ്രിയ വളരെ പ്രയത്നപ്പെട്ടെഴുതിയ
മരണം മഹാജാലമതിവിസ്മയം, ശിരോലിഖിതത്തിനവസാനവചനം
ഏതോ അദൃശ്യ തലത്തിൽ നിന്നുംഗൂഢ ഗൂഢമാകും ഗതിയിലേയ്ക്കാരുമറിയാതെ
ആരോരുമില്ലാതെ തനിയെ പറക്കുമാത്മാവിന്റെ ഒരു മഹായാനം മരണം.........
എന്ന കവിത അമ്മ അന്ന്  കണക്കക്ഷരം  വായിക്കും പോലെ  ശബ്ദമുയർത്തി  ചൊല്ലുകയുണ്ടായി..
കവിത നന്നായതിനാലാവും  അമ്മ വായിച്ചത് എന്ന് പ്രിയ ആദ്യം കരുതി,

‘നിനക്കിതല്ലാതെ വേറെ ഒന്നും  എഴുതാൻ കിട്ടിയില്ലേ’

ശബ്ദമുയർത്തി അമ്മ പ്രിയയെ അന്ന് ശാസിച്ചു.
അമ്മയുടെ ശാസന  പ്രിയയ്ക്ക് തീരെ ഇഷ്ടപ്പെടാറില്ല.
കണക്ക്  കുറച്ചും, കൂട്ടിയും ,   തലയിൽ മുഴുവനും   അക്കങ്ങൾ  സൂക്ഷിക്കുന്ന  കണക്കദ്ധ്യാപികയ്ക്കെങ്ങെനെ  സാഹിത്യബോധമുണ്ടാവും…..
തിരിയെ എന്തെങ്കിലും  പറഞ്ഞാൽ  അമ്മയിൽ  നിന്നും കിട്ടാനിടയുള്ള,
കവിതയെഴുതാൻ  പ്രപഞ്ചവും, പ്രകൃതിയും, ജഗദ്വീശ്വരനും  മുൻപിലുള്ളപ്പോൾ വേണ്ടാത്തത് തന്നെ എഴുതി സമയം കളയാതെ  ശ്രീചേച്ചിയെ പോലെ പാഠപുസ്തകങ്ങൾ പഠിക്കാൻ ശ്രമിക്ക്’ എന്ന് തുടങ്ങുന്ന നീണ്ട  പ്രഭാഷണം കേൾക്കാനുള്ള ത്രാണി ഇല്ലാത്തതിനാൽ  പ്രിയ മിണ്ടാതെ  വെറുതെ നിൽക്കും.  എഴുതുന്നത് അമ്മ കാണാതിരിയ്ക്കാനിപ്പോൾ പ്രിയ ആവതും  ശ്രമിക്കുന്നുണ്ട്.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഒഴിവുകാലം  അവസാനിക്കും..
മന്ദാരപ്പൂവിതളുകൾ നിറഞ്ഞ തെക്കേമുറ്റത്തുകൂടി മുന്നോട്ട് നടന്നപ്പോൾ വൃക്ഷശിഖരങ്ങൾക്കിടയിലൂടെ പശ്ചിമാംബരഭംഗി പ്രിയയ്ക്ക് കാണാനായി. പടിഞ്ഞാറെ   നെൽപ്പാടത്തിനരികിലെ ആകാശത്തിൽ സൂര്യൻ  കത്തിജ്വലിച്ച് മറയാനൊരുങ്ങുന്നു.

ആകാശത്തിന്  താഴെയായി പറന്നു നീങ്ങുന്നു പഞ്ഞിത്തുണ്ടുപോലെയുള്ള  മേഘങ്ങൾ….

പ്രിയയിലെ  കവിഹൃദയം ഉണർന്നു…
അന്നത്തെ ദിനാന്ത്യക്കുറിപ്പിലെഴുലെഴുതേണ്ട വാക്കുകൾ പ്രിയ
മനസ്സിൽ കുറിച്ചു…

മേഘങ്ങളേ,
ഒലിവിലക്കിരീടം ചൂടിയ യവനദേവന്മാരുടെ രുപമുള്ള  മേഘങ്ങളുടെ  കഥയെഴുതിയ  ഒരു   സാഹിത്യകാരൻ  ദേവദാസ് വർമ്മ    ഞങ്ങളുടെ
കോളേജിലുണ്ട്.  അയാളെ നിങ്ങൾ  കണ്ടു   കാണും.  പല സ്ഥലങ്ങളിലും  നിങ്ങൾ  യാത്ര  ചെയ്യുന്നു  എന്നറിയാം.  നിങ്ങളാ വർമ്മയെ  കണ്ടാൽ  ഒരു സന്ദേശം  കൊടുക്കണം…. 
ഒരു മേഘസന്ദേശം….. 
അയാൾക്കൊരു ആരാധിക  ഉണ്ടായിരിക്കുന്നു.  അത് മറ്റാരുമല്ല,
പ്രിയയെന്ന  ഈ ഞാൻ തന്നെ. 

തൊടിയിൽ പിച്ചകങ്ങൾ പൂത്തു നിന്നിരുന്നു.  അവിടെയുമിവിടെയും  മാമ്പഴം നുകർന്ന്   അണ്ണാർക്കണ്ണന്മാർ   ഓടി നടക്കുന്നു.   മൈനകൾ
അയനി വൃക്ഷത്തിലേയ്ക്ക് പറന്നേറുന്നു.  അടയ്ക്കാകുരുവികൾ
അവിടെയുമിവിടെയും പാറി നടക്കുന്നു. കരിയിലക്കിളികൾ മണ്ണിൽ  എന്തൊക്കെയോ  തിരയുന്നു.  മെല്ലെയൊഴുകുന്ന  കാറ്റിൽ  കേതകിപ്പൂവുകളുടെ സുഗന്ധം.   സായന്തനത്തിന് സന്ധ്യാദീപപ്രകാശം. ഇവിടെയിരുന്ന് സമയം  കിട്ടുമ്പോൾ  കുറെയേറെ എഴുതണം  പ്രിയ  മനസ്സിൽ കരുതി.

വർമ്മയുടെ  വർഷകാലമേഘങ്ങൾ പോലെയൊരു കഥ……..
ഒലിവിലക്കിരീടം ചൂടിയ  യവനദേവന്മാരെപോലെയുള്ള  മേഘങ്ങളൊഴുകുന്ന  കഥ….

ഒഴിവുകാലം  അവസാനിക്കുകയും  പ്രഭാതം പുതിയ കലാലയവർഷത്തിലേയ്ക്ക്   നടന്നു  നീങ്ങുകയും  ചെയ്തു.   രണ്ടാം വർഷത്തിലെ  ആദ്യദിനം പ്രിയയെ  സന്തോഷിപ്പിച്ചു. ചെണ്ടമേളങ്ങൾ,  അഗ്നിക്കല ചൂടിയ  തീപാറും  പ്രസംഗങ്ങൾ,  സാംസ്ക്കാരികസമ്മേളനങ്ങൾ,  ഗാനമേളകൾ,   യുവജനോൽസവം………
കലാലയം കലയുടെ ആലയം തന്നെ.

പ്രിയ ഇടനാഴിയിലൂടെ ആഹ്ലാദം നിറഞ്ഞ മനസ്സുമായ് നടന്നു.  നോട്ടീസ്  ബോർഡിനടുത്ത് ആൾക്കൂട്ടം…..

അടുത്ത സംരഭം എന്താണാവോ, ഏത് നടനാവും ഈ വർഷം വരിക.
ഒരോ  ഗ്രൂപ്പും മൽസരിച്ചാണല്ലോ  ചലച്ചിത്രതാരങ്ങളെ    ക്യാമ്പസിലേയ്ക്ക്  സ്വീകരിക്കുക.

ഒന്നാം നിലയിലെ ക്ലാസിലെത്തിയ പ്രിയ അടുത്ത സുഹൃത്തായ ലീനയുടെ  അടുത്തേയ്ക്ക് മെല്ലെ നടന്നു..
അവധിക്കാലസാഹസികതകൾ പലതും കൈമാറാനുണ്ട്

പ്രിയേ... സമുദ്രപ്രിയേ….
 ഒരു കുട്ടി പുറകിലെ ബഞ്ചിലിരുന്ന് പാടി...

ലീനയുടെ അടുത്ത് ബെഞ്ചിലിരിക്കുമ്പോൾ ലീന  ചോദിച്ചു.

