Wednesday, July 27, 2016


There a passion in me for alphabets and literature but never thought a writer would come and ask me to write an introduction for his/book Here Ramesh Menon and Muktha surprised me..
All the very best Dear Writers Ramesh Menon and Mukhtha..
My heart felt wishes for your bright future..


ആൽമരം
പോലൊരു ബോൺസായ്
Rema Prasanna Pisharody


ഭൂസുഗന്ധമുള്ള മൺപാത്രത്തിൽ വളരുന്നു വലിയ ചെറിയ വൃക്ഷം. മനസ്സ് പോലൊരു മൺകുടത്തിൽ വളർന്നു വലുതാവും വൃക്ഷശിഖരങ്ങൾ ഒതുക്കാൻ മനുഷ്യർ ശ്രമിക്കും പോലെ ബോൺസായ് ഭീമാകാരമായ വൃക്ഷശിഖരങ്ങളെ ഒരു  അലങ്കാരപ്പൂപ്പാത്രത്തിലൊതുക്കി വയ്ക്കുന്നു. ബോൺസായി എന്ന        രമേഷ് മേനോന്റെ ആദ്യകഥ വായനക്കാരിൽ കൗതുകമുണർത്തുന്നു.  നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനയിലെ വാൻ ഡൈനാസ്റ്റിയിലെ ഒരു ചക്രവർത്തിയാണ് ആദ്യമായി ബോൺസായി പരീക്ഷിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. മറ്റൊരു ചരിത്രം, നാലാം നൂറ്റാണ്ടിലെ ഒരു ചൈനീസ് കവിയായിരുന്ന ഗൂൻ മിങ് ആണ് ബോൺസായി കലയ്ക്ക് തുടക്കമിട്ടതെന്നും രേഖപ്പെടുത്തുന്നു. ചൈനയിലെ പെൻജിങ്ങിൽ നിന്നും ബോൺസായിയെ  ജപ്പാൻ ഏറ്റെടുത്തു പരിപോഷിപ്പിച്ചു. ഭാവനകൾക്കതീതമായി മൺപാത്രത്തിൽ കണ്ണുനീർത്തുള്ളി പോൽ വീഴും ജലകണങ്ങളുടെ നനവുമായ് കഥാസമാഹാരത്തിന്റെ ശീർഷകമായി ‘ബോൺസായി’ എന്ന പേര് രമേഷ് തിരെഞ്ഞെടുത്തിരിയ്ക്കുന്നു. പ്രതീകാത്മക ചിന്തകളുടെ  വൻ വൃക്ഷം അതീവമനോഹരമായി രമേഷിന്റെ ബോൺസായിൽ പടർന്നു പന്തലിയ്ക്കുന്നു.

രമേഷ് മേനോന്റെ  ‘ബോൺസായി’ എന്ന ആദ്യകഥ ജീവിതത്തിൽ ചെറുതായിപ്പോവേണ്ടി വന്ന മനസ്സിന്റെ കഥയാണ്. തായ് വേരറുത്ത ജീവിതം ആകാശത്തിലേയ്ക്കുയരാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിലേയ്ക്ക് ഒരു ബോൺസായിയായി ചുരുങ്ങുന്നതെങ്ങെനെയെന്ന് രമേഷ് ഈ കഥയിലൂടെ പറയുന്നു. നോബൽ പുരസ്കാരം നേടിയ വിശ്വവിഖ്യാത നോവലിസ്റ്റായ   പേൾ സിഡൻസ്ട്രൈക്കർ ബക്ക് പ്രശസ്തമായ 'ദ് ഗുഡ് ഏർത്ത്' എന്ന നോവലിൽ പുരാതനചൈനയിലെ സ്ത്രീകൾ കാൽവിരലുകൾ ചുറ്റിമുറുക്കിക്കെട്ടി കാൽപ്പാദത്തെ ചെറുതാക്കിയിരുന്നു എന്ന് വിവരിച്ചിരുന്നു. പുരുഷന്റെ ഇഷ്ടം അതായിരുന്നു. പുരുഷ ഇഷ്ടങ്ങൾക്കായി ചെറുതാകുന്ന ഇനി തളിർക്കാൻ ഒന്നും ബാക്കിയില്ലാത്ത ബോൺസായികളോ സ്ത്രീകൾ എന്ന ധ്വനി ഈ കഥയിൽ നിറയുമ്പോൾ രമേഷിനോട് ഫെമിനിസ്റ്റുകൾക്കും, ഹ്യൂമനിസ്റ്റുകൾക്കും ഒരേ പോലെ ബഹുമാനം തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല. 

