Tuesday, November 4, 2014

കവിതയുടെ ഉൾമുറിവുകൾ
(വിശേഷാൽപ്രതികളിലെ സൃഷ്ടികൾ)

(By Rema Prasanna Pisharody)
സമുദ്രത്തിൽ തിരകളും, രത്നങ്ങളുമുണ്ട്. നിധിശേഖരങ്ങൾ നിഗൂഢമായ ഉള്ളറകളിൽ. പുറമേ വന്ന് പോകുന്ന തിരകളിലൂടെ നിധിശേഖരങ്ങളിലേയ്ക്കെത്തും പോലെയുള്ള ഒരു യാത്രയാണ് നല്ല കവിതകൾ തേടിയുള്ള യാത്രയും.

ചില കവിതകൾ നമ്മൾ ഹൃദയത്തോട് ചേർത്ത് വയ്ക്കും. അതിന്റെ മാസ്മരികതയും ആത്മാംശവും നമ്മുടെ കൂടെ സഞ്ചരിക്കും..


അങ്ങനെയുള്ള ചില കവിതകളാണ്


ശ്രീ എൻ എൻ കക്കാടിന്റെ സഫലമീയാത്രയിലെ

ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ

ശ്രീ ഏൻ വിയുടെ

താഴുവതെന്തേ തഥാഗത
ഈ തടാകത്തിൻ ആഴത്തിൽ 
ജലകന്ദരങ്ങളിലുണ്ടോ ശാന്തി

സുഗതകുമാരിയുടെ

പോയതിൻ  ശേഷം നോക്കൂ
ഞാനുണ്ട് നിലാവുണ്ട്
രാവുണ്ട് പകലുണ്ട-
തൊക്കെയും പണ്ടേപോലെ
വാനത്തു നക്ഷത്രങ്ങളുണ്ട്
നമ്മുടെ വീട്ടില്
തൂവിളക്കെന്നും കൊളു-
ത്താറുണ്ട് പണ്ടേപോലെ

വയലാറിന്റെ അശ്വമേധം,  ആത്മാവിൽ ഒരു ചിതമധുസൂദനൻ നായരുടെ ഗാന്ധി, നാറാണത്ത് ഭ്രാന്തൻ എന്നീ കവിതകളും വീണ്ടും വീണ്ടും വായിച്ചാസ്വദിക്കുന്നതിനിടയിൽ
ഏറെ പ്രതീക്ഷയോടെയാണ് മുഖ്യധാരാമാധ്യമവിശേഷാൽ പ്രതികളിലെ കവിതകൾ വായിച്ചത്. കാവ്യസ്നേഹികളെ തീർത്തും നിരാശപ്പെടുത്തി മുഖ്യധാരാമാധ്യമങ്ങളുടെ ഓണവിശേഷാൽ പ്രതികൾ എന്നെഴുതുന്നതിൽ ദു:ഖമുണ്ട്. 

ശ്രീ ആറ്റൂർ രവിവർമ്മയുടെ മണ്ണ് എന്ന കവിതയിലെ വരികളിങ്ങനെയായിരുന്നു.

ഞാനിപ്പോൾ യോഗ അഭ്യസിക്കുകയായിരുന്നു
അയ്യങ്കാരുടെ പുസ്തകമനുസരിച്ച്
വജ്രാസനം തൊട്ട് ശവാസനം വരെ..

വരികളിൽ കവിതയോ, കാവ്യഭാവമോ ഇല്ല എന്ന വ്യസനത്തോടെ പറയേണ്ടിവരുന്നു.

ടാഗോറും, നെരൂദയും വരിക്കവിതകൾ എഴുതിയിയിരുന്നതെങ്കിലും അതിലുള്ള മഹനീയമായ കാവ്യഭാവത്തിന്റെ ശ്രേഷ്ടതയാണ് കവിതകളെ ലോകം  ഇന്നും ആദരിക്കുന്നത്.

അല്പമായീർപ്പവും കാറ്റുമൊന്നിക്കുകിൽ
പെട്ടെന്ന്  വീഴുമീ കൈയിലെ പിണ്ഡവും
കർക്കിടകത്തിൽ കുതിർന്ന നാമും തമ്മി-
ലത്രയ്ക്ക് ഭേദം കുഴഞ്ഞുനാമപ്പോഴേ’

എന്ന വിജയലക്ഷമിയെഴുതിയ വാവ് എന്ന കവിതയൊഴിച്ചാൽ മാതൃഭൂമി വിശേഷാൽപതിപ്പിൽ കാവ്യഭംഗിയാർന്ന വാക്കുകളുള്ള കവിതകൾ ഇല്ലായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നതിൽ ദു:ഖമുണ്ട്.