പ്രിയ  നീ  നോട്ടീസ് ബോർഡ് കണ്ടുവോ
ഇല്ലല്ലോ ലീന….. അതിനരികിൽ കോളേജ്  മുഴുവനുമുണ്ടല്ലോ  
ഏതെങ്കിലും സ്റ്റാർ വരുന്നുണ്ടായിരിക്കും……
സങ്കടമുള്ള ഒരു വാർത്തയുണ്ട് , സെക്കന്റ് ലിറ്ററച്ചറിലെ ഒരു സ്റ്റുഡന്റ് മരിച്ചുവത്രെ,
ഒരു ദേവദാസ് വർമ്മ……..
തിരുപ്പതിയിൽ നിന്നും കാളഹസ്തിയിലേയ്ക്ക് പോകുന്ന വഴിയിൽ
കാർ ഒരു ഹെവിലോഡ് ട്രക്കിലിടിക്കുകയായിരുന്നു….
കാർ ഡ്രൈവർ അറിയാതെ ഉറങ്ങിപ്പോയെന്നും അതിനാലാണ്  അപകടമുണ്ടായതെന്നും കുട്ടികൾ പറയുന്നത് കേട്ടു…….

ലീന  വീണ്ടും പറഞ്ഞതൊന്നും പ്രിയയ്ക്ക് കേൾക്കാനായില്ല.

ദിനാന്ത്യകുറിപ്പിൽ പ്രിയയെഴുതി ചേർത്ത  സ്വർണ്ണമുഖിനദിയുടെ  തീരവും, ദക്ഷിണേന്ത്യയിലെ  ശിവപഞ്ചമൂലസ്ഥാനങ്ങളിലൊന്നായ കാളഹസ്തിയും
പ്രിയയുടെ ചുറ്റും  അഗ്നിതൂവി. തേജോമയമായ തിരുവണ്ണാമലയും, വായുസ്ഥാനമായ  കാളഹസ്തിയും, ഭൂമിസ്ഥാനമായ കാഞ്ചീപുരവും, ജലാംശസ്ഥാനമായ  തിരുവനെകോവിലും,  ആകാശസ്ഥാനമായ ചിദംബരവും രുദ്രാക്ഷമുത്തുകളായ്, മിഴിനീർത്തുള്ളികളായ്  പ്രിയയ്ക്ക്    ചുറ്റുമൊഴുകി.

വർഷകാലമേഘങ്ങൾ  ജാലകവാതിലിനരികിലൂടെ പറന്നേറി പ്രിയയ്ക്ക് ചുറ്റും  പെയ്തൊഴിഞ്ഞു, അവസാനം ആ മേഘശകലങ്ങൾ  പ്രിയയുടെ മിഴികളിലുറഞ്ഞു…

അന്നത്തെ ദിനാന്ത്യക്കുറിപ്പിൽ പ്രിയയെഴുതി
ആദരാഞ്ജലി…
ദേവദാസ് വർമ്മ…….
മേഘങ്ങളേ!
ഒലിവിലക്കിരീടം ചൂടിയ യവനദേവന്മാരുടെ രുപമുള്ള  മേഘങ്ങളുടെ കഥയെഴുതിയ,  മരിയ്ക്കുമ്പോളൊരു  മേഘമാകാനാഗ്രഹിച്ച  കഥാകാരനെ നിങ്ങളുടെയിടയിൽ  കണ്ടുവെന്നാൽ  പറയുക..
‘വർഷകാലമേഘങ്ങൾ’ എന്ന  കഥ മനോഹരമായിരുന്നു….

Thursday, October 23, 2014

ARDRASPANDANAM - TENDER HEARTBEATS

അഗ്നി
(By Rema Prasanna Pisharody)


(2013ലെ കൈരളി കവിതാ പുരസ്കാരം ലഭിച്ച കവിത)


(ഋഗ്വേദത്തിലെ ആദ്യത്തെ വാക്കാണു അഗ്നി.
“അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം  ഹോതാരം രത്നധാതമമം”.
പുരോഹിതനും യജ്ഞത്തിന്റെ ദേവനും  ഋത്വിക്കും ഹോതാവും അഗ്രണിയായ
 നായകനും കാരണഭൂതനും മഹാദാനിയും  രത്നഖചിതനുമായ അഗ്നി ഞാൻ സ്തുതി ചെയ്യുന്നു.)
അഗ്നിയുടെ വിവിധരൂപഭാവങ്ങളിലുണരുന്ന കവിത.


അറിവിന്റെ ഋഗ്വേദവാക്യങ്ങളിൽ നിന്നുമെഴുതിത്തുടങ്ങുന്നൊരഗ്നി
അരണിയിലുണർന്നാദിമന്ത്രമായ് പൂർവാഹ്ന നിറദീപമാകുന്നൊരഗ്നി.

കൃതയോഗികൾ വേദഭാഗങ്ങളേകുന്ന ഹവനഭാവത്തിലെ അഗ്നി
നിടിലത്തിലാകെ തണുക്കും വിഭൂതിയിൽ ശിവനുറക്കും കണ്ണിലഗ്നി

അരികിലൊരു ത്രേതായുഗത്തിന്റെ ഹോമാഗ്നിയതിലൊഴുകി നീങ്ങുന്നൊരഗ്നി
ജ്വലനകുണ്ഡത്തിലായ് ജാഹ്നവിയ്ക്കെഴുതുവാൻ കവിതയായ് മാറിയോരഗ്നി

മനസ്സിലെ വിശ്വരൂപത്തിന്റെ വിരലിലായ്തിരിയുന്ന ചക്രത്തിലഗ്നി
ഒരു ദ്വാപരത്തിന്റെയോടക്കുഴൽനാദമതിലലിഞ്ഞുറയുന്നൊരഗ്നി

അരികിലെ ഖാണ്ഡവവനങ്ങൾ നുകർന്നതിൽ അയനം നടത്തുന്നൊരഗ്നി
ഒടുവിൽ കുരുക്ഷത്രഭൂവിന്റെ തേരിലായ്ഖാണ്ഡീവമാകുന്നൊരഗ്നി

കലിസംഖ്യയെണ്ണി കറുപ്പാർന്ന  ശോകത്തിനരികിൽ പ്രകാശമായഗ്നി
ഒരനാളകന്നുതീരും ജീവഭാവത്തിനിതളിൽചലിക്കുന്നൊരഗ്നി

കറുകകൾക്കുള്ളിലെ ബാഷ്പം നുകർന്നേറിയരികിൽ ജ്വലിക്കുന്നൊരഗ്നി
വിരലിൽ തണുക്കുന്ന മൺചിരാതിൽ നൃത്തമാടുന്നൊരഗ്നി

കനലെരിഞ്ഞാളിചിതത്തീയിൽ മദ്ധ്യാഹ്നമുലയുന്നൊരഗ്നി
അപരാഹ്നഭാവത്തിലൊരു  മുനമ്പിൽതട്ടിയുടയുന്നൊരഗ്നി

നിറുകയിൽ തീതൂവിയസ്തമയം മാഞ്ഞ വഴിയിൽ തണുക്കുന്നൊരഗ്നി
അരികിൽ  ത്രിസന്ധ്യാവിളക്കിൽനിന്നൂറുന്നൊരറിവിന്റെ വേദമാമഗ്നി

മിഴിയിൽ വിളക്കേറ്റിയാർഷസങ്കല്പത്തിനരികിൽ പ്രകാശമായഗ്നി
മഴപെയ്തു തോർന്നോരു യുദ്ധഭൂവിൽ ശാന്തിഹോമങ്ങൾ ചെയ്യുന്നൊരഗ്നി

അരികിൽ പ്രപഞ്ചമാം  ദീപസ്തംഭത്തിലായ്  തിരിവച്ചു നീങ്ങുന്നൊരഗ്നി
മിഴിയിലായതിരാത്രമെല്ലാം കഴിഞ്ഞനാൾ അഗ്നിഹോത്രം ചെയ്തൊരഗ്നി.