‘നിലവിളക്ക്’ എന്ന രണ്ടാമത്തെ കഥയിൽ അഗ്നിശുദ്ധമാം വിളക്കിലെ   കഴുകിയിട്ടും തെളിഞ്ഞു കാണാനായ ക്ലാവ് മനുഷ്യമനസ്സിലെ ചിന്താധാരയെ ഉലയ്ക്കുന്നു. തെളിനീരുറവകളിലേയ്ക്കൊഴുക്കും മാലിന്യം പോലെ മനസ്സിലേയ്ക്ക് പെരുംകാലുകൾ വച്ച് വരുന്ന ആസുരചിന്തകൾ. കടിഞ്ഞാൺ പൊട്ടിച്ചോടും കുതിരക്കുളമ്പടികൾ. നിമിഷത്തിന്റെ പെൻഡുലങ്ങൾ കാറ്റിലാടിയുലയുമ്പോൾ മനസ്സിൽ ഭദ്രമായൊളിപ്പിക്കും ചിന്തകൾ അഭദ്രമെന്ന് രമേഷ് ഫലപ്രദമായി  പറയുന്നു. രമേഷിന്റെ കഥയിലെ സത്യസന്ധത അമ്പരിപ്പിക്കുന്നതാണ്. മനുഷ്യനെന്ന വൈകാരിക വൈചിത്രത്തെയാണ് രമേഷ് ഈ കഥയിൽ അവതരിപ്പിക്കുന്നത്. ഒരോ മനുഷ്യനും പലപ്പോഴും കടന്നുപോകുന്ന അവസ്ഥയെ അനായാസമായി നിലവിളക്കിലെ ജ്വാലകൾക്കിടയിലൂടെ, പുളിച്ചീളുകൾക്കും, ഉപ്പിനും, ബ്രാസോയ്ക്കും തുടച്ച് മാറ്റാനാവാതെ തെളിഞ്ഞു കാണുന്ന ക്ലാവ് എന്ന കറപ്പുള്ളികളുമായ് രമേഷ് താരതമ്യം ചെയ്യുമ്പോൾ അതിശയിച്ചു പോകുന്നത് വായനക്കാരാണ്