‘അമ്മ തൻ ചിന്മുദ്രയാണീയെഴുത്തുകൾ’ എന്ന മധുസൂദനൻ നായരുടെ കവിത വായിച്ചിട്ടുള്ളവർക്ക് വനദേവത എന്ന കവിത ഹൃദയത്തെ സ്പർശിക്കാതെ പോയതിൽ അത്ഭുതപ്പെടേണ്ടതില്ല. വനദേവത എന്ന കവിതയിലെ

"പട്ടണം കാണാമെന്ന ആവേശത്തിൽ
നേരത്തെ നടന്ന് ലോറിയിൽ കയറി
എത്ര വിളിച്ചിട്ടും നിർബന്ധിച്ചിട്ടും
മുറ്റത്തെ കിണർ വരാൻ കൂട്ടാക്കിയില്ല"

ഇത് കവിതയാണോ എന്ന് ചോദിച്ചാൽ

കൊട്ടത്തേങ്ങ അരിഞ്ഞ് മൊരിച്ച്
ചമ്മന്തിയുണ്ടാക്കി ഞാൻ
ചട്ടിയും കലവും അടുക്കളയിൽ
ശബ്ദമുണ്ടാക്കി

ഇതേ പോലെ കുറെ വരികൾ മാത്രം എന്നേ പറയാനാവുന്നുള്ളൂ.

മധുസൂദനൻ നായരുടെ ഗാന്ധിയെന്ന കവിതയിലെ

എത്ര മിഴികൾ കൊണ്ട് കാൺകിലും കാഴ്ചകൾക്കപ്പുറം
നിൽക്കുന്നു ഗാന്ധി
എത്ര വർണ്ണം മാറ്റിയെഴുതിലുമെഴുത്തുകൾക്കപ്പുറം
നിൽക്കുന്നു ഗാന്ധി
തനിയേ നടന്നു നീ പോവുക തളർന്നാലുമരുതേ
പരാശ്രയവുമിളവും
അനുഗാമികൾ വെടിഞ്ഞാലും നിനക്ക് നീയഭയവും
വഴിയും, വിളക്കും…

എന്ന കവിത വായിച്ചതിന്ശേഷം വിശേഷാൽ പ്രതിയിലെ മതിലുകൾ
വായിച്ചു നോക്കിയാൽ കാവ്യഭാവമുള്ള കവിതയും വരിയെഴുത്ത് കവിതകളും തമ്മിലുള്ള അന്തരം അറിയാനാവും
ഞാനും ഗാന്ധിയും
രക്തസാക്ഷികളായത് ഇന്നാണ്
അഘോഷിക്കേണ്ട ഭാര്യ ചോദിച്ചു
ഗാന്ധിക്ക് ചുമതല കൂടുകയാണ്.. 

രണ്ട് ആത്മകഥകൾതിവിം, വിളക്കിച്ചേർത്ത പിണക്കങ്ങൾമടുപ്പ്  ഇവയിലൊന്നും കാവ്യഭാവത്തിന്റെ മനോഹാരിത കാണാനാവുന്നില്ല എന്നത് ദു:ഖകരമെന്നേ പറയാനാവൂ.

ഒന്നാലോചിച്ചാൽ കവിതയെന്ന പേരിൽ അധികം പേജുകൾ നിറച്ചിട്ടില്ല എന്നതിൽ ആശ്വസിക്കാം. കാവ്യഭാവമനോഹാരിതയാർന്ന കവിതകൾ വിശേഷാൽ പ്രതികളിൽ നിന്നകന്നു പോയതിന്റെ കാരണമെന്താണാവോ?

മനോരമ വിശേഷാൽപ്രതിയിലെ പ്രകൃതിപാഠം എന്ന ശ്രീ എൻ വിയുടെ കവിതയിൽ

മൺപുരയിലേക്കാറ്റക്കുരുവികളാകെപ്പറന്ന് പറന്ന് പോകെ..
മാപ്പുചോദിക്കുന്നു ഞങ്ങൾ നിഷാദരല്ലാത്ത മനുഷ്യരേ മാപ്പ്, മാപ്പ്

എന്ന കുഞ്ഞാറ്റക്കുരുവികൾ മനുഷ്യരോട് സംവദിക്കുന്നത്  പോലെയുള്ള കവിതയിൽ പ്രകൃതിയോട് കാരുണ്യമില്ലാത്ത മനുഷ്യരെ നിങ്ങളെന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം ഉയരുന്നു. മഹത്തായ ഒരു സന്ദേശം കവിതയിലുണ്ട്.