വിസ്മയത്തുടിപ്പുകൾ

(2014ലെ കൈരളി കവിതാ പുരസ്കാരം ലഭിച്ച കവിത)


(വിശ്വപ്രപഞ്ചത്തിലെ ജീവജ്യോതിസ്സുള്ള ഒരേ ഒരു ഗ്രഹം ഭൂമിയാണ്. മറ്റ് ഗ്രഹങ്ങളിൽ ജീവസപ്ന്ദം  തേടി ശാസ്ത്രം പ്രയത്നിക്കുമ്പോഴും ഭൂമിയുടെ മനോഹാരിത ഒരു വിസ്മയമായ് അനുഭവപ്പെടുന്നു.  ഭൂപ്രഞ്ചത്തിലൂടെ വിസ്മയഭാവുമായ് നീങ്ങും സങ്കല്പങ്ങൾക്കൊടുവിൽ വിശ്വപ്രപഞ്ചമോ,   കവിതയോ ഏറ്റവും വലിയ  വിസ്മയമെന്ന ഒരവസ്ഥാവിശേഷം അനുഭവപ്പെടുന്ന  കാവ്യഭാവമാണ്  ഈ  കവിതയിൽ നിറയുന്നത്.)

അരികിൽ സ്പന്ദിക്കുന്ന ഭൂമി! നീ വിശ്വത്തിൽ
നിന്നുണർന്നൊരാദ്യത്ഭുതംപ്രഭാതങ്ങളിൽ
മിഴിക്കോണിലായ് വിടർന്നേറിയിലച്ചീന്തിലെ
പൂക്കാലത്തിന്റെ സുഗന്ധമായ്,
പ്രപഞ്ചലയത്തിന്റെ ശംഖനാദത്തിൽ
നിന്നുമുണർന്നു വരുന്നൊരു മന്ത്രവിസ്മയസ്വരം.  
ഒഴുകും സമുദ്രമേയതിഗൂഢമാം
രത്നഖചിതഖനികളിൽ നീയൊരത്ഭുതം
മൊഴിയെഴുതി നിറച്ചേറിയരികിൽ
സ്വപ്നങ്ങളിലുണരും  മനോഹരഭാവമേ!
ഭൂകർണ്ണത്തിനിതളിൽ  കടൽത്തീരമാകുന്ന ലോകത്തിന്റെ അനന്തഭാവങ്ങളിലെത്രയാണുർവുകൾ…

സ്മൃതിയിൽ തുളുമ്പുന്ന തീർഥപാത്രങ്ങൾക്കുള്ളിൽ
മഴത്തുള്ളികളിറ്റുവീഴുന്ന പൂർവാഹ്നത്തിൽ
ഋതുക്കൾ നടന്നുനീങ്ങീടുന്ന ഭൂമണ്ഡപത്തുരുത്തിൽ
സങ്കീർത്തനമെഴുതും ദിഗന്തവും,
അതിരുതിരിച്ചാദിമന്ത്രങ്ങൾ പോലെ തീരമൊഴുക്കും
ശംഖിന്നുള്ളിലൊതുങ്ങും മൺ ചിറ്റുപോൽ
എത്ര രാജ്യങ്ങൾപലേ ദേശഗാനങ്ങൾ,
ഹൃത്തിലത്ഭുതം വളർത്തുന്നോരക്ഷരങ്ങളും
പിന്നെയത്രയും പതാകകൾഭൂപടചിത്രങ്ങളും,
തത്വശാസ്ത്രങ്ങൾ ഭാഗിച്ചൊഴുകും മതങ്ങളും
ദിക്കുകൾ തിരിക്കുന്ന പ്രാർഥനാലയങ്ങളും,
എത്രയോ സങ്കല്പങ്ങൾ, ശിലാരൂപങ്ങൾ 
നിത്യസത്യങ്ങൾ പോലെ മിന്നും  ലോകവിസ്മയങ്ങളും
ദീപുകൾമഹാദ്വീപസഞ്ചയംതീർഥസ്നാന-
ഭാവത്തിലൊഴുകുന്ന മഹായാനങ്ങൾ
പലേ കാലവും കടന്നോരു പ്രപഞ്ചം സ്പന്ദിക്കുന്ന
ജീവന്റെയാരൂഢത്തിലൊഴുകും പീയുഷവും..

മന്തമായ് സ്പന്ദിക്കുന്ന പ്രകൃതിസ്പർശം മുന്നിൽ
യന്ത്രമോഹത്തിൽ ചുറ്റിയെത്ര പേടകങ്ങളും
വ്യോമനൗകകൾമുകിലേറിയാകാശത്തിന്റെ
ഗാനങ്ങളതിൽ തട്ടിയടരും സ്വരങ്ങളും
വളർന്നേറുന്ന ഗ്രഹചിത്രങ്ങൾ, ചന്ദ്രായനമൊരു
കാലത്തിന്നഗ്നിയുലഞ്ഞ  നടുക്കങ്ങൾ,
തിരിയും മംഗൾയാനമതിന്റെയിതളിലായ്
പ്രപഞ്ചലയത്തിന്റെയനന്യസ്പർശങ്ങളോ?

അറിവിനുഷസ്സുകൾ പൂജചെയ്യുമ്പോൾ
രുദ്രമിഴിയിൽ രുദ്രാക്ഷങ്ങൾ കണ്ണുനീർ തൂവീടുമ്പോൾ
അഭിഷേകപാത്രത്തിനൊരു കോണിലായേറും
പ്രശാന്തിമന്ത്രങ്ങളുമൊരു വിസ്മയം
ശാന്തിവനങ്ങൾ പോലെ വാനപ്രസ്ഥസർഗങ്ങൾ
മഹായാത്രയിൽ കാണാമെത്ര ഭാരതകാവ്യങ്ങളും.
മനസ്സിലെഴുതുന്ന കലാലയങ്ങൾ തക്ഷശിലയും
നളന്ദയുമാർഷ വിസ്മയംതീർഥഗമനം ചെയ്യും
സന്ധ്യാവിളക്കിൽ നിന്നും വിശ്വസാക്ഷ്യങ്ങൾ
കണ്ടീടുന്ന  ദിനാന്ത്യക്കുറിപ്പുപോൽ
സഹസ്രസങ്കല്പമായ് ബൃഹദേശ്വരം
വജ്രത്തിളക്കം സൂക്ഷിക്കുന്ന മുനമ്പിൻ ത്രിസന്ധ്യയും
നിറയും മന്ത്രങ്ങൾ തൻ കനലിൽ, ഹോമാഗ്നിയിൽ
ഉണരും മൃത്യുഞ്ജയമന്ത്രവുമൊരത്ഭുതം
സ്മൃതിയിൽ ദീപാന്വിതമാർഷസങ്കല്പം
സ്നേഹസമത്വഭാവങ്ങൾ തൻ പുരാണചിത്രങ്ങളും..

സ്വതന്ത്രഭൂവിൻ മണൽത്തരികൾ സ്മരിക്കുന്ന
ഒരു സംസ്കൃതിയുടെ സിന്ധുതീരങ്ങൾ, മൊഴിയുലഞ്ഞ
തീവ്രസ്വരശൈലശൃംഗങ്ങൾ പിന്നെയെഴുതാനിരുന്നൊരു
വിധിരേഖകൾ, മിഴിയ്ക്കഴകായുണരുന്ന  ഹരിതപ്രപഞ്ചവും
ഏകതന്ത്രികൾകൾക്കുള്ളിലൊഴുകും സംഗീതവു-
മാർദ്രഭാവത്തിന്നതിരാകുന്ന ഗ്രാമങ്ങളും
മനസ്സിലെഴുതുന്ന വിസ്മയഭാവത്തിന്റെയിതളിൽ
പ്രളയാന്ത്യയുഗങ്ങൾ തേടീടുമ്പോൾ
മൊഴിയിലെഴുതുവാനാവാതെ വളർന്നേറുമരയാൽ,
വിരൽതുമ്പിലുടക്കും പ്രപഞ്ചവുമതിന്റെയുള്ളിൽ
സ്പ്ന്ദനാർദ്രമാം  ഹൃദ്പദ്മവും;
ജപസന്ധ്യകൾ,  ദീപാന്വതമീ ധരിത്രിതൻ
ഭ്രമണലയം തന്നെയതിവിസ്മയമതിൻ
പ്രകാശമുദ്രാങ്കിതമേറ്റുന്നു താരാപഥം..
എഴുതാനിനിയേതൊരത്ഭുതഭാവം ലോകസ്മൃതിയിൽ
തുളുമ്പുന്നതമൃതോ കാവ്യങ്ങളോ?