ഒരു പകലും രാത്രിയും മിസ്റ്റിക് ഹൈറ്റ് അപാർട്ട്മെന്റിൽ നടക്കുന്നതെന്തന്ന് ഒരു സൂക്ഷ്മദർശിനിയിലൂടെ കണ്ടാലെന്ന പോൽ രമേഷ് നമ്മോട് പറയുന്നു. കിറ്റി പാർട്ടികളും , ആഘോഷങ്ങളും നടക്കുന്ന മിസ്റ്റിക് ഹൈറ്റിൽ  അനന്തസമുദ്രങ്ങളുടെ തിരക്കോളുകൾ, കിനാവള്ളികളുടെ മുൾവലയങ്ങൾ,  തെന്നിയോടുന്ന മൽസ്യക്കൂട്ടങ്ങൾ, അതീവഗൂഢമായ സമുദ്രത്തിനുൾഭാഗം പോലെ, അതിവിദൂരമാം ആകാശേതരതലങ്ങളിലൂടെ തിളങ്ങിയോടുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ ഡിസ്കവറിയും, ക്യൂരിയോസിറ്റിയും, മംഗൾയാനും അറിയാനാഗ്രഹിക്കുന്ന ഗ്രഹങ്ങളുടെ, തമോഗർത്തങ്ങളുടെ താരാപഥത്തിലേയ്ക്കുള്ള യാത്ര പോലെ കഥാകാരൻ മനുഷ്യമനസ്സിലേയ്ക്കൊരു മഹായാത്ര ചെയ്യുന്നു ഒരു പകൽ രാത്രിയിൽ. ഒരു നേരം കൊല്ലി കിറ്റി പാർട്ടിയിൽ നിന്നും മനുഷ്യമനസ്സെന്ന നിഗൂഢതയുടെ ഒളിയിടങ്ങളിലേയ്ക്ക് സൂക്ഷ്മദർശിനിയിലെന്ന  നോക്കിക്കണ്ടെഴുതിയ ധൈര്യത്തെ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. ഉപരിസമൂഹത്തിന്റെ പുറം കാഴ്ച്ചകൾക്കപ്പുറം മറഞ്ഞിരിക്കുന്ന ചില നിമിഷങ്ങളുടെ ജീവചരിത്രം ഒരു പകൽ രാത്രിയിലൂടെ മിസ്റ്റിക് ഹൈറ്റിലൂടെ രമേഷ് വായനക്കാർക്കായി അതിഭാവുകത്വമില്ലാതെ എഴുതിചേർത്തിരിക്കുന്നു. നന്മയുടെ പ്രതീകങ്ങളായ മഹാജീവിതങ്ങളെക്കാൾ രമേഷിന്റെ നിറക്കൂട്ടുകൾ തേടുന്നത് അപൂർണ്ണമനുഷ്യരെയാണ്.  പൂർണ്ണതയിൽ നിന്നപൂർണ്ണതയിലേയ്ക്കും തിരിച്ചുമുള്ള അകലത്തിനിടങ്ങളിൽ  നിന്നും മിസ്റ്റിക് ഹൈറ്റിലെ ജീവിതങ്ങളെ രമേഷ് വായനക്കാരിലേയ്ക്ക് പകർന്നിടുന്നത് ദയാരഹിതമായ, അഭിനന്ദനീയമായ സത്യസന്ധതയോടെയാണ്.

രമേഷിന്റെ നാലാമത്തെ കഥയായ രതിമൂർച്ഛ അവ്യക്തമായ വ്യക്തതയുമായ് സമാഹാരത്തിനിടയിലെ ഒരു പേജപഹരിക്കുന്നു. കഥാകാരന്റെ സ്വാതന്ത്യത്തോടുള്ള ബഹുമാനത്തോടുകൂടിത്തന്നെ, രമേഷിന്റെ ഭാവനാതലങ്ങളിലുരുത്തിരിഞ്ഞ ഈ സൃഷ്ടി അത്ര ആകർഷണീയമായി തോന്നിയില്ലെന്ന് പറയേണ്ടി വരുന്നു..

‘പട്ടുസാരി’യിൽ നിന്നിറ്റുവീഴുന്നത് കണ്ണുനീർത്തുള്ളികളെക്കാളേറെ ഹൃദയരക്തമാണ്. കണ്ണുനീർഗ്രന്ഥികൾ ലാക്രിമൽ ഫോസയിൽ നിന്നടർന്ന് ഹൃദയരക്തത്തിൽ നനഞ്ഞു കുതിരുന്നു. പട്ടുനൂലിഴകളിൽ പെൺനോവ് ചേർത്ത്  നെയ്തൊരുക്കിയ പട്ടുസാരി എന്ന കഥ വായിച്ചുതീരുമ്പോൾ നിക്കരാഗ്വൻ അഗ്നിപർവ്വതങ്ങൾ വിസ്ഫോടനത്തിന്റെ ചൂടുനീർ മനസ്സിലേയ്ക്ക് കോരിയൊഴിക്കും. രമേഷിന്റെ കഥകളുടെ പ്രത്യേകതയും അതു തന്നെയാണ് എന്ന് ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു.

