തീമഴത്തുള്ളികൾ
(By Rema Prasanna Pisharody)
(By Rema Prasanna Pisharody)
ബേൺ മൈ ബോഡി എന്ന ഷോർട്ട് ഫിലിമിന് ശേഷം കണ്ട സുഹാസ് മോഹന്റെ 'ദേവി സ്റ്റോറി ഓഫ് അൻ ഇന്ത്യൻ ഗേൾ; പീഢനങ്ങൾക്കൊരു തലസ്ഥാനമായി മാറുന്നുവോ ഇന്ത്യ?
സ്ത്രീകളെ ദേവി സ്ഥാനത്താരാധിച്ച ഒരു രാജ്യത്തിൽ സ്ത്രീ ഒരു ശരീരം മാത്രമായി മാറുന്നു. ജീവിതത്തെ കുറിച്ചെഴുതാൻ ഏറ്റവും നല്ല മഷി മരണമെന്ന് ഒരു കഥാകൃത്ത് പറയുന്നു. ജീവിതത്തെ കുറിച്ചെഴുതാൻ ഏറ്റവും നല്ല മഷി കണ്ണുനീർത്തുള്ളികളാണ് എന്ന് ഈ രണ്ട് ഷോർട്ട് ഫിലിമുകളും അടിവരയിട്ട് പറയുന്നു. അഗ്നിയുടെ തിളക്കമുള്ള കണ്ണുനീർത്തുള്ളികൾ.
സ്കൂളിലേയ്ക്ക് പോകുന്ന മേരാ ഭാരത് മഹാൻ എന്ന ചിത്രം ബാല്യസഹജമായ കൗതുകത്തോടെ വരയ്ക്കുന്ന കൊച്ചുകുട്ടിയുടെ ബാഗിലേയ്ക്ക് സ്ത്രീപീഢനങ്ങളുടെ വാർത്തകൾ നിറയും പത്രത്താളുകളാൽ ചുറ്റിയ മനസ്സുമായി ഒരച്ഛൻ കത്തിയും, വടിവാളും, ചാട്ടവാറും നിഷേപിക്കുന്നു. സ്കൂളുകളിൽ പോലും ബാലികമാർ പീഢിക്കപ്പെടുന്നു. ഒരച്ഛന്റെ മകളുടെ സുരക്ഷയോടുള്ള ആധി ഈ ഷോർട്ട് ഫിലിമിന്റെ അവസാന ഷോട്ടിൽ കാണുമ്പോൾ വികലമായ മനസ്സുമായ് ബാല്യത്തെ പോലും വീക്ഷിക്കുന്ന ഒരു സമൂഹം ഹൃദയത്തിൽ അശാന്തിയുടെ കാഹളം മുഴക്കുന്നു.
ആര്യൻ കൃഷ്ണമേനോന്റെ ബേൺ മൈ ബോഡിയിൽ കത്തുന്ന അഗ്നിനാളങ്ങളിലൂടെ നടന്നുനീങ്ങുന്ന സ്ത്രീത്വം നടുങ്ങി വിറയ്ക്കുന്നു. സ്ത്രീയായി ജനിച്ചു പോയി എന്നതിനാൽ ഒരു മനുഷ്യജന്മം അനുഭവിക്കുന്ന ദുരിതം മരണത്തോടെയും അവസാനിക്കുന്നില്ല എന്ന അറിവ് മനുഷ്യത്വം എന്ന മഹനീയമായ പ്രസ്ഥാനത്തോടുള്ള വിശ്വാസത്തെ ഉലയ്ക്കുന്നു എന്നത് അതീവ ദു:ഖകരം.
പെൺജീവനുകളെ കുറിച്ച് ഒരു കുറ്റവാളിയുടെ പരസ്യപ്രസ്താവന വായിച്ചുണ്ടായ നടുക്കം ഇപ്പോഴും വിട്ടുമാറിയില്ലാത്ത സ്ത്രീചിന്തകൾക്കിടയിലേയ്ക്ക് 'ബേൺ മൈ ബോഡി' എന്ന ചിത്രം തീ കോരിയിടുന്നു.
മൂന്നും നാലും മണിക്കൂറിൽ വലിച്ച് നീട്ടി രാഷ്ടീയക്കാരെയും നീതിപീഠത്തെയും വെല്ലുവിളിച്ച് സമൂഹത്തിന്റെ യഥാർഥപ്രശനങ്ങൾക്കൊരു പരിഹാരവുമാകാത്ത സ്നിമകളെക്കാൾ ഈ ഷോർട്ട് ഫിലിമുകൾ മനസ്സാക്ഷിയെ സ്പർശിക്കുന്നു.
ബേൺ മൈ ബോഡിയും, ദേവിയും ഹൃദയത്തിലിരുന്ന് വിങ്ങുന്നു, അന്തരംഗത്തിൽ തീമഴ പെയ്യിക്കുന്നു..
https://www.youtube.com/watch?v=rZRxeWWsC4E&feature=youtu.be
No comments:
Post a Comment