അതിരുകൾ

                  (കേരളസമാജം 2014 ദൂരവാണിനഗർ പുരസ്കാരം ലഭിച്ച കവിത)


                 (ഒരോ യുദ്ധവും സാധാരണജനജീവിതത്തിലുണ്ടാക്കും വിഭ്രമാത്മകമാം 
                 വിഹ്വലതയാണ്  ഈ കവിത) 

മതിലുകൾഅതിരുകൾ, വ്യോമയാനത്തിന്റെ
ചിറകറുത്തേറുന്നൊരതിതീവ്രരോഷങ്ങൾ

മനസ്സിനെയുലയ്ക്കുന്ന ദീർഘചതുരങ്ങളിൽ
ചലനമറ്റെത്രയാണുന്മത്തദൈന്യങ്ങൾ

ഹൃദയം വിതുമ്പുന്നു വിഹ്വലം, ഭൂമിതൻ
ജപമുത്തുകൾ പൊട്ടിയടരുന്നു ചുറ്റിലും

വഴികളിൽ സ്മാരകങ്ങൾമഹായുദ്ധങ്ങളതി-
നുള്ളിലുറയുന്ന കണ്ണുനീർത്തുള്ളികൾ

മനസ്സിലെ ചന്ദനസുഗന്ധത്തിനരികിലായ്
എരിയുന്ന കനലുകൾആഗ്നേയധൂളികൾ

ചിത കത്തിയെരിയുന്ന രണഭൂമിയിൽ
നിന്നുമൊഴുകുന്നുവോ? മഴ മിഴിരണ്ടിലും

മനസ്സിലെ ദർപ്പണം ഗന്ധകപ്പുകതീണ്ടിയുരുകുന്നു,
മായുന്നു സ്നേഹസ്വരങ്ങളും

മതിലുകൾ, പിന്നെ മതങ്ങൾ, ദേവാലയം
അതിലെത്ര ദൈവങ്ങൾ, തിരിവുകൾ, മുറിവുകൾ

എവിടെയും മുൾവേലികൾ, സൈന്യസേനകൾ
ഒളിയിടങ്ങൾ തീർക്കുമധികമാം തീവ്രവും

മനുഷ്യന്റെ മനസ്സിലേയ്ക്കധികാരഭാവത്തി-
ലൊഴുകുന്നു നിർദ്വയത്വം, നിഷാദങ്ങളും

മലയിറങ്ങി മന്ദമൊഴുകുന്ന കാറ്റിന്റെ
മൃദുമർമ്മരത്തിൽ നടുക്കുമോ, ഭീതിയോ?

കറുകൾ ഹോമപാത്രങ്ങളെ തേടുന്നു,
മെഴുതിരികൾ മുറിവുകൾ കണ്ടു നടുങ്ങുന്നു,

എഴുതിയും, മായ്ച്ചും ഉലഞ്ഞ വിശ്വാസങ്ങൾ
രുധിരപാനീയം നുകർന്നുനീങ്ങീടുന്നു.

എവിടെ പ്രശാന്തിയിൽ, വിശ്വപ്രപഞ്ചത്തി-
ലൊഴുകിയോരാദിമസ്നേഹസങ്കല്പങ്ങൾ?

അമൃതെവിടെ?യരികിലെ ശാന്തിമന്ത്രങ്ങളേ
പുനർജനിക്കൂ,  തീർഥശുദ്ധിയേകൂ.




കനകരേഖാലക്ഷ്മി
(By Rema Prasanna Pisharody)
(BMWA PRICE WINNING STORY)

ഗോവയിലെ സാലിഗാവോയിൽ അന്ന് ഹെറിറ്റേജ് ഫെസ്റ്റിവൽ ആയിരുന്നു.  മദർ ഓഫ് ഗോഡ് എന്നർഥം വരുന്ന ‘Mae De Deus’ ദേവാലയത്തിനെതിർവശത്തെ വിശാലമായ മൈതാനത്തായിരുന്നു സാംസ്കാരിക ഉത്സവം.  ഉത്സവാഘോഷത്തിന്റെ തിരക്കിനും   ആരവത്തിനുമിടയിലൂടെ നിത്യ നടന്നു. രാജാക്കന്മാരുടെയും സേനാനായകന്മാരുടെയും വേഷങ്ങളിഞ്ഞവർ അകത്തേയ്ക്ക് കയറുന്ന കമാനങ്ങളാൽ അലംകൃതമായ വാതിലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. വലുതുവശത്തെ സ്റ്റോളിൽ  ആദ്യം നിത്യ കണ്ടത് പഴയകാല കാർ ശേഖരങ്ങളായിരുന്നു. 1928ലെ മോറിസ് ഓക്സ്ഫോർഡ്, 1939ലെ മെഴ്സിഡസ് ബെൻസ്, പിന്നെയൊരു ഷെവർലെറ്റ് കരേറിയ. ലോർന എന്നൊരു ഗായിക പാടുന്നതിനനുസരിച്ച് ആളുകൾ ശബ്ദഘോഷം മുഴക്കുന്നുണ്ടായിരുന്നു. നിത്യയുടെ മനസ്സിൽ ഗോവൻ കടൽത്തീരങ്ങളിലെ സായാഹ്നത്തിന്റെ തണുപ്പായിരുന്നു. ജനുവരി ഗോവയിലെ ചൂടുകാലത്തെ മെല്ലെയൊന്നാറ്റിത്തണുപ്പിച്ചിരിക്കുന്നു.

നിത്യയ്ക്ക് പോവേണ്ട ഹൊരനാട് കുറെയകലെ. ഗോവയിൽ നിന്നും തിരികെ കാർവാറിലൂടെ ഇടയിൽ തിരിഞ്ഞുപോകുന്ന ഗോകർണ്ണത്തേയ്ക്കുള്ള വഴി കടന്ന് മുരുഡേശ്വറിനരികിലൂടെ, കുമ്പാശിയും കൊല്ലൂർ മൂകാംബികയും, ആകുംബയിലെ കുത്തെനെയുള്ള ഹെയർപിൻ വളവുകൾ ഒഴിവാക്കാൻ ദൂരം കൂടുതലുള്ള വഴിയിലൂടെ ശൃംഗേരിയും കടന്നൊരു യാത്ര.     ആ വഴി കുണ്ടും കുഴിയും പൊടിയുമായ് നീണ്ടുപോയി. മാംഗ്ലൂർ-ധർമ്മസ്ഥല ദേശീയപാതയിലൂടെ വന്നിരുന്നെങ്കിൽ ഹൊരനാടിലേയ്ക്കുള്ള വഴി ഇത്ര പ്രയാസകരമാകുമായിരുന്നില്ല എന്ന് നിത്യ മനസ്സിൽ പറഞ്ഞു. ശൃംഗേരിയിലൂടെ ഹൊരനാട്ടിലേയ്ക്കുള്ള വഴിയിൽ വനപ്രദേശങ്ങളുണ്ടായിരുന്നു. ഹൊരനാട്ടിൽ നിത്യയ്ക്ക് കാണേണ്ടതായി ഒരാളുണ്ട് - കനകരേഖാലക്ഷ്മി.

സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന 'ദയാമയി' എന്ന ഒരു സംഘടനയ്ക്ക്  നിയമോപദേശം നൽകുന്ന അപർണ്ണ അയ്യരേകിയ കുറിപ്പുകൾ നിത്യയുടെ കൈയിലുണ്ട്.

ഹൊരനാടിന്റെ മനോഹാരിത നിത്യയെ അതിശയിപ്പിച്ചു. ഹരിതാഭമായ ഒരു പ്രപഞ്ചം. കാണുന്ന ദിക്കിലെല്ലാം ഭദ്രാ നദിയൊഴുകുന്നു. പശ്ചിമഘട്ടത്തിലെ ഗംഗാമൂലത്തിൽ നിന്നൊഴുകി ഭദ്രാനദിയും ചിക്മഗ്ലൂരിലും, ശിവമോഗയിലുമായൊഴുകുന്ന  തുംഗയും ചേർന്ന് തുംഗഭദ്രയാവുന്ന കൂഡലി എന്ന സ്ഥലം നിത്യ ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ ഗംഗാമൂലത്തിൽ നിന്നുത്ഭവിക്കുന്ന  മൂന്ന് നദികളാണ്   തുംഗയും ഭദ്രയും, നേത്രാവതിയും. ധർമ്മസ്ഥലയിലൂടെയാണ്  നേത്രാവതി ഒഴുകുന്നത്.