സ്ത്രീ ശാക്തീകരണസംവാദങ്ങളും, പാർലമെന്റ് വച്ചുനീട്ടുന്ന സംവരണവെണ്ണപ്പാത്രങ്ങളും, ചോക്ലേറ്റ് മധുരവും, പനിനീർപ്പൂവുകളും ഇരുകൈയിലും തുള്ളിത്തുളുമ്പി ഭൂമിയിലേയ്ക്ക് വീഴുന്ന ശബ്ദം കടലിരമ്പം പോലെ കർണ്ണപുടങ്ങളെ ഉലയ്ക്കുന്നു.  പുലർകാലങ്ങളിൽ ഹിമകണങ്ങളിറ്റുവീഴും ഇലത്തളിരുകളിൽ ഗ്രാമം ഉണരും പോലൊരു ലോകത്തിന് സമാന്തരമായി മുറിവുണങ്ങാത്ത ഹൃദയങ്ങളെ വേട്ടയാടിപ്പിടിയ്ക്കും അതീവഭയാനകമായ ഒരു ലോകം കൂടിയുണ്ടെന്നുള്ള അറിവ് എത്ര ശരിയാണ് എന്ന സത്യവാങ്മൂലം പട്ടുസാരിയിലെ ഒരോ കസവു നൂലിഴകളും നെയ്തുണ്ടാക്കുന്നത് ഹൃദയവേദനയോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല . ഖാലിദ് ഹുസൈനിയുടെ ‘എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ്’ എന്ന നോവലിലെ മറിയം, ലൈല എന്ന രണ്ട് സ്ത്രീകഥാപത്രങ്ങൾ  ദിവസങ്ങളോളം  മനസ്സിലേറ്റിയ അതേ നോവ് പട്ടുസാരിയിയിലൂടെ  പട്ടുനൂൽപ്പുഴുസ്ത്രീകൾ ഹൃദയത്തിലേയ്ക്ക് പകർന്നിടുന്നു. പട്ടുസാരി എന്ന കഥ അന്തരാത്മാവിൽ ദു:ഖകണങ്ങളുടെ പേമാരിയുതിർക്കുന്നു. മനുഷ്യത്വത്തിന്റെ മുഖമുദ്രയിലെ കൃഷ്ണപക്ഷമിത് എന്ന്  പറയും രമേഷിനെ അഭിനന്ദിക്കുന്നു..

പനിനീർപ്പുവ് എന്ന ആറാമെത്തെ കഥ മനുഷ്യന്റെ ആറാമിന്ദ്രിയത്തിന്റെ വാതായനങ്ങൾ മെല്ലെ തുറക്കുന്നു. ഈ കഥയിലും സ്വതസിദ്ധമായ സത്യസന്ധത രമേഷ് കൈവിടുന്നില്ല. പനിനീർപ്പൂവ് പോലൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായ് ഒരു ഗാർഡനർ പെൺകുട്ടി തിരഞ്ഞെടുക്കുന്ന വഴികളുടെ സൂക്ഷ്മമായ ചിത്രീകരണം കൗതുകകരമായ ഒരു പുതുവഴിയായി അനുഭവപ്പെടുന്നു. മനുഷ്യന്റെ ഉള്ളറകളിലെ അതിയാശകളെ മികവുറ്റ കൈയടക്കത്തോടെ രമേഷ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.

സാനിട്ടൈസർ എന്ന ചെറിയ കഥയിലൂടെ ജനറേഷൻ ഗാപ് എന്ന തലമുറകളുടെ  അതിബൃഹത്തായ വിടവ് രമേഷ് ചിത്രീകരിയ്ക്കുന്നു. പഴയ തലമുറയ്ക്ക്  മനസ്സിലാവാത്ത പുതുമയും, പുത്തൻ യുഗത്തിനു മനസ്സിലാവാത്ത പഴമയും സാനിട്ടൈസറിന്റെ സുഗന്ധമുള്ള നീർക്കണങ്ങളിലൂടെ നമ്മെത്തേടിയെത്തുന്നു. അമ്ലങ്ങളുടെ തീക്ഷ്ണതയറിയാതിരിക്കാൻ പതയുന്ന നീർക്കുമിളകളും, പെർഫ്യൂം സുഗന്ധവും തലമുറകളുടെ താരതമ്യപഠനവുമായി സാനിട്ടൈസർ അവസാനിക്കുന്നു..

