അതിരുകൾക്കരികിൽ നിന്ന് എഴുതാനേ ഞങ്ങൾക്കാവൂ
(By Rema Prasanna Pisharody)
=================================================================
പ്രിയപ്പെട്ട സബീൻ
നമ്മളിൽ ചിലർ അങ്ങനെയൊക്കെയാണ്. ചില സഹോദരങ്ങൾ സഹാനുഭൂതിയുമായ്, ലോകനന്മയ്ക്കായ് പ്രവർത്തിക്കുമ്പോൾ ചില സഹോദങ്ങൾ ഗന്ധകപ്പുക നിറഞ്ഞ മനസ്സിലെ തീനാളങ്ങളായിരിക്കും നമുക്കേകുക.. അതിരുകൾ തിരിച്ച് ഭാഗം പിരിഞ്ഞ് പോയ ദേശത്തിൽ മാത്രമല്ല, ഭൂമിയിലെ ഏറ്റവും വലിയ വൻ കരയുടെ പലേ ദിക്കിലും അശാന്തി ആധികാരികമായി കൈയടയാളം പതിപ്പിച്ചിരിക്കുന്നു.
പ്രിയപ്പെട്ട സബീൻ, മനുഷ്യാവകാശമെന്നത് മഹനീയമായ വാക്കാണെങ്കിലും സങ്കുചിതത്വത്തിന്റെ വൻകരകളെ മനസ്സിൽ പ്രതിഷ്ടിക്കും നമ്മുടെ ചില സഹോദരങ്ങൾക്ക് അത് മനസ്സിലാവുന്നില്ല എന്നത് നിർഭാഗ്യകരമായ അവസ്ഥാവിശേഷമാണ്. ആയുധങ്ങളുടെ കോട്ടകൾ ഹൃദയത്തിൽ പണിതുയർത്തിയവർ നിറയൊഴിക്കുമ്പോൾ മനുഷ്യാവകാശപ്രവർത്തനമെന്നത് അറിവില്ലായ്മയുടെ നീതിപുസ്ത്കത്തിൽ അപരാധമായി എന്നത് ദു:ഖകരം.
പ്രതികരിക്കാതിരിക്കുക എന്ന നയതന്ത്രപരമായ രക്ഷപ്പെടലാണ് പലരും ഇന്നത്തെ സമൂഹത്തിൽ പിൻ തുടരുന്നത്. തീവ്രഭാവത്തിന്റെ വിശ്വാസപ്രമാണങ്ങളെ എതിർക്കുന്നവർ അനുഭവിക്കുന്ന പലവിധ പീഢനങ്ങളും ലോകം നടുക്കത്തോടെ വായിച്ചറിയുമ്പോൾ സബീൻ നിങ്ങളെപ്പോലുള്ളവർ മനുഷ്യാവകാശത്തിനായി സ്വന്തം ജീവൻ പണയം വയ്ക്കുന്നു. നിങ്ങൾക്ക് നേരെ നിറയൊഴിച്ച സഹോദരങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടാവില്ല മനുഷ്യത്വം മതങ്ങൾക്കും മേലെ നിൽക്കുന്ന മഹനീയമായ ഒരു സങ്കല്പമാണ് എന്നത്.
അസ്വസ്ഥലോകത്തിന്റെ രേഖാചിത്രങ്ങൾ കണ്ടുനീങ്ങും അരക്ഷിതമാം മനസ്സു കൊണ്ട് പ്രപഞ്ചത്തിലെ പ്രദക്ഷിണപഥത്തിൽ സഞ്ചരിക്കുന്ന അനേകഗ്രഹങ്ങളിലൊന്നാണ് ഈ ഭൂമിയെന്നും ആ പ്രദക്ഷിണവഴിയിലുണ്ടാകാനിടയുള്ള ഒരു ചെറിയ അപകടം പോലും ഭൂമിയിലെ ജീവജാലങ്ങളെയൊന്നാകെ ഇല്ലാതാക്കാനും കഴിയും എന്ന് ഒരിയ്ക്കലെങ്കിലും ചിന്തിക്കാനാനായാൽ ഗന്ധകക്കൂട്ടുകൾ തേടി മനുഷ്യർ ജന്മം പാഴാക്കാനിടയില്ല.
ആദരാഞ്ജലികൾ സബീൻ..
അതിരുകൾക്കരികിൽ നിന്ന് എഴുതാനേ ഞങ്ങൾക്കാവൂ...
അത്രയ്ക്കും നിസ്സഹായരായിരിക്കുന്നു മനുഷ്യർ...
അതിരുകൾക്കരികിൽ നിന്ന് എഴുതാനേ ഞങ്ങൾക്കാവൂ...
അത്രയ്ക്കും നിസ്സഹായരായിരിക്കുന്നു മനുഷ്യർ...
No comments:
Post a Comment