ഹൊരനാടിലെ മലനാടൻ നിരകളിൽ കാപ്പി, തേയിലത്തോട്ടങ്ങൾ. എത്ര മനോഹരം ഈ സ്ഥലം. കയറ്റങ്ങളും, ഇറക്കങ്ങളും അനേകമുള്ള പാതയെത്തിച്ചേരുന്ന അന്നപൂർണ്ണേശ്വരിയുടെ ദേവാലയം, കലശത്തിനാകൃതിയുള്ള കളസ എന്ന സ്ഥലം, അവിടെയുള്ള കളസേശ്വർ എന്നറിയപ്പെടുന്ന ശിവന്റെ ദേവാലയം.  നിത്യയുടെ മനസ്സിലേയ്ക്കും ഹൃദയത്തിലേയ്ക്കും കലർപ്പില്ലാത്ത ജീവവായുവിന്റെ പ്രവാഹമൊഴുകി.

അപർണ്ണയുടെ ഡയറിക്കുറിപ്പുകൾക്ക് 15 വർഷത്തെ പഴക്കമുണ്ട്.  കനകരേഖാലക്ഷ്മി ഹൊരനാട്ടിലുണ്ടായേക്കാം, ജീവിച്ചിരിക്കുന്നുവോ, എന്നൊരു സംശയം പോലും അപർണ്ണ പറഞ്ഞിരിക്കുന്നു.    തിരുച്ചിറപ്പള്ളി, ശ്രീരംഗം, മധുര എന്നിവിടങ്ങളിൽ നിന്നും കനകരേഖാലക്ഷ്മിയെ നിത്യ അറിഞ്ഞുതുടങ്ങി.

പഴയകാലത്തെ പ്രശസ്ത നർത്തകിമാരെപ്പറ്റി ഒരു പുസ്തകം  എഴുതാനെന്ന് പലരോടും  പറയേണ്ടിവന്നു നിത്യയ്ക്ക്. കനകയുടെ നൃത്ത ടീച്ചർ, പഴയ അയൽക്കാർ, സൈയ്ന്റ് മേരീസ് കോൺവെന്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം പല വിവരങ്ങളും നിത്യയ്ക്ക് ലഭിച്ചു.

ഹൊരനാട്ടിൽ കനകയെ കാണാനായെങ്കിൽ… നിത്യ ആശിച്ചു.
വഴിയിലെ ഇരുനൂറിലധികം പഴക്കമുള്ള ഹള്ളിമനയിൽ കനകയെ കുറിച്ചന്വേഷിച്ചു. കന്നഡയിൽ ഹള്ളി എന്നാൽ ഗ്രാമം എന്നർഥം. ഹള്ളിമനയിലെ മലനാട് സ്പൈസിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾക്കും കനകയെ അറിയില്ലായിരുന്നു.
കളസയ്ക്കരികിലൊരു സ്കൂൾ ഉണ്ട്, കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുന്ന രാധിക എന്നൊരു അദ്ധ്യാപിക  അവിടെയുണ്ട് അവരോടു ചോദിച്ചാൽ അറിയാൻ കഴിഞ്ഞേക്കും. കനകയെ അവിടെയന്വേഷിച്ചോളൂ.
മലനാട് സ്പൈസിലെ ഒരു പെൺകുട്ടി പറഞ്ഞു.

സ്കൂൾ വഴിയിലേയ്ക്ക് കാർ തിരികെ വിടുമ്പോൾ കൂടെ സഹായിക്കാൻ വന്നിരുന്ന കല്യാണി കാറിലിരുന്ന് ഉറങ്ങുന്നത് നിത്യ കണ്ടു. പാവം, കുറെയേറെ കഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഉറക്കം പോലുമില്ല. അടുക്കിയൊതുക്കി ജോലി തീർത്തുവരുമ്പോഴേക്കും ഒരു മണികഴിയും. രാത്രിയുറക്കം കുറവ്. വഴി ചോദിക്കാനായി നിത്യ വഴിയരികിലെ സുഗന്ധദ്രവ്യങ്ങൾ, തേയില, കാപ്പി എന്നിവ വിൽക്കുന്ന ഒരു കടയിലേയ്ക്ക് കയറി. സ്കൂൾ ഒരു കിലോമീറ്റർ ദൂരയെന്നവിടെയിരുന്നിരുന്ന സ്ത്രീ പറഞ്ഞു.  നിത്യയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. ഭക്ഷണം എവിടെ ലഭിക്കുമെന്ന് ചോദിച്ചപ്പോൾ അല്പദൂരം മുന്നോട്ട് പോയാൽ ഒരു കടയോട് ചേർന്ന് ആവശ്യക്കാർക്കായ് ലഘുഭക്ഷണമുണ്ടാക്കുന്ന ഒരു സ്ഥലമുണ്ട് എന്ന് കടയുടമസ്ഥ പറഞ്ഞു. ഇരുപതടി മുന്നോട്ട് പോയപ്പോൾ ‘ഹർഷാ സ്പൈസ്’ എന്നൊരു ബോർഡ് നിത്യ കണ്ടു. അവിടെ കാർ നിർത്തി ഭക്ഷണം കിട്ടുമോ എന്നന്വേഷിച്ചു.

ഹർഷാ സ്പൈസിലിരുന്നതും ഒരു സ്ത്രീയായിരുന്നു. മലനാടിലെ പല കടകളും വീടിനോട് ചേർന്നായിരുന്നു. വീടിന്റെ മുൻഭാഗം കടയാക്കി മാറ്റി അവിടെ പലതരം സുഗന്ധവ്യഞ്ജനങ്ങൾ വില്പനക്കായ് അടുക്കി വച്ചിരുന്നു. നിത്യ രണ്ട് ദോശയ്ക്ക് ഓർഡർ ചെയ്തു. പാചകക്കാരനോട് ദോശയ്ക്കുള്ള ഓർഡർ കൊടുത്ത് നിത്യയോട് ഇരിക്കാൻ പറഞ്ഞു കടയുടമസ്ഥ.
വെറുതെയിരിക്കാനാവാതെ നിത്യ ചോദിച്ചു

എന്താ പേര്?
വിദ്യ..
അവർപറഞ്ഞു
ഈ സുഗന്ധവ്യഞ്ജനങ്ങളൊക്കെ എവിടെ നിന്നുവരുന്നു?.
കുറെയൊക്ക ഞങ്ങളുടെ എസ്റ്റേറ്റിൽ നിന്ന്.
വളരെ നല്ലത്, വിദ്യയുടെ വീട്?
ജനിച്ചതും വളർന്നതുമെല്ലാം ഇവിടെ തന്നെ.
അന്നപൂർണ്ണേശ്വരിയെ കാണാൻ വന്നതാവുമല്ലേ?
സ്ഥിരീകരണം ആവശ്യമില്ലാത്തതു പോലെ വിദ്യ ചോദിച്ചു
നിത്യയ്ക്കൊന്നു മനസ്സിലായി. വിദ്യ ഇവിടെ ജനിച്ചു വളർന്നയാൾ. കനകരേഖാലക്ഷ്മിയെ അറിയാൻ വിദ്യ സഹായിച്ചേക്കും.
സംസാരം തുടരാനായ് നിത്യ വെറുതെ പറഞ്ഞു.
അന്നപൂർണ്ണേശ്വരി, മൂകാംബിക, ശൃംഗേരി ഇവിടെയെല്ലാകൂടി ഒരു യാത്ര. പക്ഷെ പ്രധാനമായും ഞാൻ വേറൊരാളെ അന്വേഷിച്ചാണു വന്നിരിക്കുന്നത്.
വിദ്യക്കെന്നെ ഒന്നു സഹായിക്കാനാവുമോ.
തീർച്ചയായും.
ഇവിടെയുള്ള സ്കൂളിൽ നൃത്തം പഠിപ്പിക്കുന്ന രാധികയെ ഒന്നു കാണണം…
രാധികയെ കാണാനായിട്ടാണോ ഇത്ര ദൂരം വന്നത്.
അല്ല, എനിക്ക് കാണേണ്ടത് വേറൊരാളെ…
ഒരു കനകരേഖാലക്ഷ്മിയെ…
വിദ്യക്ക് ഇവിടെ പണ്ട് താമസിച്ചിരുന്ന കനകരേഖാലക്ഷ്മിയെപ്പറ്റി എന്തെങ്കിലും അറിയുമോ?
വിദ്യയുടെ മുഖത്തേയ്ക്ക് നിത്യ നോക്കി.
അവിടെ പ്രത്യേകിച്ചൊന്നും നിത്യയ്ക്ക് കാണാനായില്ല.
കനകരേഖാലക്ഷ്മി……..ആരാണവർ?.
ഒരു നർത്തകിയായിരുന്നു…
നിത്യ തുടർന്നു പറഞ്ഞു..
പഴയകാലത്തെ പ്രശസ്ത നർത്തകികളെകുറിച്ച് ഒരു പുസ്തകം എഴുതുന്നു ഞാൻ.
അതിലെയൊരു അദ്ധ്യായത്തിൽ  കനകരേഖാലക്ഷ്മിയെ ചേർക്കണമെന്നുണ്ട്..