ശ്രീ കെ ജി ശങ്കരപ്പിള്ളയുടെ വിഷപക്ഷം
ചരിത്രം വളർന്നു
ചന്തയും ചിന്തയും ചന്തവും
പുത്തനായി
ദാക്ഷായണിയമ്മയുടെ ഒരു കൈ തടിച്ചു...
കാരണം എൻഡോ സൾഫേനാണെന്ന്
കാസർകോട്ടുകാരൻ
കോർട്ടിസോണെന്ന്  ഡോക്ടർ

സാമൂഹിക പ്രതിപത്യതയുള്ള  വരികൾ കവിതയുടെ ഗണത്തിലുൾപ്പെട്ടിരിക്കുന്നു. ഒരു ലേഖനം പോലെ വായിക്കുന്നവർക്ക് അനുഭവപ്പെടുന്നതിൽ അതിശയിക്കേണ്ടതില്ല.
ശ്രീ ട് പി രാജീവന്റെ അമ്മ ഉറങ്ങുകയാണ്
കോളനിയിലെ
ഏറ്റവും ചെറിയ വീടാണിത്
ഏറ്റവും ചെറിയ മുറിയിൽ
ഏറ്റവും ചെറിയ കട്ടിലിൽ
ഏറ്റവും ചെറിയ പുതപ്പിനുള്ളിൽ
അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ
ഒരു കുഞ്ഞിനെപ്പോലെ അമ്മ ഉറങ്ങുകയാണ്

വരികളടുക്കി അത്ഭുതം സൃഷ്ടിക്കാനുള്ള ഒരു ശ്രമം എന്നതിനപ്പുറത്തേയ്ക്ക് വായനക്കാരനെ ഉയർത്താത്തത് വയലാറിന്റെ  വൃക്ഷമായിരുന്നു ഞാൻ   പണ്ടൊരു മഹാനദിക്കരയിൽ, കുമാരനാശന്റെ കരുണഎന്നീ കവിതകളിലെ  അഗാധമാം കാവ്യമയമായ ആത്ഭഭാവം അമ്മ ഉറങ്ങുകയാണ് എന്ന കവിതയിൽ ഇല്ലാതെ പോയതാണ്.

അച്ഛനും കുട്ടിയും, ജാഥ വിരുദ്ധം ഇണക്കം എന്നിങ്ങനെയുള്ള സൃഷ്ടികളും കവിതാഗണത്തിൽ വിശേഷാൽ പ്രതിയിൽ കാണാനായി.

പുതുതലമുറയുടെ കാവ്യഭാവം വരികളിലൊതുങ്ങി നിൽക്കുന്നു എന്നാണ് കവിതാഗണത്തിലെ സൃഷ്ടികൾ ഒരു വായനക്കാരനെ പഠിപ്പിക്കുന്നത്.

ഹൃദയസ്പർശിയായ, മനസ്സിൽ തൊട്ടുണരും കവിതകൾ മുഖ്യധാരാമാധ്യമവിശേഷാൽപ്രതികളിൽ  കാണാനാവാതെ പോയതിൽ യഥാർഥ കവിതയെ സ്നേഹിക്കുന്ന ചില കവിതാസ്വാദകരെങ്കിലും ദു:ഖിക്കുന്നുണ്ടാവും

മധുസൂദനൻ നായർ മതിലുകൾക്കപ്പുറം പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും എന്നു പാടി അളകനന്ദയായ സ്വർലോക ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവന്ന ഭഗീരഥപ്രയത്നം പോലെ നല്ല കവിതയെയുണർത്താൻ ഇനിയും എത്രയോ കാലം ഭഗീരഥന്മാർ തപസ്സ് ചെയ്യേണ്ടിയിരിക്കുന്നു.


കവിതയുടെ ഉൾമുറിവുകളിൽ     അമൃത് തൂവി  കാവ്യഭാവമാർന്ന മനോഹര കവിതകൾ  ഇനിയും വരും വിശേഷാൽ പ്രതികളിലൂടെ
വർത്തമാനകാലഭൂമിയിലേയ്ക്കൊഴുകും എന്ന്  വിശ്വസിക്കാം..

No comments:

Post a Comment