സ്കൂട്ടറും, ബൈക്കും പിന്നെ സമാധാനവും എന്ന അവസാനത്തെ കഥയിൽ രമേഷിന്റെ നർമ്മബോധം തിളങ്ങിനിൽക്കുന്നു.. സാധാരണമനുഷ്യന്റെ ജീവിതാവശ്യകത ഒരു ബൈക്കിലും, സ്കൂട്ടറിലും, വിവാഹാലോചനയിലും വിവാഹത്തിലുമായി രസകരമായി എഴുതിച്ചേർത്തിരിക്കുന്നു. ചെറിയ സംഭവങ്ങൾ ബ്രഹ്മാണ്ഡകടാഹമുടയ്ക്കും പോലെ പെരുപ്പിച്ചാഹ്ലാദിക്കുന്ന സമൂഹത്തിൽ ലാളിത്യമാർന്ന ഈ കഥ മനസ്സിൽ ലാഘവത്വം നിറയ്ക്കുന്നു. ജീവിതമെന്നാൽ ഇതൊക്കെ തന്നെ ' ഓർത്താൽ ജീവിതമൊരു ചെറിയകാര്യം' എന്ന പോലെ ഈ കഥ അവസാനിയ്ക്കുന്നു.  ഇതിലെ നർമ്മവും, മനുഷ്യരും  ആകർഷണീയമാണ്. നന്മയുടെയും, സ്നേഹത്തിന്റെയും തണലായി ഒരു സ്കൂട്ടറും, വൈകാരിക പ്രശ്നങ്ങളുടെ വിശുദ്ധ ദൗത്യമായി ഒരു ബൈക്കും എങ്ങും സമാധാനം നൽകുന്ന വീഥിയിലൂടെ ഒഴുകി നടന്നു എന്നെഴുതി രമേഷ് എട്ട് കഥകളുള്ള കഥാസമാഹാരം അവസാനിപ്പിക്കുന്നു.

രമേഷ് മേനോന്റെ  ‘ബോൺസായി’ എന്ന കഥാസമാഹാരം വളരെ നല്ല വായനാനുഭം നൽകുന്ന കൃതിയാണ്. ഇതിലെ ബോൺസായി എന്ന കൃതി പ്രത്യേകിച്ചും സ്ത്രീകളെ ആകർഷിക്കും. ബോൺസായിയായി വീടിനുള്ളിൽ ആകർഷകമായ മൺപൂപ്പാത്രത്തിൽ സ്വയമേയറിയാതെ ചുരുങ്ങിപ്പോകുന്ന സ്ത്രീമനസ്സുകൾ ബോൺസായിയിൽ നിന്നും ആൽമരം പോലെ മുന്നിൽ വളരുന്നു. ഒരു പകൽ രാത്രിയിലും, പട്ടുസാരിയിലും ജീവിതത്തിന്റെ യാഥാർഥ്യത്തെ പേനത്തുമ്പിലെ മഷിക്കൂട്ടിൽ നിന്നും ആത്മാർഥതയോടെ രമേഷ് വായനക്കാർക്കായി ലാളിത്യമാർന്ന ഭാഷയിൽ രേഖപ്പെടുത്തുന്നു. പ്രതീകങ്ങളും, പ്രമേയങ്ങളും എഴുതിത്തെളിഞ്ഞ എഴുത്തുകാരെപ്പോലെ രമേഷ് കൈയിലേറ്റിയിരിക്കുന്നു.

ചിത്രപ്പണികളുള്ള ചെറിയ അലങ്കാരപ്പാത്രത്തിൽ നിന്നും ബോൺസായി   ആകാശത്തിലേയ്ക്കുയരും മഹാവൃക്ഷമായി വളരുന്നതെങ്ങെനെയെന്ന് അക്ഷരസാക്ഷ്യത്തിലൂടെ കാണിച്ചു തന്ന രമേഷിന്റെ ബോൺസായിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. അക്ഷരലോകത്ത്  ഈ ബോൺസായി എന്ന ചെറുകഥാസമാഹാരം സൂര്യപ്രകാശവും, മഴത്തുള്ളികളും നുകർന്ന് വായനക്കാരന്റെ മനസ്സിലും മഹാവൃക്ഷമായി പടർന്നുപന്തലിക്കട്ടെ എന്ന് ഒരിയ്ക്കൽ കൂടി ആശംസിക്കുന്നു.

സ്നേഹാശംസകളോടെ
രമാ പ്രസന്ന പിഷാരടി
ബാംഗ്ലൂർNo comments:

Post a Comment