ഒരല്പം വിസ്മയം വിദ്യയിലുണർന്നു.
അത്രയ്ക്ക് വലിയ നർത്തകിയായിരുന്നുവോ കനക? വിദ്യ ചോദിച്ചു...

അപർണ്ണ അയ്യർ ആൽബത്തിൽ നിന്നെടുത്തു കാട്ടിയ കനകയുടെ ഒരു ചിത്രം നിത്യ മനസ്സിലോർമ്മിച്ചു. തിരുച്ചിറപ്പള്ളിയിലെ 3800 ദശലക്ഷവർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന പാറക്കോട്ടെയെ ചുറ്റിയൊഴുകും കാവേരിനദിയുടെ പശ്ചാത്തലത്തിൽ കനകയുടെ നൃത്തവേഷത്തിലുള്ള ഒരു ചിത്രം. കനകയുടെ ആ ചിത്രവും, ചിദംബരത്തിലെ ഒരു ചിത്രവും മനസ്സിലേറ്റി നിത്യ പറഞ്ഞു

വലിയ നർത്തകി ആകേണ്ടിയിരുന്നവർ..
പല പ്രശസ്തനർത്തകിമാരുടെയും പിൻഗാമി ആകേണ്ടിയിരുന്നവർ എന്നൊക്കെ കനകയെപ്പറ്റി എഴുതിയ ചില വാർത്താകുറിപ്പുകൾ കണ്ടിട്ടുണ്ട്.

പിന്നീടെന്തു സംഭവിച്ചു? വിദ്യയുടെ ചോദ്യം വളരെ സൗമ്യമായിരുന്നു.

നിത്യ അല്പനേരം ഒന്നും സംസാരിച്ചില്ല. പിന്നീട് മെല്ലെ പറഞ്ഞു
മൈസൂറിൽ നിന്നും ശ്രീരംഗത്തേയ്ക്ക് തഞ്ചാവൂർ പെയിന്റിംഗിനെകുറിച്ച് ഗവേഷണം ചെയ്യാനെത്തിയ ഒരാളുമായി കനക പ്രണയത്തിലാവുകയും, വീട്ടിൽ നിന്നൊളിച്ചോടുകയും ചെയ്തു. അവർ കുറെ നാൾ തഞ്ചാവൂരിലും, പിന്നെ മധുരയിലും താമസിച്ചു. ഒരു നിഗൂഢതപോലെ കനക നൃത്ത വേദിയിൽ നിന്നകന്നു. പിന്നീടാരും കനകരേഖാലക്ഷ്മിയുടെ നൃത്തം കണ്ടിട്ടില്ല. പക്ഷെ എനിക്കീ പുസ്തകം പൂർത്തിയാക്കാൻ കനകയെ കണ്ടെത്തേണ്ടതുണ്ട്.

കനകയെ കാണാനായില്ലെങ്കിൽ  നിത്യ എന്തു ചെയ്യും. എന്തെങ്കിലും എഴുതി പുസ്തകം പൂർത്തിയാക്കുമോ.
വിദ്യയുടെ ചോദ്യം നിത്യയെ ആകർഷിച്ചു.
ഇല്ല.. കനകയെ കാണാനായില്ലെങ്കിൽ എനിക്കിതെഴുതി മുഴുമിപ്പിക്കാനാവില്ല.

കനകയെ ഹൊരനാട്ടിൽ കാണാനാവുമെന്നൊരു പ്രതീക്ഷ നിത്യയ്ക്കുണ്ടായിരുന്നു.
ദോശയ്ക്കുള്ള പണംകൊടുത്ത് തിരികെയിറങ്ങാൻ തുടങ്ങുമ്പോൾ നിത്യയ്ക്കാകെ നിരാശതോന്നി. കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ കാറിന്റെ മുൻഭാഗത്തെ ടയർ തകരാറിലായിരിക്കുന്നത്  നിത്യ കണ്ടു. അതറിയാതെ ഡ്രൈവറും ഉറങ്ങുകയായിരുന്നു. അയാളെ ഉണർത്തി ടയർ മാറ്റാനാവശ്യപ്പെട്ട് നിത്യ വീണ്ടും വിദ്യയുടെ കടയിലേയ്ക്ക് കയറി.
ടയർ നേരെയാവും വരെ ഇവിടെയിരിക്കാനാവുമോ
വിദ്യ ഒന്നു മന്ദഹസിച്ചു.
ഇന്ന് തിരികെ പോവുമോ?
ഇനിയിപ്പോൾ പോകാതിരിക്കുന്നത് നല്ലത്. വൈകിയാൽ താഴേക്കിറങ്ങാൻ കഷ്ടപ്പാടാകും.   പകൽ പോവുകയാവും നല്ലത്.
നിത്യയുടെ മനസ്സിൽ കനകരേഖാലക്ഷ്മിയെ കാണാനാവാഞ്ഞതിന്റെ നിരാശയുണ്ടായിരുന്നു.
വിദ്യ നിത്യയ്ക്ക് വേണ്ടി അറിയുന്ന ഒരാളുടെ ഹോം സ്റ്റേ ഏർപ്പാടാക്കി കൊടുത്തു. വിദ്യയുടെ വീടിനരികിലായിരുന്നു ആ ഹോം സ്റ്റേ. ഉറങ്ങുന്നതിനു മുൻപ് അപർണ്ണ അയ്യരുടെ കുറിപ്പുകൾ നിത്യ ഒരിക്കൽ കൂടി വായിച്ചു.  പിറ്റേന്ന് മഞ്ഞുമൂടിയ വഴിയിലൂടെ കളസേശ്വറിലേയ്ക്ക് നടക്കുമ്പോൾ വിദ്യയും കൂടെ വന്നു. നടക്കുന്നതിനിടയിൽ വിദ്യ പറഞ്ഞു.
കനകയുടെയേതെങ്കിലും ഫോട്ടോ തരികയാണെങ്കിൽ ഞാനിവിടെ അന്വേഷിക്കാം.
എന്റെ കൈയിൽ പഴയ ഒന്നു രണ്ട് നൃത്ത ചിത്രങ്ങൾ ഉണ്ട്. പതിനഞ്ചു വർഷം മുൻപുള്ളത്...
കനകയെപ്പറ്റി എന്തൊക്കെ നിത്യയ്ക്കറിയാം?..  വിദ്യ ചോദിച്ചു
പറയണമോ വേണ്ടയോ എന്ന് നിത്യയ്ക്ക് സംശയമുണ്ടായി
പറഞ്ഞാൽ എന്തെങ്കിലും സഹായം കിട്ടിയേക്ക്കും..
നിത്യയ്ക്ക് കനകയെ അറിയേണ്ടിയിരിക്കുന്നു.

