ഫ്ലൈയിംഗ് കോഫിൻസ്
(By Rema Prasanna Pisharody)
April 12, 2015 Sunday
മിഗ് എന്ന പറക്കും മരണപേടകത്തിൻ ദുരൂഹത നീങ്ങും മുൻപേ വീണ്ടും ഇതാ റാഫേൽ. 2006ലെ രംഗ് ദേ ബാസന്തി എന്ന ഹിന്ദി സിനിമയിലൂടെ മിഗ് എന്ന മരണക്കെണിയുടെ കഥകൾ കണ്ട് രോഷം കൊണ്ട ജനസഞ്ചയം അതെന്നേ മറന്ന് കഴിഞ്ഞിരിക്കുന്നു. മനസ്സാക്ഷിയെ മരവിക്കുന്ന സംഭവങ്ങൾ ചുറ്റും നടക്കുമ്പോൾ ജനങ്ങൾ ഭരണകൂടത്തിൽ നിന്നകന്ന് സ്വയമേ കൂട്ടായ്മകളുണ്ടാക്കുകയും മാനവികതയുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് ശബ്ദമുയർത്തി രംഗ് ദേ ബാസന്തി എന്ന സിനിമ ജനസമൂഹത്തോടന്ന് പറഞ്ഞു...
മിഗ് എന്ന വ്യോമയാനത്തെ പറക്കും മരണപേടകമെന്ന് വിളിക്കാനാരംഭിച്ചത് അതിൽ സഞ്ചരിച്ച് മരണപ്പെട്ടവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങിയപ്പോഴാണ്. ഫ്രഞ്ച് വിമാനമായ മിഗിന്റെ ഇറക്കുമതിയെ ചൊല്ലിയുണ്ടായ ഡിഫൻസ് ഡീലിന്റെ കറുത്ത പുക മാറും മുൻപേ ഇപ്പോൾ 20 മില്യൻ ഡോളറിന്റെ റാഫേൽ. ദാസോൾട് റാഫേൽ എന്ന പോർവിമാനത്തിന്റെ പ്രവർത്തന ഗുണമേന്മയെ ചൊല്ലിയുള്ള സംശയങ്ങൾ ബാക്കിനിൽക്കെയാണ് പലരും ട്രബിൾ ഷൂട്ടർ എന്ന് വിളിക്കുന്ന ഭാരതീയ ജനതാപാർട്ടിയിലെ തന്നെ ഡോക്ടർ സുബ്രമണ്യം സ്വാമി ഈ ഡിഫൻസ് ഡീലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഈ ഡീലുമായി ഗവണ്മെന്റ് മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കും എന്നാണ് ഡോക്ടർ സ്വാമിയുടെ നിലപാട്, 36 റാഫേൽ വിമാനങ്ങളുടെ കരാറാണ് ഇപ്പോൾ നടക്കുന്നത്. 1200 കോടി രൂപയോളം വരുന്ന 120 വിമാനങ്ങൾ വാങ്ങാനായിരുന്നു ആദ്യ തീരുമാനം എന്ന് കേൾക്കുന്നു.
ദാസോൾട് ഏവിയേഷന്റെ റാഫേൽ എന്ന യുദ്ധവിമാനത്തിന്റെ ഗുണമേന്മയെപ്പറ്റി ഏകപക്ഷീയമായ അഭിപ്രായം നിലവിലില്ല. കോടികളുടെ ഇടപാടുകൾ നടക്കുന്ന ഇത്തരം വ്യാപാരങ്ങളിൽ ഡിഫൻസ് മന്ത്രാലയം സൂക്ഷിക്കുന്ന നിഗൂഢത മിഗ് എന്ന പറക്കുന്ന മരണപേടകത്തോളം വലുതാണ്.
ഫ്ലയിംഗ് കോഫിനുകൾ നമുക്കാവശ്യമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. സാധാരണ ജനങ്ങൾക്ക് ചിന്തിക്കാനാവുന്നതിലും സങ്കീർണ്ണമായ ഇത്തരം ഇറക്കുമതികൾ രാജ്യത്തിന്റെ സുരക്ഷയുടെ പേരിലാണ് നടന്നുകൊണ്ടിരിക്കുന്നത്. സുരക്ഷയുടെ പേരിൽ പറക്കും മരണപേടകങ്ങളിലേറി മരിച്ച് വീഴുന്ന നമ്മുടെ രാജ്യ സുരക്ഷാ സൈനികരായ വൈമാനികരേ, ഈയവസരത്തിൽ അറിയാതെയെങ്കിലും നിങ്ങളെയോർമ്മിച്ചുപോകുന്നു....
No comments:
Post a Comment