കേട്ടോളൂ എനിക്കറിയുന്ന കഥ..
കനകരേഖാലക്ഷ്മി തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. നാലുപെൺകുട്ടികളുള്ള വീട്. നൃത്തത്തിലുള്ള താല്പര്യം കൊണ്ട് സരസ്വതി എന്ന വീടിനടുത്തുള്ള നൃത്തടീച്ചർ കനകയെ  പ്രതിഫലം വാങ്ങാതെ  നൃത്തം പഠിപ്പിച്ചിരുന്നു. ഫീസ് കൊടുക്കാനുള്ള ധനസ്ഥിതിയൊന്നും കനകയുടെ വീട്ടിലില്ലായിരുന്നു. കനക വളർന്നു. നല്ല നർത്തകിയായി. പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം. പിന്നെയനേകം സഭകളിൽ, പൊതുപരിപാടികളിൽ നൃത്തം ചെയ്തു. കനകരേഖാലക്ഷ്മിയെന്ന പേരു തന്നെ ഒരു കൗതുകമായിരുന്നു. കനകം എന്ന മുത്തശ്ശിയുടെ പേരും രേഖ എന്ന സ്വന്തം പേരും ലക്ഷ്മി എന്ന സമ്പത്തിന്റെ ദേവിയുടെ പേരും ചേർന്ന കനകരേഖാലക്ഷ്മി. ലക്ഷ്മീ, ലക്ഷ്മീ എന്ന് വിളിച്ചുകൊണ്ടേയിരുന്നാൽ ധനം കൈയിൽ വന്നു ചേരും എന്ന് കനകയുടെ അമ്മ വിശ്വസിച്ചിരുന്നു. ആർക്കും സമ്മതമില്ലാതെയിരുന്ന പ്രണയവിവാഹവും  ഒളിച്ചോട്ടവും കനകയെന്നെ നർത്തകിയെ ഇല്ലാതെയാക്കി. അതിനിടയിൽ കനകയ്ക്ക് ഒരു മകളുണ്ടായി. ജീവിക്കാനൊരു മാർഗമില്ലാതെയായപ്പോൾ കനക നൃത്തം പഠിപ്പിക്കാൻ തുടങ്ങി. ചെറിയ വാടകവീടും, കഷ്ടപ്പാടും അതിനോടു ചേർന്നുള്ള ചെറിയ, വലിയ വഴക്കുകളും കനകയെ കുറെയേറേ തളർത്തി.

അപർണ്ണ അയ്യരുടെ മകളെ നൃത്തം പഠിപ്പിച്ചിരുന്നു കനക. കനകയെ ഏറ്റവുമടുത്തറിഞ്ഞയാളാണ്   അപർണ്ണ അയ്യർ. കഷ്ടപ്പാടും ദുരിതവുമേറിയപ്പോൾ സിനിമയിലൊരു നർത്തകിയുടെ ജീവിതകഥ ചെയ്യാനെന്ന് പറഞ്ഞ് കനകയുടെ ഭർത്താവ് നിർബന്ധിച്ച് കനകയെ മദ്രാസിലേയ്ക്ക് കൊണ്ടുപോയി. അവർ താമസിച്ചിരുന്ന ലോഡ്ജിൽ ഒരു ദുരന്തമുണ്ടായി. മദ്യപിച്ച കുറേ ആളുകൾ കനകയെ ശല്യം ചെയ്യാനെത്തിയെന്നും കനകയുടെ ഭർത്താവ് കൊലചെയ്യപ്പെട്ടുവെന്നും അപർണ്ണയുടെ കുറിപ്പിലുണ്ടായിരുന്നു. പിന്നീട് കേസുണ്ടായി. കനകയെ അപർണ്ണ അയ്യർ രക്ഷിച്ചു.

കളസേശ്വരന്റെ അമ്പലത്തിന്റെ കൽക്കെട്ടുകൾ കയറുമ്പോൾ അവിടെ ദേവപ്രതിമയുമായി, വാദ്യഘോഷത്തോടെ ചുറ്റുപ്രദക്ഷിണമായിരുന്നു.
കനകയെ ഒന്ന് കാട്ടിത്തരണേ…
നിത്യ പ്രാർഥിച്ചു.
പിന്നീട് അകത്ത് പൂജ നടക്കുമ്പോൾ തൊഴാൻ നിൽക്കുന്ന രണ്ടു വശങ്ങളിലും തൂക്കിയിട്ടിരുന്ന ഓട്ടുമണികൾ നിത്യ ശ്രദ്ധിച്ചു. ആരതിയുഴിയും നേരം ഭക്തർ    ആ ഓട്ടുമണികൾ അടിച്ചുകൊണ്ടേയിരുന്നു. നിത്യയ്ക്ക് ഒരേയൊരാവശ്യമേ ഉണ്ടായിരുന്നുള്ളൂ. കനകരേഖാലക്ഷ്മിയെ കാണണം..

തൊഴുത് തീർഥവും, വിഭൂതിയും വാങ്ങി തിരികെയിറങ്ങുമ്പോൾ നിത്യ പറഞ്ഞു.
ശിവനോട് പറഞ്ഞിട്ടുണ്ട് കനകയെ കാട്ടിത്തരാൻ.
വിദ്യ ഒന്നു മന്ദഹസിച്ചു. പിന്നീട് പറഞ്ഞു
ഞാൻ ഒന്നും ആവശ്യപ്പെടാറില്ല.
കുറെ നേരം നിശ്ശബ്ദയായിരുന്നു വിദ്യ.

പ്രദക്ഷിണവഴിയിലെ ഒരു ഇടനാഴിയിലെത്തിയപ്പോൾ വിദ്യ പറഞ്ഞു.
നമുക്കല്പനേരമിവിടെയിരിക്കാം..
എത്ര നാളുകളായി നിത്യ കനകയെന്വേഷിക്കുന്നു?
ഓർമ്മയുടെയിതളുകൾ മെല്ലെ മനസ്സിൽ നിന്നടർത്തി നിത്യ പറഞ്ഞു..
ഏകദേശം ആറുവർഷമാകുന്നു.
വിദ്യ വീണ്ടും നിശ്ശബ്ദയായി..
പിന്നീട് വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
എനിക്കറിയാം കനകയെ..
അപർണ്ണ പറയരുതെന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട് അറിയില്ലയെന്ന് പറഞ്ഞു ഞാൻ.
നിത്യ അറിഞ്ഞ കനകയുടെ കഥയിലെ അവസാനഭാഗം അങ്ങനെയല്ല..
കനകയുടെ ഭർത്താവ് മരിച്ചിട്ടില്ല. മരിച്ചത് കനകയെ മദ്യലഹരിയിൽ ഉപദ്രവിക്കാൻ  ചെയ്യാൻ വന്ന സിനിമയെടുക്കുന്നുവെന്ന് പറഞ്ഞ ആൾ. കനകയുടെ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് വിട്ടയച്ചു. ഭർത്താവിന്റെ അമ്മാവൻ പോലീസ് ഫോഴ്സിലായിരുന്നു. സംഭവം നടന്ന ലോഡ്ജ് ഒരു രാഷ്ടീയക്കാരന്റെ ബന്ധുവിന്റേതായിരുന്നു. സിനിമാക്കാരന്റെ മരണം ഹൃദയാഘാതമായി മാറി.

വേറേതോ ലോകത്തിലെന്ന പോലെ വിദ്യ പറഞ്ഞുകൊണ്ടേയിരുന്നു.

സ്വയരക്ഷയ്ക്കായ് എപ്പോഴും അടുക്കളയിൽ ഉപയോഗിച്ചിരുന്ന ചെറിയ ഒരു കത്തി കനക കൈയിൽ കരുതാറുണ്ടായിരുന്നു. അന്ന് അയാൾ ആക്രമിക്കാൻ വന്നപ്പോൾ വാതിൽ തുറന്ന് രക്ഷപ്പെടാൻ നോക്കി. അത് സാധ്യമല്ലെന്ന് മനസ്സിലായപ്പോൾ ബാഗിൽ നിന്നും കത്തി എടുത്ത് ഒറ്റ കുത്ത്. പിന്നീട് കതകുതുറന്നോടി. ആദ്യം കണ്ട ഓട്ടോയിൽ കയറി ബസ് സ്റ്റേഷനിലേയ്ക്ക്അപർണ്ണയുടെ വീട്ടിലെത്തി എല്ലാം പറഞ്ഞു. അപർണ്ണ പറഞ്ഞത് പോലെയെല്ലാം കനക ചെയ്തു. കനകയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തെന്നും പിന്നീട് വെറുതെ വിട്ടുവെന്നും കനക അറിഞ്ഞു. ആ സംഭവത്തിനു ശേഷം കനകയെ തേടി അയാൾ വന്നില്ല. ധനമുണ്ടാക്കാനായ് നിർബന്ധിച്ച് മദ്രാസിലേക്ക് കൊണ്ടുപോവുകയും, പിന്നീട് വരാതിരിക്കുകയും  ചെയ്ത ഭർത്താവിനെ കാണേണ്ടെന്ന് കനക അപർണ്ണയോടു പറഞ്ഞു.   അയാളിൽ നിന്ന്  ജീവനാംശം വാങ്ങികൊടുക്കാമെന്ന് അപർണ്ണ പറഞ്ഞെങ്കിലും  കനക അതിനു തയ്യാറായില്ല. കനകയ്ക്ക് ഒരു മകളല്ല രണ്ട് കുട്ടികളുണ്ടായിരുന്നു,   ഇരട്ടക്കുട്ടികൾ.   അവരെ അപർണ്ണ ചെന്നെയിലെ ഏതോ കോൺവെന്റ് സ്കൂളിലാക്കിയിരിക്കുന്നു. 

നൃത്തം ചെയ്യാൻ പിന്നീട് പലരും പറഞ്ഞെങ്കിലും കനകയ്ക്കതിനായില്ലനഗരങ്ങളിൽ നിന്നും ദൂരെയെവിടെയെങ്കിലും ജീവിക്കണമെന്ന് കനക ആഗ്രഹിച്ചിരുന്നതിനാൽ അപർണ്ണ കനകയ്ക്ക് ഹൊരനാട്ടിൽ ഒരു ജോലിയുണ്ടാക്കി കൊടുത്തു. സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയുടെ ഹൊരനാട്ടിലെ ശാഖയിലായിരുന്നു കനക ജോലിചെയ്തിരുന്നത്.

വിദ്യ ഇതെല്ലാം എങ്ങനെയറിഞ്ഞു?
ഹൊരനാട്ടിൽ കനക എന്റെ വീട്ടിലായിരുന്നു കുറെ നാൾ താമസിച്ചിരുന്നത്.
വിദ്യയുടെ മറുപടിയിൽ തണുപ്പുറയുന്നത് നിത്യ അറിഞ്ഞു..

നിത്യയക്ക് എല്ലാം മനസ്സിലായിതുടങ്ങി..
ഏട്ടൻ മൂലം കണ്ണുനീരൊരുപാടൊഴുക്കിയ കനകരേഖാലക്ഷ്മി...
ഏട്ടൻ വേറെ വിവാഹവും ചെയ്തിരിക്കുന്നു.
കനകരേഖാലക്ഷ്മിയെ ഏട്ടൻ എത്ര വേഗം മറന്നുതീർന്നിരിക്കുന്നു, അതോ മറന്നുതീർന്നുവെന്നഭിനയിക്കുന്നുവോ?
പലരും പറഞ്ഞ കഥകൾ സത്യമായിരുന്നില്ല, നിത്യയ്ക്ക് മനസ്സിലായി. ഏട്ടനപകടം സംഭവിച്ച് സുഖമായ് വരും നാളിലൊരിക്കൽ നിത്യ ചോദിച്ചു.
ഏട്ടാ സത്യം പറയണം കനക മോശം പെൺകുട്ടിയായിരുന്നുവോ?
കുറെ നേരം ഏട്ടൻ നിശ്ശബ്ദനായിരുന്നു. പിന്നീട് ഏട്ടൻ പറഞ്ഞു.
അല്ല.
പിന്നെയെന്തിനിവിടെയെല്ലാവരും അങ്ങനെ ഒരു കഥ പറയുന്നു?
നിത്യയുടെ ശബ്ദം അല്പം ഉയർന്നിരുന്നു..
എന്ത് പറയണമെന്നറിയാതെ ഏട്ടനല്പനേരമിരുന്നു. പിന്നീട് നിസ്സംഗതയുടെ
ഭാഷാലിപി പോലെ ഏട്ടൻ പറഞ്ഞു
പലരും ഉണ്ടാക്കിയ കഥയത്. ഒരു തരം എസ്കേപിസം. രക്ഷപെടൽ..
പ്രായോഗികമായി ചിന്തിച്ചാൽ അങ്ങനെയൊക്കെ ചെയ്തുപോയി എന്നേ പറയാനാവൂ.
അന്ന് നിത്യ തീരുമാനിച്ചു. കനകയെ അന്വേഷിക്കണം.
യാഥാർഥ്യം തേടി നിത്യ അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒരുതരം വിഭ്രമം പോലെ
ഹൃദ്സ്പന്ദനങ്ങളിലിലത്താളം കൊട്ടും വിധി പോലെ എന്തോ ഒന്ന് നിത്യയെയുലച്ചു.  വീടിന്റെ ചുമരുകൾക്കിടയിൽ നിത്യ കേട്ടുകൊണ്ടേയിരുന്ന കനകയുടെ കഥകൾ. സത്യത്തിനെ അസത്യത്തിന്റെ ഉറുമാലാൽ മറകെട്ടി ആരെയോ വിശ്വസിപ്പിക്കാനെന്നപോൽ കേട്ടുമടുത്ത കഥകൾ. ബാല്യം മുതൽ നിത്യ കേട്ട കഥകളിൽ കനക അപ്രിയമായ വൈരുദ്ധ്യങ്ങളുടെ പ്രതീകമായിരുന്നു. അമ്മ മുതൽ അമ്മൂമ്മ വരെ പറഞ്ഞു കേട്ടിരുന്ന കനകയുടെ കഥകൾ അനിഷ്ടം നിറഞ്ഞതായിരുന്നു. പിന്നീടെന്നോ നിത്യയ്ക്ക് തോന്നി ഒരു സത്യാന്വേഷണം ആവശ്യമെന്ന്. ദൃശ്യതയിലെ അദൃശ്യത പോലെ എന്തോ ഒന്ന് നിത്യയെ ചുറ്റിവരിഞ്ഞു.  ഋതുക്കളോടി മാഞ്ഞ സംവൽസരങ്ങളിലൂടെ കളസേശ്വറിലെ അമ്പലത്തിനരികിൽ നിത്യയുടെ അന്വേഷണം പൂർത്തിയായിരിക്കുന്നു. നിത്യയ്ക്കറിയേണ്ടത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

അമ്പലത്തിലെ കൽപ്പടവുകൾ മെല്ലെയിറങ്ങുന്നതിനിടയിൽ നിത്യ വിദ്യയോടു ചോദിച്ചു.
കനകയെ എനിക്കൊന്നു കാണാനാവുമോ..
കനക കുറെ വർഷം മുൻപേ ഇവിടെ നിന്നുപോയി.
അത് സത്യമല്ലെന്ന് നിത്യയുടെ മനസ്സ് പറഞ്ഞു. അപ്രിയമായ സത്യങ്ങൾ അങ്ങനെ തന്നെയിരിക്കട്ടെയെന്ന് നിത്യ മനസ്സിൽ കരുതി. പിന്നീട് ചോദിച്ചു
എവിടേയ്ക്ക്??
അത് അപർണ്ണയ്ക്ക് മാത്രമേ അറിയുള്ളൂ.
നിത്യ ഒന്നും പറഞ്ഞില്ല…
അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
നിത്യ കനകയെ കണ്ടിരിക്കുന്നു...
ഹൊരനാടിന്റെ മനോഹാരിതയിൽ മനസ്സിലെ നീറ്റൽ, ദൈന്യം എല്ലാം അലിഞ്ഞില്ലാതെയാവുന്നു.

അപർണ്ണ അയ്യർ കനകയുടെ പേരും മാറ്റിയിരിക്കുന്നു...
കനകയെ അപർണ്ണ വിദ്യയാക്കി മാറ്റിയതെന്തിനെന്നും നിത്യയ്ക്ക് മനസ്സിലായി
ഒരു രക്ഷപ്പെടൽ,  എസ്കേപിസം..

നിത്യയ്ക്കെല്ലാം മനസ്സിലായിരിക്കുന്നു.  നിത്യയുടെ മനസ്സിൽ ഗോകർണ്ണതീരം ഓംങ്കാരഭാവത്തിലൊഴുകി. തിരികെ പോരുമ്പോൾ നിത്യ കാറിലിരുന്ന് കനകയുടെ പഴയ നൃത്തചിത്രങ്ങൾ  എടുത്തു നോക്കി. അതിനെല്ലാം വിദ്യയുടെ മുഖമായിരുന്നു എന്നത് നിത്യയ്ക്ക് അതിശയമേകിയില്ല.

കാറിലിരുന്ന് നിത്യ ഡയറിയിലെഴുതി ചേർത്തു
കനകരേഖാലക്ഷ്മി ജീവിച്ചിരിക്കുന്നു
ഹൊരനാടിന്റെ ഹരിതാഭയിൽ...

നഗരങ്ങളിൽ നിന്നകലെ........







                         
                      http://pisharodyrema2014.wordpress.com